കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ വായ്പാ തട്ടിപ്പ്

230
0

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ വായ്പാ തട്ടിപ്പ്. 100 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. സംഭവത്തില്‍ സിപിഎം നേതൃത്വത്തിലുള്ള 13 അംഗ ഭരണസമിതി പിരിച്ചുവിട്ടു. 46 പേരുടെ ആധാരത്തില്‍ എടുത്ത വായ്പ പോയത് ഒരു അക്കൗണ്ടിലേക്കാണ്. ബാങ്ക് സെക്രട്ടറി ഉള്‍പ്പെടെ 6 പേരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്ക് ഭരണ സമിതിക്കെതിരെ നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. സഹകരണ വകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് വെളിച്ചത്ത് വന്നത്. ഏകദേശം നൂറ് കോടി രൂപയുടെ വായ്പാ തട്ടിപ്പ് ബാങ്കിൽ നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടു.

വായ്പ എടുക്കുന്നതിനായി ബാങ്കിൽ ഈടായി നൽകിയ ആധാരങ്ങളിൻ മേൽ മൂന്നും നാലും തവണ വീണ്ടും വായ്പ നൽകി. ഭൂഉടമകൾ അറിയാതെ ജീവനക്കാരുടെയും ബാങ്ക് ഭരണ സമിതി അംഗങ്ങളുടെയും ഒത്താശയോടെയാണ് തട്ടിപ്പ് നടന്നത്.
ഇങ്ങനെ ഒരാളുടെ അക്കൗണ്ടിലേക്ക് മാത്രം പോയത് 28 കോടി രൂപയാണ്. ഭൂവുടമകൾക്ക് കോടികളുടെ ജപ്തി നോട്ടീസ് ലഭിക്കുമ്പോഴാണ് പലരും ഈ തട്ടിപ്പ് അറിയുന്നത്.

സംഭവത്തിൽ സെക്രട്ടറി ഉൾപ്പെടെ 6 ബാങ്ക് ജീവനക്കാർക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തു. പ്രതികൾക്കെതിരെ വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. അതേസമയം സിപിഎം നേതാക്കൾ അടങ്ങുന്ന ഭരണസമിതിക്കും ഇവരുമായി ബന്ധപ്പെട്ട ജില്ലാ നേതാക്കൾക്കും എതിരെയും നടപടി വേണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.