കാറ്റ് പറഞ്ഞ കഥ /അദ്ധ്യായം 3

777
0

നാം ഒരു കാറ്റയയ്ക്കുകയും തന്നിമിത്തം അവരുടെ കൃഷിയുണങ്ങി മഞ്ഞ നിറം പൂണ്ടതായി അവര്‍ കാണുകയും ചെയ്താല്‍, അതിനുശേഷവും, അവര്‍ നന്ദികേടു കാട്ടുന്നവരായി തീരുന്നതാണ്.

നാഴ്യരി വേണം…..
ദെവ്‌സം മുഴോനും, ഒന്നും കഴ്ക്കാത്ത, രണ്ടൂന്ന് വയ്‌റോള്…..
മൂന്നല്ല. രണ്ട് വയ്‌റോള്…..
യെനാര്‍ത്തനന്‍ ഒന്നും കഴ്ചില്ലേലും മൂക്കറ്റം കേറ്റീട്ടൊണ്ട്ാകും……
ഒരു വയ്‌സിത്തള്ളയ്ക്ക് എത്ര നേരം പ്ടിച്ചു നിക്ക്ക്കാനാകും……..
വ്ള്ളം കുട്ച്ചാ വെശപ്പ് കെട്വോ……
അല്ലെപ്പോട്ടെ ഇന്നോ നാളെന്നോ നോക്കിയിരിക്ക്ണ ഒരു മുത്തിത്തള്ളെടെ കാര്യം…..
പച്ചേങ്കിലെന്റെ ചുന്ത…….
അത്‌ന്നൊര് വറ്റ് കണ്ട്ട്ടിട്ട്‌ല്ലേ…….
അത് ആശൂത്രിപോണവഴി വട്ടം ചുറ്റി വല്ലോട്ത്തും…….
അതോര്‍ത്തപ്പോള്‍, ലക്ഷമി അമ്മയുടെ തലയില്‍ ഒരു പെരുപ്പുകേറി.
വേണം. നാഴ്യരി വേണം. എവ്‌ടെന്നേങ്ക്‌ലും നാഴ്യരി വേണം.
അത്തം ചിത്തിര ചോതി
അച്ഛന്‍ കെട്ടിയ വേലി
അമ്മ പൊളിച്ചിട്ടരി വച്ചു
അരി വയ്ക്കാന്‍ അരിയെവിടെ

അരി തേട്ണം. നാഴ്യരി തേട്ണം.
അയല്‍വക്കത്തുള്ള മൂന്നു നാലു വീടുകള്‍ കയറിയിറങ്ങി, വഴിയരികില്‍ എത്തിയ ലക്ഷമിയമ്മ, പത്തടിപ്പാട്ട് പാടി, അരി കിട്ടാത്തതിന്റെ വ്യസനം മറക്കാന്‍ ശ്രമിച്ചു.
അരിയില്ല ലക്ഷമിയമ്മേ. ചക്കയിട്ടതിരിപ്പുണ്ട്. വേണേ ഒരെണ്ണം കൊണ്ടുപൊയ്‌ക്കോ.
”എന്ക്ക് ചക്ക്‌യായാലും മതി. അതു വെട്ടി, ചുള്‌യെട്ത്ത്, വേവ്ച്ചാല്‍…. മൊളകര്ച്ച് വേവ്ക്യാന്‍ മൊളക് വേണ്ടേ…. പച്ചേങ്കില് പനി പിടിച്ച് കെട്ക്കണ ചുനിതയ്ക്ക്ത് കൊട്ക്കാന്‍ പറ്റില്യല്ലോ.

ലക്ഷ്മിയമ്മ റോഡില്‍ നിന്നിട്ട്, ദിക്ക് തിരിഞ്ഞ്, വടക്കുപടിഞ്ഞാറേ ദിക്കിലേക്ക് നോക്കി ചങ്കുപൊട്ടി വിളിച്ചു.
”ന്റെ കത്ത്‌നാരേ”.
അത്യാവശ്യ നേരത്ത് ലക്ഷ്മിയമ്മയുടെ നാവില്‍ വിരിയുന്ന ഒരു വാക്കായിരുന്നു അത്. ആവശ്യ നേരത്ത് ”കട്മറ്റ്ത്തു കത്ത്‌നാരേ” എന്നു വിളിക്കുന്ന ലക്ഷ്മിയമ്മ, അത്യത്യാവശ്യ നേരത്ത് കത്ത്‌നാരേ എന്നു ചുരുക്കി വിളിക്കുമായിരുന്നു. അതു വിളിക്കുമ്പോള്‍ ലക്ഷ്മിയമ്മയുടെ മനസ്സില്‍ കൃഷ്ണ-കുചേല സൗഹൃദമായിരുന്നു. നീ ക്ഷ്ണന്‍ ഞാ കുച്‌ലന്‍. നീ വല്യ മാന്ത്‌റികന്‍ ഞാന്‍ ചെറ്യ മാന്തറിക. കവ്ടികളുടെ മാന്തറിക. നിന്നെ ഞാ വിളിച്ചാ നീയെന്നെ തള്ള്‌യേല്ലെന്ന് എന്ക്കറ്‌യാം. അതോണ്ടാണ് ഞാ നിന്നെ കത്ത്‌നാരേ ന്നു വിളിക്കണത്. ”ന്റെ കത്ത്‌നാരെ എന്ക്ക് നാഴ്യരി വേണം. ന്റെ ചുന്തപ്പെണ്ണിനാ”. പിന്നെ അതിന്റെ കൂട്ടത്തില്‍ ചേര്‍ത്തുപറഞ്ഞു. ”ഈ വര്‌ഷോം ഞാ നിന്നെ കട്മറ്റ്ത്ത് വന്ന് കണ്ടോളാം”.
