കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് വഴികാട്ടി: രാഷ്ട്രപതി

95
0

. ……
കാസര്‍കോട് > സാക്ഷരതയിലും വിദ്യാഭ്യാസത്തിലും കേരളം രാജ്യത്തെ ഇതര സംസ്ഥാനങ്ങള്‍ക്ക് വഴികാട്ടിയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ഉയര്‍ന്ന വിദ്യഭ്യാസമാണ് കേരളത്തെ നിരവധി മേഖലകളില്‍ മികവിലേക്ക് ഉയര്‍ത്തുന്നത്. ഇത് വിവിധ മേഖലകളിലെ സൂചകങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കേരള കേന്ദ്ര സര്‍വകലാശാലിലെ പെരിയ ക്യാമ്പസില്‍ അഞ്ചാമത് ബിരുദദാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനത്തിലും വിദ്യഭ്യാസത്തിലും മുന്നേറുന്ന സംസ്ഥാനമാണ് കേരളം. യുനെസ്‌കോവിന്റെ ആഗോള പഠന ശൃംഖലയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്ത രാജ്യത്തെ മൂന്ന് നഗരങ്ങളില്‍ രണ്ടെണ്ണം കേരളത്തിലാണ്. തൃശൂരും നിലമ്പൂരുമാണ് ഈ നഗരങ്ങള്‍. ഇതുവഴി സുസ്ഥിര വികസനത്തിന് പിന്തുണ ലഭിക്കും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കും. ഇത് പഠനപ്രക്രീയക്കുള്ള ആജീവനാന്ത അവസരമൊരുക്കും.
സ്ത്രീ പുരുഷ തുല്യതയില്‍ മാത്രമല്ല സ്ത്രീ ശാക്തീകരണത്തിലും കേരളം മുന്നിലാണ്. ബിരുദം നേടിയവരില്‍ ആണ്‍കുട്ടികളുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ് പെണ്‍കുട്ടികള്‍. 64 ശതമാനവും പെണ്‍കുട്ടികളാണ് സര്‍വകലാശാലയിലുള്ളത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ വിജ്ഞാന നൂറ്റാണ്ട് എന്നാണ് വിശേഷിപ്പിക്കുന്നത്. അറിവ് ആഗോള സമൂഹത്തില്‍ ഒരു രാജ്യത്തിന്റെ സ്ഥാനം നിര്‍ണയിക്കും. ശ്രീനാരായണഗുരു എന്നും വിദ്യയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന അദ്ദേഹത്തിന്റെ വരികള്‍ എന്നും പ്രചോദനമാണ്. വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിതയിലെ വരികള്‍ ചൊല്ലി രാഷ്ട്രപതി കേരളത്തിന്റെ നേട്ടങ്ങളെ പ്രകീര്‍ത്തിച്ചു. സാക്ഷരതാ മുന്നേറ്റത്തിന് പി എന്‍ പണിക്കര്‍ വഹിച്ച പങ്കിനെയും രാഷ്ട്രപതി പ്രകീര്‍ത്തിച്ചു.