സുലേഖ കുറുപ്പ്
ഒരു സാമ്പത്തിക വിദഗ്ധനല്ല… പുസ്തക വിജ്ഞാനത്തെക്കാള്‍ അനുഭവജ്ഞാനത്തിന്റെ വിലകല്പിക്കുന്ന ഒരു സാധാരണ മനുഷ്യന്‍” എന്നു പറഞ്ഞുകൊണ്ട് തന്റെ കാഴ്ചപ്പാടിലൂടെ സാധാരണ മനുഷ്യരുടെ ജീവിതപ്രശ്‌നങ്ങള്‍ക്ക്, സാമ്പത്തിക വളര്‍ച്ചയ്ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കെ.കെ.നായര്‍ എന്ന Ex.M.L.A യുടെ ”പാവപ്പെട്ടവന്റെ നീതിശാസ്ത്രം” എന്ന പുസ്തകം സാമൂഹ്യവ്യവസ്ഥിതിയിലെ ഉച്ചനീചത്വങ്ങളെ എങ്ങിനെ നേരിടണം എന്ന് വായനക്കാരെ ചിന്തിപ്പിക്കുവാന്‍ പര്യാപ്തമാണ്.
സ്വാതന്ത്ര്യം നേടിയ ഭാരതം, ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവയിലുള്ള നമ്മുടെ പ്രതീക്ഷകളെ തകിടംമറിച്ചു എന്ന ദുഃഖം അദ്ദേഹത്തിന്റെ മനസ്സില്‍ ആഴത്തില്‍ മുറിവുണ്ടാക്കി. മനുഷ്യരെ വീണ്ടും വീണ്ടും കടക്കെണിയിലാക്കി ആത്മഹത്യക്കു പ്രേരിപ്പിക്കുന്ന ലോണുകളും, സൗജന്യം നല്‍കലും മറ്റുംകൊണ്ട് ജോലിയും വരുമാനവുമില്ലാത്ത ദാരിദ്ര്യരേഖക്കു താഴെയുള്ളവര്‍ ഒരിക്കലും സാമ്പത്തികമായി ഉയര്‍ന്നു വരില്ല എന്ന് അദ്ദേഹം കണ്ടെത്തി.
പണ്ട് കര്‍ഷകരാജ്യമായിരുന്ന ഭാരതം അക്കാലത്തെ ജീവിതരീതികള്‍, കൂലികള്‍ എന്നിവയില്‍ നിന്നും മാറിക്കൊണ്ടിരിക്കുകയും വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ കര്‍ഷകന് സ്വന്തം പാടം കൃഷി ചെയ്യുവാനുള്ള ധനസ്ഥിതി നഷ്ടമാവുകയാണ്. അവന്‍ വീണ്ടും വീണ്ടും കടക്കെണിയില്‍ പെട്ടു നിരാലംബനായി മരണത്തെ പുല്‍കുന്നു. ഈ സ്ഥിതി കാര്‍ഷികരംഗത്തും വ്യവസായിക രംഗത്തും വളര്‍ന്നുവരുമ്പോള്‍ അത് സര്‍ക്കാരിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കുവാന്‍ കെ.കെ.നായര്‍ സര്‍ മടിക്കുന്നില്ല.
നമ്മള്‍ എല്ലാവരും തൊഴിലില്ലായ്മ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കു മാത്രം എന്ന് വ്യാഖ്യാനിക്കുന്നു അത് വിദ്യാഭ്യാസം ഇല്ലാത്ത പാവങ്ങളുടെ തൊഴിലില്ലായ്മയെ പരാമര്‍ശിക്കുന്നില്ല എന്നും അദ്ദേഹം പറയുമ്പോള്‍ നാം ഒന്നാലോചിച്ചു പോകും. എത്ര ശരിയാണതെന്ന്.