പിന്നെ ആരോ പിടിച്ചു നടത്തിയതു പോലെ ലക്ഷ്മിയമ്മ മുന്നോട്ടു നടന്നു.

ചെന്നെത്തിയത,് അതോ ചെന്നെത്തിച്ചതോ സ്വാമിയുടെ പലവ്യജ്ഞനക്കടയുടെ മുന്നിലായിരുന്നു. ലക്ഷ്മിയമ്മയ്ക്കു പോലും അത് അത്ഭുതമായിരുന്നു. എത്ര പകലുകളും രാത്രികളും പട്ടിണി കിടന്നിരുന്നു. പക്ഷേ, ഒരിക്കല്‍ പോലും സ്വാമിയോട് കടം ചോദിച്ചിട്ടില്ല. സ്വാമിയോടാരും കടം ചോദിക്കാറുമില്ല. സ്വാമിയുടെ വായിലിരിക്കുന്ന സരസ്വതി കേള്‍ക്കാന്‍ ധൈര്യമുള്ളവര്‍ ആരും തന്നെ പരീക്കപ്പീടി്കയില്‍ ഉണ്ടായിരുന്നില്ല.
”എന്ത്ാണേലും വര്‌ട്ടെ” എന്നു പറഞ്ഞ് ലക്ഷ്മിയമ്മ ”ന്റെ കത്ത്‌നാരെ” എന്നു വിളിച്ച് സ്വാമിയുടെ കടയിലേക്ക് കയറി.
നീട്ടിപ്പിടിച്ച മടിത്തുമ്പിലേക്ക് അരി ചൊരിയുമ്പോള്‍ സ്വാമിയുടെ പതിവുള്ള ഇരുണ്ട മുഖത്ത് ഒരു ചെറു ചിരിയുണ്ടായിരുന്നു.

അരിയുമായി തിരിഞ്ഞു നടക്കുമ്പോള്‍ ലക്ഷ്മിയമ്മയുടെ മനസ്സ് വല്ലാതെ ധൃതികൂട്ടി. ”വേഗം നട്ക്ക്. വ്ഗന്ന് വീട്ത്തണം”. ആ ധൃതി അരിവച്ച് സുനിതയ്ക്ക് കഞ്ഞികൊടുക്കാനായിരുന്നില്ല. ഒരുള്‍ വിളി. വേഗം വീടെത്തണം. കവടികളുടെ ചിലമ്പിച്ച സ്വരമായിരുന്നത്. ”വേഗം വാ” നേര്‍ത്ത കാറ്റിലൂടെ, തീഷ്ണമായി വരുന്ന കവടികളുടെ വിളി.
ലക്ഷ്മിയമ്മ നടക്കുന്നതിനിടയില്‍ ചുറ്റും നോക്കി:
അപശകുനങ്ങള്‍……. എന്തെങ്കിലും.
ഒന്നും കാണുന്നില്ലല്ലോ.
പിന്നെന്ത്യേ….
ലക്ഷ്മിയമ്മയുടെ ചിന്തകള്‍ ചെന്നെത്തിയത് സുനിതയിലായിരുന്നു. ”ഓ! ചുന്ത……….പനി…..ജാസ് ഡാക്കിട്ടറ്”.
പിന്നെ ലക്ഷ്മിയമ്മുടെ ലോകം അവള്‍ക്കു ചുറ്റുമായി.
ചുന്ത…… അവള്‍ക്ക്…..
എന്നു പറഞ്ഞ് ലക്ഷ്മിയമ്മ ധൃതിയില്‍ വീട്ടിലേക്ക് നടന്നു.

സുനിത അപ്പോള്‍ ജോസ് ഡോക്ടറുടെ ചെറുപുഷ്പം ഹോസ്പിറ്റലിലായിരുന്നു. ഹോസ്പിറ്റലിന്റെ കവാടം വരെ കാറ്റ് ഒരു മുത്തുക്കുടയായി അവര്‍ക്കു മേലെ പോയിരുന്നു. ”ആവോലിയുടെ ആകാശത്ത് മഴക്കാര്‍ ഉരുണ്ടുകൂടുന്നുണ്ട്. അവിടെ ഇത്തിരി പണിയുണ്ട്” എന്ന് പറഞ്ഞ് കാറ്റ് പിന്‍വാങ്ങി.
ആശുപത്രിയില്‍ തിരക്കുകുറഞ്ഞ ദിവസമായിരുന്നു. സുനിതയും സീതയും തൊട്ടടുത്തായി, രണ്ടു വിലകുറഞ്ഞ കസേരകളില്‍ ഇരുന്നു. അവരെക്കുടാതെ രണ്ടു മൂന്നു രോഗികളും രോഗിയല്ലാത്തസുന്ദരനായ, സുമുഖനായ മറ്റൊരാളും.
