എനിക്ക് മാസം കിട്ടുന്നത് 5 ലക്ഷം രൂപ; അതിൽ 2.75 ലക്ഷം നികുതി അടയ്ക്കുന്നുണ്ട്-രാഷ്ട്രപതി

172
0

രാജ്യത്തിന്റെ വികസനത്തിനായി ആളുകള്‍ കൃത്യമായി നികുതി അടയ്ക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉത്തര്‍പ്രദേശിലെ ജന്മനാട്ടില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഞാനും നികുതി അടക്കുന്നുണ്ട്. നികുതി അടച്ച ശേഷം തനിക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.

‘ഏതെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുന്നില്ലെന്ന് പറഞ്ഞ് നമ്മള്‍ അത് തടയുകയും ചിലപ്പോൾ ട്രെയിനിന് തീയിടുകയും ചെയ്യുന്നു. ആര്‍ക്കാണ് അത് കൊണ്ട് നഷ്ടം വരുന്നത്. ഇത് സര്‍ക്കാരിന്റെ സ്വത്താണെന്ന് ചില ആളുകള്‍ പറയും. എന്നാല്‍ ഇത് നികുതിദായകന്റെ പണമാണ്. എല്ലാവര്‍ക്കും അതറിയാം. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ളയാള്‍ രാഷ്ട്രപതിയാണ്. എന്നാല്‍ അതിന് ആനുപാതികമായി നികുതിയും നല്‍കുന്നുണ്ട്. ഞാന്‍ എല്ലാ മാസവും 2.75 ലക്ഷം രൂപയാണ് നികുതിയടക്കുന്നത്. എനിക്ക് മാസത്തില്‍ അഞ്ചു ലക്ഷം രൂപ ലഭിക്കുന്നുവെന്ന് എല്ലാവരും പറയും. പക്ഷേ അതിന് നികുതിയുമുണ്ട്. അത് കഴിഞ്ഞ എത്ര ബാക്കിയുണ്ടാകും. ഞാന്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ സമ്പാദിക്കുന്നുണ്ടാകും. ഇവിടെ അധ്യാപകരുണ്ട്. അവരാണ് കൂടുതൽ സമ്പാദിക്കുന്നത്. വികസനത്തിനായാണ് നികുതി നൽകുന്നതെന്ന് പറയാനാണ് ഞാനിത്രയും പറഞ്ഞത്. അപ്പോള്‍ എല്ലാ നഷ്ടങ്ങളും എന്റേതും നിങ്ങളുടേതുമാണ്’ രാഷ്ട്രപതി പറഞ്ഞു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ട്രെയിനിലാണ് ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ കാണ്‍പുരിലേക്ക് പോയത്. വെള്ളിയാഴ്ച സഫ്ദര്‍ജങ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാണ്‍പുരിലേക്ക് തിരിക്കുന്ന പ്രത്യേക തീവണ്ടിയിലാണ് രാഷ്ട്രപതിയുടെ യാത്ര.

15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരു രാഷ്ട്രപതി ട്രെയിനില്‍ യാത്ര ചെയ്യുന്നതെന്ന് പ്രത്യേകത കൂടി രാംനാഥ് കോവിന്ദിന്റെ യാത്രയ്ക്കുണ്ട്. 2006ല്‍ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമാണ് രാഷ്ട്രപതി പദവിയിലിരിക്കെ ഒടുവില്‍ ട്രെയിനില്‍ യാത്ര ചെയ്തത്.