ജനങ്ങളില്‍ ഭൂരിഭാഗവും അലസജീവിതം നയിക്കുന്നത് രാജ്യത്തിന്റെ വളര്‍ച്ചയെ എങ്ങനെ ബാധിക്കുന്നു എന്നദ്ദേഹം പഠിപ്പിക്കുന്നു. തൊഴിലില്ലാത്തവരെ സംഘടിപ്പിച്ച് ചില മിടുക്കന്മാരുടെ നേതൃത്വത്തില്‍ സമൂഹത്തിനാവശ്യമായ തൊഴിലുകള്‍ ചെയ്യിക്കണം. അത് റോഡു നന്നാക്കാനാണെങ്കിലും മരാമത്തു പണികള്‍ ചെയ്യാനാണെങ്കിലും കാര്‍ഷിക പണികള്‍ക്കാണെങ്കിലും, കച്ചവടാവശ്യങ്ങള്‍ക്കാണെങ്കിലും സാരമില്ല, മാസത്തില്‍ 25 ദിവസങ്ങള്‍ എങ്കിലും ഓരോരുത്തര്‍ക്കും നിശ്ചയിക്കുന്ന കൂലിയോടെ തൊഴിലുകള്‍ ലഭ്യമാക്കണം. അതിന് ഓരോ സംഘനേതൃത്വത്തിനും കഴിയണം. ഇത് ദാരിദ്ര്യരേഖയില്‍ നിന്ന് പലരേയും ഉയര്‍ത്തുവാന്‍ സഹായിക്കുമെന്നും മറ്റും അദ്ദേഹം കണ്ടെത്തി.
2007-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ പല ആശയങ്ങളും ഇന്ന് സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പ്രാവര്‍ത്തികമാണെന്ന് നമുക്കറിയാം. അല്പസ്വല്പ വ്യത്യാസങ്ങളോടെ അവ പ്രവര്‍ത്തന വിജയത്തിലേക്കു വരുമ്പോള്‍ നമ്മുടെ സമൂഹം അതിന് വേണ്ടത്ര പ്രാധാന്യവും, ആത്മാര്‍ത്ഥയും നല്കുന്നില്ല. കെ.കെ.നായര്‍സര്‍ ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ശമ്പളക്കണക്കുകളും മറ്റും 11 വര്‍ഷങ്ങള്‍കൊണ്ട് പ്രതീക്ഷിക്കാത്ത തരത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എങ്കിലും ഇന്ന് അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് നാടിന്റെ ക്രയശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു എന്നത് സത്യമാണ്.
ഒരു ഇക്കണോമിസ്റ്റ് പറഞ്ഞാല്‍പ്പോലും സ്വിച്ചിട്ടു പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുന്നതല്ല സമൂഹമനസ്ഥിതി. അതിന് ബോധനവും താല്പര്യവും ഒക്കെ ആവശ്യമാണ്. എല്ലാവരും ശുഷ്‌ക്കാന്തിയോടെ കര്‍മ്മം ചെയ്യുകയാണെങ്കില്‍, ധാര്‍മ്മികത കാത്തുസൂക്ഷിക്കുകയാണെങ്കില്‍ നമ്മുടെ ഇടയിലെ ഉച്ചനീചത്വങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാം എന്നു പറയുന്ന കെ.കെ. നായര്‍ ജാതിവ്യത്യാസങ്ങള്‍ പാടേ എരിച്ചുകളയണമെന്നും ധനമില്ലാത്തവരെ സഹായിക്കണമെന്നും താല്പര്യപ്പെടുന്നു.
ലോവര്‍ക്ലാസ്, മിഡില്‍ ക്ലാസ്, അപ്പര്‍ ക്ലാസ്സ് എന്ന് വരുമാനത്തിന്റെയും, സമ്പത്തിന്റെയും പേരില്‍ ജനങ്ങളെ തരംതിരിച്ച് എക്കണോമിക് ഐഡന്റിറ്റി കാര്‍ഡു നല്‍കണം. ലോവര്‍ ക്ലാസുകാര്‍ക്ക് സാമ്പത്തിക സഹായത്തോടെ റിസര്‍വേഷന്‍ നല്കി സമൂഹത്തിലെ ഓരോരുത്തര്‍ക്കും നീതിയുറപ്പാക്കണമെന്നതാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
ഓരോരുത്തരുടെയും ആചാരവിശ്വാസങ്ങള്‍ സംരക്ഷിക്കണം. എന്തിനാണ് ഈ സംഘര്‍ഷങ്ങള്‍ എന്ന് ചോദിക്കുന്ന അദ്ദേഹത്തിന്റെ നീണ്ട മിഴികള്‍ ഇന്ന് നാം അനുഭവിക്കുന്ന സംഘര്‍ഷങ്ങളെ ദീര്‍ഘവീക്ഷണം ചെയ്തിരിക്കാം. നാടുനീളെ ഭിക്ഷയാചിച്ച് കുഞ്ഞുങ്ങളെയും മറ്റും പിടിച്ചുകൊണ്ടു പോകുന്ന ഭിക്ഷക്കാരെയും അവരെക്കൊണ്ട് ജീവിക്കുന്ന മാഫിയാകളെയും അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തുന്നു. ഭരണംകൊണ്ട് ഇത്തരത്തിലുള്ളവരെ നിയന്ത്രിക്കാന്‍ ശ്രമിക്കണം. ഇതൊക്കെ നിസ്സാരമാക്കരുത്. എന്നൊക്കെ പറയുമ്പോള്‍ നാടിന്റെ മാനംകളഞ്ഞുകുളിക്കരുത് എന്ന ധ്വനി. വ്യഭിചാരം, മോഷണം, മദ്യാപനം, കവര്‍ച്ച എന്നിവയെ ശത്രുവെത്തുരത്തും പോലെ തുരുത്തുവാനാണദ്ദേഹം ആവശ്യപ്പെടുന്നത്.