പനിപൂര്‍ണ്ണമായും വിട്ടകന്ന് സുനിത സാധാരണ താപനിലയിലെത്തിയിരുന്നു. ആലസ്യമെല്ലാം മാറി അവള്‍ പഴയ ഉന്മേഷവും പ്രസരിപ്പും വീണ്ടെടുത്തിരുന്നു. ഒരു പുതിയ ഉണര്‍വ് സിരകളിലാകെ വന്നു നിറയുന്നതുപോലെ. കാഴ്ചകള്‍ക്ക് തട്ടിത്തുകിപ്പോയ നിലാവിന്റെ ശോഭ. മേഘങ്ങളില്ലാത്ത ആകാശത്തിന്റെ വിസ്തൃതി കണ്ണുകളിലാകെ. ശരീരം പുതിയതെന്തിനോ തയ്യാറെടുക്കുന്നതു പോലെ….. ഒരു പുനര്‍ജ്ജനിയുടെ ലഹരിയില്‍ അവള്‍ കസേരയില്‍ ഒന്നിളകിയിരുന്നു. കസേരയുടെ അതിരുകളും കവിഞ്ഞ് വളരുന്നതുപോലെ വീണ്ടുമവള്‍ കസേരയില്‍ ഒന്നുലഞ്ഞിരുന്നു. അപ്പോള്‍ അവളുടെ തോളുകളില്‍ നിന്നും മാറു മറച്ചിരുന്ന ഷാള്‍ മെല്ലെ ഊര്‍ന്ന് മാറിടം അനാവൃതമായി. കഴുത്തില്‍ പറ്റെക്കെട്ടുപോലെ ഇറുകിക്കിടന്നിരുന്ന ഒരു ചരടില്‍ ഒരു രക്ഷകെട്ടിയിരുന്നത് മാറിടത്തോളമെത്തിക്കിടന്നിരുന്നു. അതിനുതാഴെ ശ്വാസോച്ഛാസം അവളുടെ മാറില്‍ ചെറു തിരകളായി തീരം തേടിപ്പൊയ്‌ക്കൊണ്ടിരുന്നു. കരിമഷിയെഴുതിയ കണ്ണ് ആരെയോ കാത്തുകിടന്നിരുന്നു. അവളുടെ ചെംചുണ്ടില്‍ ഒരു കവിത എഴുതപ്പെടാനായി വികസിച്ചു കൊണ്ടിരുന്നു. ചെറിയ നെറ്റിയിലെ വട്ടപ്പൊട്ട് കറുത്ത ആകാശത്തെ തിളങ്ങുന്ന നക്ഷത്രക്കുഞ്ഞുപോലെയായിരുന്നു. കാറ്റത്തെ ഞാങ്ങണ പോലെ കണ്‍മിഴികളുടെ ചടുലചലനം. അവളുടെ കവിളുകളില്‍ ഒരു ചെറു ചിരി ഒളിഞ്ഞു കിടന്നിരുന്നു. അവള്‍ മാലാഖമാരുടെ ഒരു പാട്ടുപോലെ നിര്‍മലമായിരുന്നു. അഗ്നികുണ്ഡത്തിലെ ശിഖരങ്ങളില്ലാത്ത ഒരു തീ ജ്വാലയായിരുന്നു. അവള്‍ മെല്ലെ കുനിഞ്ഞ സ്ഥാനം തെറ്റിയ പാദസ്വരങ്ങള്‍ കൈകൊണ്ട് മേലേയ്ക്ക് ഉയര്‍ത്തി.
അവരുടെ മുന്നിലിരുന്ന സന്ദര്‍ശകന്റെ കണ്ണുകള്‍ അവളുടെ മേല്‍ അലയുന്നത് അവള്‍ കണ്ടില്ല. അവള്‍ അറിഞ്ഞില്ല. അവള്‍ ഗ്രഹിച്ചില്ല. അയാളുടെ നോട്ടത്തിന്റെ ആഗ്നേയങ്ങളുടെ ചൂട് അവള്‍ അറിഞ്ഞില്ല. അതവളില്‍ പടര്‍ന്നില്ല. അയാളുടെ മുഖത്ത് മിന്നിമറയുന്ന രസഭേദങ്ങള്‍ അവള്‍ കണ്ടില്ല. ശ്രദ്ധിച്ചില്ല. പിന്നെ അതൊരു സാകൂതനോട്ടത്തിലും ഒരു നീണ്ട പുഞ്ചിരിയിലും എത്തി നിന്നതും അവളറിഞ്ഞില്ല. ഏതോ ഒരു വിദൂര സൂചന കിട്ടിയ സീത അവളെ തോണ്ടി പറഞ്ഞു. ഒന്നടങ്ങി ഇരിയ്‌ക്കെടീ, മുന്നിലൊരുത്തന്‍…..

അല്ലെങ്കിലും സീത അങ്ങനെയായിരുന്നു. യാത്രകളില്‍ അവള്‍ക്കു പത്തു കണ്ണും പത്തു കാതുമായിരുന്നു. അവള്‍ ഒരു കാറ്റായിരുന്നു. ദശാനന എന്നവളെ വിളിക്കാം. പ്രായത്തില്‍ പിന്നിലാണെങ്കിലും പക്വതയില്‍ സീത മുന്നിലായിരുന്നു. അതുകൊണ്ട് ലക്ഷ്മിയമ്മയ്ക്ക് സുനിതയെക്കാളിഷ്ടം സീതയോടായിരുന്നു. ”കുട്ട്യാണ്. പച്ചേ തൊയം തൂക്ഷിക്കാനറ്യാം”. അതവള്‍ക്കുള്ള ലക്ഷ്മിയമ്മയുടെ സ്വഭാവസര്‍ട്ടിഫിക്കറ്റായിരുന്നു.
