കഴിഞ്ഞ ദിവസം അന്തരിച്ച പ്രശ്സത ഫുട്ബോൾ താരവും ഒളിമ്പ്യനുമായ ഒ. ചന്ദ്രശേഖരൻ്റെ മരണാനന്തര ചടങ്ങുകളോട് സംസ്ഥാന സർക്കാർ കാണിച്ച അനാദരവ് കായിക മേഖലയോടും കേരളത്തിലെ ഫുട്ബോൾ പ്രേമികളോടും കാണിച്ച അവഗണനയാണെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവും കേരള ഫുട്ബോൾ അസോസിയേഷൻ നിർവ്വാഹക സമിതി അംഗവുമായ കെ. ബാബു എം എൽ എ.
1960ലെ റോം ഒളിംപിക്സിൽ പങ്കെടുത്തതോടെ ഫുട്ബോളിൽ ഇന്ത്യയെ ഒളിംപിക്സിൽ പ്രതിനിധീകരിച്ച മലയാളികളിലൊരാളായി ഒളിമ്പ്യൻ ചന്ദ്രശേഖരൻ. 1962ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ടീമിൻ്റെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. കേരളാ യുണിവേഴ്സിറ്റി ഉൾപ്പെടെ കേരളവും മഹാരാഷ്ട്രയുമുൾപ്പടെ വിവിധ സംസ്ഥാന ടീമുകൾക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. 1964 ൽ മഹാരാഷ്ട്രാ ആന്ധ്രയെ തോൽപ്പിച്ച് സന്തോഷ് ട്രോഫി നേടിയപ്പോൾ ആ ടീമിൽ അംഗമായിരുന്ന ചന്ദ്രശേഖർ, സന്തോഷ് ട്രോഫി നേടുന്ന ആദ്യത്തെ മലയാളിയുമായി .
ഇങ്ങനെ കേരളത്തിൻ്റെ ഖ്യാതി ലോകം മുഴുവൻ എത്തിച്ച മഹാനായ ഫുട്ബോളർ ഒ. ചന്ദ്രശേഖരൻ്റെ മരണാനന്തര ചടങ്ങുകൾക്ക് ഒദ്യോഗിക ബഹുമതി നൽകാതെ ഒരു ഡെപ്യൂട്ടി കളക്ടറെ അയയ്ക്കാനുള്ള മര്യാദ മാത്രമാണ് ഈ സർക്കാർ കാണിച്ചത്. കായിക മന്ത്രിയോ മറ്റ് മന്ത്രിമാരോ ജില്ല കളക്ടർ പോലുമോ തിരിഞ്ഞു നോക്കിയില്ല എന്നത് അത്യന്തം ഖേദകരവും വേദനാജനകവുമാണ്. ഇത് കേരളത്തിലെ കായിക മേഖലയോടുള്ള സർക്കാരിൻ്റെ അവഗണനയാണ് കെ. ബാബു എം എൽ എ പത്രക്കുറിപ്പിൽ അറിയിച്ചു.