പെന്‍ഷന്‍ എങ്ങനെ വേണമെന്ന്, ആരോഗ്യവും വിദ്യാഭ്യാസവും ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത, ആശുപത്രി സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കേണ്ടതെങ്ങനെ, കൈക്കൂലിയില്‍ നിന്നും ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കേണ്ടത്, ഓരോ സ്ഥാപനങ്ങളും പരിഷ്‌ക്കരിക്കേണ്ടതിന്റെ ആവശ്യം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ട ആവശ്യങ്ങളും, നിയമത്തില്‍ വരുത്തേണ്ട മാറ്റങ്ങളും, ഭരണച്ചിലവു കുറയ്ക്കല്‍, വരുമാനമാര്‍ഗ്ഗം വിപൂലീകരിക്കല്‍, അത് ജനങ്ങളെ കൂടുതല്‍ ഉപദ്രവിക്കാതെ എങ്ങനെ ചെയ്യാം, വിദ്യാഭ്യാസമുള്ളവരെക്കൊണ്ടു ജോലികള്‍ ചെയ്യിക്കേണ്ടതിന്റെ ആവശ്യം (അവരുടെ അലസതമാറ്റല്‍), ജോലി സമയം നിശ്ചയിക്കല്‍ ഇങ്ങനെ ധാരാളം കാര്യങ്ങള്‍ ഒരു രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെ ലക്ഷമാക്കി സര്‍ക്കാരിനും, മറ്റുള്ളവര്‍ക്കും ചെയ്യാന്‍ കഴിയുന്നത് പ്രായോഗികമാക്കണമെന്ന് അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി നല്ലതാണ്. അദ്ദേഹം പറയുന്നതുപോലെ അതേപടി അനുകരിക്കുവാന്‍ ധാരാളം തടസ്സങ്ങള്‍ ഉണ്ടാകാം എന്നത് ശരിയാണ്. എന്നാലും പാവപ്പെട്ടവനെ അവന്‍ ഏതു ജാതിമതസ്ഥനായാലും എന്നും പാവപ്പെട്ടവന്‍ ആയിത്തന്നെ ഇരിക്കാതെ അവന്റെ ക്രയശേഷി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരും മറ്റുള്ളവരും പ്രവര്‍ത്തിക്കണം എന്ന് ജീവിതം കണ്ടുപഠിച്ച അനുഭവങ്ങളില്‍ നിന്നും അദ്ദേഹം ഉരുവിടുന്നു.
ഏതെങ്കിലും സഹായസഹകരണങ്ങളോ, നിയമസഹായമോ പാവപ്പെട്ടവന്റെ ദുഃഖം മാറ്റണം എന്നില്ല. അവന്റെ ദുഃഖം അറിയണമെങ്കില്‍ അവന്റെ ജീവിതചുറ്റുപാടില്‍ ജീവിക്കുന്നവനായിരിക്കണം പരിഹാരനിര്‍ദ്ദേശകന്‍ എന്നദ്ദേഹം പറയുമ്പോള്‍ ചിലപ്പോള്‍ നാം ചിരിച്ചേക്കാം. പക്ഷേ ആ വലിയ മനുഷ്യന്റെ നന്മ നിറഞ്ഞ മനുഷ്യസ്‌നേഹത്തിനു മുന്നില്‍ ആദരവോടെ അറിവുള്ളവര്‍ തലകുനിച്ചേക്കാം. വി.ആര്‍.കൃഷ്ണയ്യര്‍ സാറും, സുകുമാര്‍ അഴീക്കോടുസാറും ആ മനസ്സിന്റെ ധന്യതക്കു മുന്നില്‍ അവതാരിക നിര്‍ത്തിയത് തന്നെ അതിനുദാഹരണമാണ്.