സീതയുടെ വാക്കിന് സുനിതയ്ക്ക് എതിര്‍വാക്കില്ല. വീണ്ടുവിചാരങ്ങളില്ല. വിമത ശബ്ദങ്ങളില്ല. അവള്‍ ചുരിദാറിന്റെ അതിരുകള്‍ ചേര്‍ത്തു വലിച്ച്, അത് പൂര്‍വ്വസ്ഥിതിയിലാക്കിയിട്ട് ഊര്‍ന്നുപോയ ഷാള്‍ തൂത്തുകൂട്ടി പൂര്‍വ്വസ്ഥിതിയിലാക്കി,എല്ലാം ഭദ്രമെന്ന് ഉറപ്പുവരുത്തി, ദൂരക്കാഴ്ചകളിലേക്ക് കണ്ണയച്ച് ഒതുങ്ങിയിരുന്നു.

അപ്പോഴും രണ്ട് കണ്ണുകള്‍ അവള്‍ക്കു ചുറ്റും ഓടിക്കളിക്കുന്നുണ്ടായിരുന്നു. ആ കണ്ണുകളില്‍ കാമമുണ്ടായിരുന്നില്ല. പാപവും പാപചിന്തകളുമുണ്ടായിരുന്നില്ല. കീഴടക്കാനുള്ള മൃഗവാസനകളും ഉണ്ടായിരുന്നില്ല. പിന്നെ എന്തായിരുന്നു. അത് അയാള്‍ക്കും അറിയില്ലായിരുന്നു. മനസ്സുവല്ലാതെ ആര്‍ദ്രമാകുന്നതുപോലെ. ഒരു ഹിമശൈലത്തില്‍ നിന്നും മഞ്ഞുരുകി ഒരു തുള്ളി താഴേക്ക് ഒഴുകി എല്ലാം ഉരുകിയൊലിപ്പിച്ചു ഒരു മഹാസമുദ്രം ഉണ്ടാകുന്നതുപോലെ. ഒരു തുള്ളി വെള്ളത്തിനു ദാഹിച്ച വേഴാമ്പലിന് ഒരു മഹാസമുദ്രം ലഭിച്ചതുപോലെ. ഒരു പൂ ചോദിച്ച പിഞ്ചുകൈയ്യില്‍ ഒരു പൂക്കാലം കിട്ടിയതു പോലെ. ഇനി മുന്നോട്ടൊന്നും തേടാനില്ലാത്ത, നേടാനില്ലാത്ത, അറിയാനില്ലാത്ത അസന്നിഗ്ദത. സ്‌നേഹമെന്ന ഒരു സംജ്ഞയില്‍ അത് ഒതുങ്ങുമോ. എന്താണത്. അയാള്‍ക്കതറിയില്ലായിരുന്നു. പിന്നെ അടുത്ത നിമിഷം അതു നഷ്ടപ്പെട്ടു പോയാലോ എന്നൊരു വല്ലാത്ത വേദനയും, നഷ്ടബോധവും.

പക്ഷേ,
അവള്‍ക്കാ മനുഷ്യനെ ശ്രദ്ധിക്കാതിരിക്കാനായില്ല. എത്ര വേണ്ടെന്നു വച്ചിട്ടും, മനസ്സിനെ എത്ര താക്കീതു ചെയ്തിട്ടും, ആരോ പറഞ്ഞു വിടും പോലെ കണ്ണുകള, യാളില്‍ ചെന്നുപതിച്ചുകൊണ്ടിരുന്നു.
സുന്ദരനാണ്.
ഇത്തിരിപ്രായമുണ്ട്.
50-55 വയസ്സ്
കാഴ്ചയില്‍ മാന്യനാണ്
വേഷഭൂഷാദികളില്‍ ധാരാളിയാണ്.
കയ്യിലെ മൂന്നു വിരലുകളില്‍ വില കൂടിയ കല്ലുപതിച്ച മോതിരമുണ്ട്.
ഷര്‍ട്ടിന്റെ കോളറിനും കഴുത്തിനുമിടയിലെ ദൃശ്യത്തില്‍, കട്ടികൂടിയ സ്വര്‍ണ്ണമാലയുടെ ഒരു ഭാഗം തെളിഞ്ഞു കാണാം.
ഒരു വേഗക്കാഴ്ചയില്‍ അവള്‍ അയാളെ വിലയിരുത്തി.
പണക്കാരനാണ്.
പിന്നെ സ്വയം തിരുത്തിപ്പറഞ്ഞു
ഓ…! ആരായാലുമെനിക്കെന്താ.
അവളുടെ കണ്ണുകള്‍ പിന്‍വാങ്ങവേ അയാള്‍ കണ്ണുകളുയര്‍ത്തി അവളെ നോക്കി. അയാളുടെ കണ്ണുകളുടെ സഞ്ചാരവഴികളില്‍പെട്ട് അവള്‍ ഒരു നിമിഷം പതറി നിന്നുപോയി.
