തിരുവനന്തപുരം: ഏഴാച്ചേരിയുടെ ‘വെര്‍ജീനിയന്‍ ദിനങ്ങള്‍’, ശാസ്താംകോട്ട ഡി. ബി കോളെജ് മുന്‍ പ്രിന്‍സിപ്പലും എഴുത്തുകാരനുമായ ഡോ. സി. ഉണ്ണികൃഷ്ണന്‍ സമ്പാദനം ചെയ്ത ‘ഏഴാച്ചേരി കലഹകലയുടെ ഗന്ധമാദനം’, എന്നീ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളുടെ പ്രകാശനവും ഏഴാച്ചേരിക്ക് ആദരവും ഇന്ന് (ഡിസംബര്‍ 28ന് ചൊവ്വാഴ്ച) വൈകുന്നേരം 3 മണിക്ക് സാംസ്‌കാരിക ഫിഷറീസ്-യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. കവി പ്രഭാവര്‍മ പുസ്‌തകങ്ങള്‍ ഏറ്റുവാങ്ങും. വയലാര്‍ അവാര്‍ഡ് ലഭിച്ച ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം എന്ന കൃതിയുടെ രചയിതാവ്കൂടിയായ കവി ഏഴാച്ചേരി രാമചന്ദ്രനെ മന്ത്രി ആദരിക്കും.
തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ എ.സി. ഹാളില്‍ നടക്കുന്ന പ്രകാശനത്തില്‍ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിക്കും. ഡോ. എം. എ. സിദ്ദീഖ് പുസ്‌തകപരിചയം നടത്തും. സാഹിത്യ അക്കാദമി നിര്‍വാഹക സമിതിയംഗം പ്രൊഫ. വി.എന്‍.മുരളി, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ വിനോദ് വൈശാഖി എന്നിവര്‍ ആശംസാപ്രസംഗം നടത്തും. ഏഴാച്ചേരി രാമചന്ദ്രന്‍ മറുവാക്കും ഡോ.സി. ഉണ്ണികൃഷ്ണന്‍ മറുമൊഴിയും നടത്തും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ ഡോ.അപര്‍ണ.എസ്.കുമാര്‍ സ്വാഗതം പറയും.