അപ്പോള്‍,
അയാളുടെ കണ്ണുകളില്‍ നിന്ന്, മഞ്ഞിന്റെ നേര്‍ത്ത അലകള്‍പോലെ എന്തോ ഒന്ന്…. മനസ്സിന്റെ ഉള്‍ത്തലങ്ങളില്‍ നിന്ന്…. അപ്പൂപ്പന്‍താടിയുടെ നേര്‍ത്ത രോമങ്ങള്‍ പോലെ ഏതോ ഒന്ന്….
ചുണ്ടുകളിലെ കൂമ്പിയ പുഞ്ചിരിയില്‍ നിന്ന്, വെള്ളരിപ്രാവിന്റെ ആദ്യ കുറുകലിന്റെ ഒച്ചയില്ലായ്മ പോലെ ഏതോ ഒന്ന്… വന്ന് അവളെ പൊതിയാന്‍ തുടങ്ങി.
പെട്ടന്നവള്‍, കണ്ണുകള്‍ പിന്‍വലിച്ച്, പൂര്‍വ്വ സ്ഥിതിയിലായിട്ട് മനസ്സിനോടു താക്കീതു ചെയ്തു
ഓ….! ആരായാലെനിക്കെന്താ.
അവള്‍ കണ്ണുകള്‍ പിന്‍വലിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്, ഒരു തമ്പുരു ശ്രുതി പോലെ ചോദിച്ചു; ”ഡോക്ടറെക്കാണാനാണോ….?”.
”പിന്നെ ആശുപത്രില്‍ വരുന്നത് ദൈവത്തെക്കാണാനാണോ…..?” മറുപടി പറഞ്ഞത് സീതയാണ്.
ആ മറുപടിയുടെ ചൂടില്‍ മറുമൊഴി മറന്നും, മറുപടി ആസ്വദിച്ചും അയാള്‍
നിരുദ്ധകണ്ഠനായി. ഒരു പുഴ പെട്ടെന്ന് വറ്റി വെറുമൊരു ചാലായിക്കിടക്കുന്നതു പോലെ തോന്നി സുനിതയ്ക്ക്. അല്ലെങ്കില്‍ ഒരു പ്രകാശരശ്മി പ്രിസത്തിന്റെ നെഞ്ചിലൂടെ ഇറങ്ങി ഏഴുവര്‍ണ്ണങ്ങളും വിളയിച്ച് നില്‍ക്കുമ്പോള്‍ പ്രകാശത്തിന്റെ ഉറവിടം തന്നെ തീര്‍ന്നുപോകുന്നതുപോലെ. അതുമല്ലെങ്കില്‍ മഴയുടെ വെള്ളിനൂല്‍ മണ്ണിലെത്താതെ മാനത്തുവച്ചു തന്നെ മാഞ്ഞുപോകുന്നതു പോലെയോ…..
എന്തൊക്കെയോ…
അവള്‍ അയാളെ നോക്കി
അയാള്‍ സീതയോടായി പറഞ്ഞു.
”ചില നേരങ്ങളില്‍ ദൈവമിരിക്കുന്നത് ആശുപത്രിയിലാണ്. വൈദ്യനായിട്ടും രോഗിയായിട്ടും. ചിലനേരങ്ങളില്‍ ചെകുത്താനിരിക്കുന്നതും ആശുപത്രിയിലാണ്”. പിന്നെ അവളെയൊന്നു നോക്കി ചിരിച്ചിട്ടു പറഞ്ഞു ”രോഗിക്ക് കൂട്ടായിട്ട്”.
ആ മറുപടിയില്‍ പക്വതയുടെ ഗൗരവമുഖം വിട്ട് സീതയും അവള്‍ക്കൊപ്പം ചിരിച്ചു.
പിന്നെ സുനിതയോടായി അയാള്‍ ചോദിച്ചു: എന്തുപറ്റി…..?
ഒരു മറുപടി അയാള്‍ക്കാഗ്രഹമുണ്ടായിരുന്നില്ല. അവളുടെ കണ്ണുകളുടെ നീലത്തടാകത്തില്‍ ഇത്തിരിനേരം നോക്കിയിരിക്കുക.
അവളുടെ ചുണ്ടുകളില്‍ വാക്കുകള്‍ വിരിയുന്നതുവരെയും ചുണ്ടുകളെ കണ്ണുകളില്‍ പകര്‍ത്തിയെടുക്കുക. അവളുടെ മുഖത്ത് പതിയിരിക്കുന്ന വജ്ജ്രകാന്തിയില്‍ അഭിരമിക്കുക….
പെട്ടെന്ന് ഡോക്ടറുടെ ക്യാബിനില്‍ നിന്നും ഒരു നേഴ്‌സ് വന്നു വിളിച്ചു
സുനിത ജനാര്‍ദ്ദനന്‍
അവള്‍ എഴുന്നേറ്റ് ഡോക്ടറുടെ അടുത്തേക്ക് പോയി.
അവളുടെ പാദ ചലനം
പുഴയിലെ ഒരു ചിറ്റോളം പോലെയായിരുന്നു.
കാറ്റു നീളെ നീളെ കൊണ്ടുപേകുന്ന ഒരു ചിറ്റോളം പോലെ.
സോപാനത്തിലെ ഒരു മണിനാദം പോലെയായിരുന്നു.
കാറ്റിലലിഞ്ഞ് പോകുന്ന മണിയൊലിപോലെ.
സുനിത അകത്തേക്ക് കയറിയപ്പോള്‍, പറയാന്‍ കരുതിവച്ചിരുന്ന ഒരു വാക്ക് മറന്നു പോകുന്ന വേവലാതിയില്‍ അയാള്‍ അസ്വസ്ഥനായി.
സീത അയാളെത്തന്നെ നോക്കിയിരുന്നു.
സീതയെ നോക്കി അയാള്‍ ചോദിച്ചു:
എന്തേ, കൂടെപ്പോകാതിരുന്നെ…
വെറുതെ.
അവളുടെ മറുപടി സാധാരണമായതിന്റെ തൃപ്തിയില്‍ അയാള്‍ ചോദിച്ചു:
ആരാണ്…..?
കൂട്ടുകാരിയാണ്.
എന്തുപറ്റി…?
പനിയാണ്.
പനിയോ…..?
അതെ.
ആര്‍ക്ക്….?
അവള്‍ക്ക്…
മനസ്സ് ഉരുട്ടികൊണ്ടുവന്ന ഒരു സംശയം കണ്ടില്ലാപ്പെട്ട് അയാള്‍ ചോദിച്ചു.
വീടെവിടെയാണ്….?
എന്തിനാണ്
സ്വതസിദ്ധമായ പുഞ്ചിരിയോടെ അയാള്‍ ചോദിച്ചു.
പേരെന്താണ്…..?
എന്തിനാണ്….?
അറിയാന്‍
ഒരിക്കല്‍മാത്രം കാണുന്നവരോട് എന്തിനാ ഇതൊക്കെ പറയുന്നത്
ഒരിക്കല്‍ മാത്രം.
ആ മറുപടിയിലെ ആപല്‍ധ്വനിയില്‍ ഖിന്നനായി അയാള്‍ ഇത്തിരി നേരം ആലോചിച്ചിരുന്നിട്ട് ഇത്തിരി സൗമ്യനായി
എ……ന്നാ….ലും. പേര്…….?
അതിന് ഒരു യാചനയുടെ ഭാവമുള്ളതായി അവള്‍ക്കു തോന്നി.
എന്റെ പേര് സീത
അതല്ല.
ഓ….അതു ശരി അവളുടെ പേരാണല്ലേ.
അയാള്‍ ഒന്നു ചിരിച്ചു. ആ ചിരിക്ക് അതെ എന്നര്‍ത്ഥമുണ്ടെന്ന് തോന്നി, ഒരു നിമിഷം മിണ്ടാതിരുന്നവള്‍ ആലോചിച്ചു.
അവള്‍ സുന്ദരിയാണ്. ആരു കണ്ടാലും
ഞാനോ..
ഒരു വൈദ്യുത പ്രവാഹം പോലവള്‍ പറഞ്ഞു.
പേര്
സുനിതാ ജനാര്‍ദ്ദനന്‍
നേഴ്‌സ് പറഞ്ഞതു കേട്ടില്ലായിരുന്നോ.
ഒരിക്കല്‍ കൂടി അവള്‍ ആവര്‍ത്തിച്ചു.
സുനിതാ ജനാര്‍ദ്ദനന്‍
മനയ്ക്കക്കുഴിയില്‍
പരീക്കപ്പീടിക
ആവോലി. പി. ഒ.
മൂവാറ്റുപുഴ.
ഒറ്റ ശ്വാസത്തില്‍ അത്രയും പറഞ്ഞു കഴിഞ്ഞപ്പോളാണ് അവള്‍ക്കുതോന്നിയത് അത് അവളല്ലല്ലോ പറഞ്ഞതെന്ന്. അവളുടെ സ്വരത്തിന് ഇത്രയും മാധുര്യവും വശ്യതയും ഇല്ലല്ലോയെന്ന്. ഇതു ഞാനല്ലല്ലോ പറഞ്ഞത്, എന്നെക്കൊണ്ട് ആരോ പറയിപ്പിക്കുകയായിരുന്നല്ലോ. പറ പറ എന്നുപറഞ്ഞ് ആരോ ധൃതിപ്പെടുത്തുകയായിരുന്നല്ലോ. അതവള്‍ക്ക് ഉറപ്പായിരുന്നു. ”തീര്‍ച്ചയായും ഞാനല്ല പറഞ്ഞത്”. അപ്പോള്‍ത്തന്നെ അവള്‍ ഒരു ലക്ഷ്മണരേഖ വരച്ചു.
ഇനി അയാളോട് ഒരു സൗഹൃദവും വേണ്ട.
അപ്പോള്‍ അവളുടെ മനസ്സില്‍ വിദ്വേഷത്തിന്റെ ഒരു തീപ്പൊരി എരിയുന്നുണ്ടായിരുന്നു. കണ്ടു വച്ച മാമ്പഴം കാര്‍ന്നു തിന്ന അണ്ണാറക്കണ്ണനോടുള്ള കെറുവുപോലെയൊന്ന്. കണ്ടപ്പോഴെ അയാളോടൊരു ഇഷ്ടക്കേടു തോന്നിയതായിരുന്നു. അന്നേരം തന്നെ മനസ്സിലൊരു തീപ്പൊരി വീണതായിരുന്നു. സുനിതയെ ഇടയ്ക്കിടെ ഒളിഞ്ഞും തെളിഞ്ഞും നോക്കുന്നതു കണ്ടപ്പോള്‍ അതു കത്തിപ്പിടിക്കാന്‍ തുടങ്ങിയതായിരുന്നു. ”പേര് സുനിതാ ജനാര്‍ദ്ദനന്‍. നേഴ്‌സ് പറഞ്ഞതു കേട്ടില്ലായിരുന്നോ…” അവിടം വരെ എല്ലാം ഉദ്ദേശിച്ചതുപോലെ തന്നെയായിരുന്നു. അടുത്ത വാചകം പറയാന്‍ വാക്കുകള്‍ രാകി മുനകൂര്‍മ്പിക്കുന്നതിനിടയിലാണ് ആരോ ബാക്കികേറിപ്പറഞ്ഞത്. ആരാ അതു പറയിപ്പിച്ചത്. ഞാനും അയാളും മാത്രമല്ലേ ഇവിടെ ഉള്ളല്ലോ. പിന്നെയും അവള്‍ പരതിയപ്പോള്‍ മുല്ലപ്പൂവിന്റെ മണമുള്ള ഒരു കുളിര്‍ക്കാറ്റ് അതിലെ കറങ്ങി ഹോസ്പിറ്റലിന്റെ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന ”ഘഥടഛഎഛഞങ ഞഡടഒഅകഘ ജഒഅഞങഅഉകച ജഢഠ. ഘഠഉ.” എന്ന മരുന്നു കമ്പനിക്കാരുടെ കലണ്ടര്‍ മെല്ലെ ഇളക്കികളിക്കുന്നുണ്ടായിരുന്നു. ചുട്ടുപ്പൊള്ളിച്ചിരുന്ന ഒരു പകലിന്റെ അന്ത്യത്തില്‍ ഇത്രയും നല്ലൊരു കുളിര്‍കാറ്റ് ….. അതും കാറ്റിനുപോലും കടന്നുവരുവാന്‍ ഒട്ടും ഇടം ഇല്ലാതിരുന്ന ഈ കാത്തിരിപ്പു മുറിയില്‍, ഇത്രയും സുഗന്ധമുള്ളൊരു കാറ്റ്. അപ്പോള്‍ അവള്‍ ഓര്‍ത്തു പേരു പറയുന്നതിനിടയില്‍ ഒരു കാറ്റ് പലതവണ തന്നെ തഴുകിത്തലോടിപ്പോയില്ലേ. ….. മനസ്സിനുള്ളിലിരുന്ന് ധൃതിപ്പെടുത്തിയില്ലേ.
അവളുടെ മറുപടിക്ക് ആലോചിച്ചുറപ്പിച്ച കണക്കുകൂട്ടലുകളുണ്ടായിരുന്നില്ല. സാധാരണപോലെയുള്ള മുനവച്ച വാക്കുകളായിരുന്നില്ല അവ. അവയ്ക്ക് രൂക്ഷതയുമുണ്ടായിരുന്നില്ല. അവള്‍ പിന്നെയും അവളോട് തന്നെ ഒരു നൂറു കൂട്ടം ചോദ്യങ്ങള്‍ ചോദിച്ച് അവളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. അവസാനം അവള്‍ തീരുമാനിച്ചു. ”പോട്ടെ, പറഞ്ഞുപോയില്ലേ. പറഞ്ഞവാക്കും കൈവിട്ട കല്ലും തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ.
അയാളും മൗനത്തിലായിരുന്നു. വാക്കുകളെല്ലാം മനസ്സിന്റെ ആവനാഴിയിലൊതുക്കി, കാഴ്ചയുടെയും കേള്‍വിയുടെയും ശ്രോതസ്സുകളടച്ച്, മനസ്സിലെ വെള്ളത്തൂവാലയില്‍ എഴുതി നോക്കി. മറന്നുപോയാലോ…
മറന്നുപോകരുത്
സുനിതാ ജനാര്‍ദ്ദനന്‍
മനയ്ക്കക്കുഴിയില്‍
പരീക്കപ്പീടിക
ആവോലി പി. ഒ
മൂവാറ്റുപുഴ.

ലക്ഷ്മിയമ്മ ധൃതിപ്പെട്ട് വീടെത്തി. വീട് ഇരുളിമയിലേക്ക് ചായുകയായിരുന്നു. പുറത്തെ ചൂടും നടപ്പിന്റെ ക്ഷീണവും വേണ്ടുവോളം ഉണ്ടായിരുന്നു. എങ്കിലും അതിനേക്കാള്‍ വേവലാതിപ്പെടുത്തിയത് വീടെത്തണം എന്ന ഒരദൃശ്യ സന്ദേശമായിരുന്നു.
എവിടെ നിന്ന്…..?
എന്തിന്…..?
ആര്….?
കാര്യകാരണങ്ങളുടെ നൂലിഴവിടര്‍ത്തി കറുപ്പും വെളുപ്പും തിരയാന്‍ ലക്ഷ്മിയമ്മ തുനിഞ്ഞില്ല. വല്ലോണവും പുര തുറന്ന് കവടികളുടെ വിളി അറിയാന്‍ അവര്‍ ധൃതിപ്പെട്ടു. ഓലവാതില്‍ തുറന്ന് അവര്‍ അകത്തു കടന്ന്, വിളക്കുപോലും തെളിക്കാതെ കവടിക്കിഴിയെടുത്തു. മനസ്സെത്തുന്നിടത്ത് ശരീരമെത്താന്‍ മടിച്ച് കൈവിരലുകളില്‍ നിന്നും പിടിവിട്ട് കവടിക്കിഴിതെന്നിത്തെറിച്ച് നിലത്ത,് ചാണകം മെഴുകിയ തറയില്‍ പതിച്ചു. ഒന്നു ഞടുങ്ങി ലക്ഷ്മിയമ്മ ഉറക്കെ വിളിച്ചു. ”ന്റെ പരദേവ്തകളെ, യെന്താത്…….?”. അകത്തെ ഇരുളില്‍ പരതി കിഴിക്കെട്ടെടുത്ത്, അതുമായി അവര്‍ മുറ്റത്തേക്കിറങ്ങി, കവടിക്കിഴി അഴിച്ച്, കിഴിക്കകത്തേക്കു കൈകടത്തി കവടിപ്പലകയിലെന്നപോലെ അവയെ കൈകൊണ്ട് വട്ടം ചുറ്റി, ഒരു നിമിഷം കണ്ണടച്ചു നിന്നിട്ട് ”ന്റെ കുലതൈയ്‌വങ്ങളേ……” എന്നുവിളിച്ച് ഒരു കവടി കവടിക്കിഴിക്കു പുറത്തെടുത്തു. വക്കു പൊട്ടിയ കവടി….! ഏതോ ദുശ്ശകുനത്തിന്റെ വെളിപാടില്‍ അവര്‍ ഇടം കൈ കവടിയോടെ നെഞ്ചില്‍ ചേര്‍ത്ത്, മുകളിലേക്ക് നോക്കി വിതുമ്പി ”ന്റീശ്വര്മ്മാരെ…..”
ഒരുള്‍ വിളിയില്‍ അവരുടെ കണ്ണുകള്‍ സര്‍പ്പക്കാവിലെ വിളക്കു തറയില്‍ ചെന്നുപതിച്ചു. നിത്യേന വിളക്കു വയ്ക്കുന്ന, തിരി വിളക്ക് തറയില്‍ മറിഞ്ഞ് കിടക്കുന്നു. കത്തിയ തിരികളും വിളക്കെണ്ണയും നിലത്തു തൂകി പടര്‍ന്നു കിടക്കുന്നു. ലക്ഷ്മിയമ്മ മനസ്സില്‍ കണക്കുകൂട്ടി. അവളാണ്. സുനിത. കവടിയിലേക്ക് സൂക്ഷിച്ച് നോക്കി ലക്ഷ്മിയമ്മ പറഞ്ഞു ”അപ്പോള്‍ ചുനിതയാണ്. ചുനിതയ്ക്ക്, ന്തോ ആപത്ത്”. പിന്നെ അവര്‍ നാഗത്തറയിലേക്കു നോക്കി.
”ന്റെ നാഗതൈയ്‌വ്ങ്ങളേ, ന്റെ ചുന്തയ്‌ക്കെന്തോ ആപത്ത്……

പിന്നെ അവര്‍ ഒരു പ്രാര്‍ത്ഥനയില്‍ കണ്ണടച്ചു.
നാഗദൈവങ്ങളേ
ഒരു തല വാഴുന്ന ഓങ്കാരനാഗങ്ങള്‍
ഇരു തല വാഴുന്ന ശിവശക്തിസര്‍പ്പമേ
മൂന്നു തല വാഴുന്ന മൂലമണിനാഗങ്ങള്‍
നാലു തല വാഴുന്ന നാഗരാജാവേ
അഞ്ചു തല വാഴുന്ന അജ്ഞന മണിനാഗങ്ങള്‍
ആറു തല വാഴുന്ന അകോരാദികളെ
ഏഴു തല വാഴുന്ന …..
(എത്ര ആലോചിച്ചിട്ടും ലക്ഷമിയമ്മയ്ക്ക് അതിന്റെ പേരു മാത്രം ഓര്‍മ്മ വന്നില്ല)
എട്ടു തല വാഴുന്ന അഷ്ടവസുക്കളെ
ഒന്‍പതു തല വാഴുന്ന ധൂളിമങ്ങിനാഗങ്ങള്‍
പത്തു തല വാഴുന്ന പറക്കുംനാഗങ്ങള്‍
ആയിരം തല വാഴുന്ന അനന്തനും വാസുകിയും
നിങ്ങള്‍ക്ക് ആയിരം മുല്ലമൊട്ടും, ആയിരം കെട്ടിലെ കതിര്‍ മണികളും, ആയിരം മന്ത്രങ്ങളും ഒന്നിച്ചു നല്‍കാമേ
ഒന്നിച്ചു നല്‍കാമേ
ഒന്നിച്ചു നല്‍കാമേ
ഒന്നിച്ചു നല്‍കാമേ
ഒന്നിച്ചു നല്‍കാമേ
കണ്ണുതുറന്ന്
ലക്ഷ്മിയമ്മ കരഞ്ഞുപാടി:
ന്റെ കുഞ്ഞ്‌നൊന്നും വര്ത്തല്ലേ.

തുടരും…