ഉപധനാഭ്യാര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം

67
0

40 കേസുള്ള ക്രിമിനലിനെ മുഖ്യമന്ത്രി തലയില്‍ വച്ച് നടക്കുന്നു; തൊണ്ടിമുതലായ അടിവസ്ത്രം കട്ട് ചെയ്തയാള്‍ മന്ത്രിയായി തുടരുന്നത് കേരളത്തിന് അപമാനം

അവാസ്ഥവമായ കാര്യം ആയിരം വട്ടം അവര്‍ത്തിച്ചാല്‍ സത്യമാകും എന്ന് കരുതിയാണ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചെന്ന് നിങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡില്‍ 600-ല്‍ 570 എണ്ണം പൂര്‍ത്തീകരിച്ചെന്നാണ് പറഞ്ഞത്. എന്നാല്‍ നൂറെണ്ണം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതു സംബന്ധിച്ച ഏത് സംവാദത്തിനും പ്രതിപക്ഷം തയാറാണ്. കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഇടുക്കി, മലബാര്‍, കുട്ടനാട്, വയനാട് പാക്കേജുകളില്‍ ഒന്നും പൂര്‍ത്തിയാക്കിയില്ല. എന്നിട്ട് പി.ആര്‍ ഏജന്‍സികളുടെ പിന്‍ബലത്തോടെ 600-ല്‍ 570 വാഗ്ദാനങ്ങളും പാലിച്ചെന്നാണ് പ്രചരിപ്പിക്കുന്നത്. അവാസ്ഥവമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. അത് ആര്‍ക്കും മറച്ച് വയ്ക്കാനാകില്ല. കേരളം നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെ മറച്ചു വയ്ക്കാനാകും? കേന്ദ്ര സര്‍ക്കാരിന്റെ നിസഹകരണത്തെ കുറിച്ച് പാര്‍ലമെന്റില്‍ ഉള്‍പ്പെടെ ഞങ്ങള്‍ ശക്തമായി പ്രതികരിക്കുന്നുണ്ട്. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഇടപെട്ടാണ് രാഹുല്‍ ഗാന്ധിയെ കൊണ്ട് ബി.ജെ.പി ഇതര ധനമന്ത്രിമാരുടെ സമ്മേളനം വിളിച്ചു ചേര്‍ത്തത്. ഇക്കാര്യം മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് അറിയാം.

അരിയ്ക്കും ഗോതമ്പിനും ജി.എസ്.ടി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ അതിശക്തമായി എതിര്‍ക്കും. ഈ നികുതി നിര്‍ദ്ദേശങ്ങളെ സംസ്ഥാന സര്‍ക്കാര്‍ തള്ളിക്കളയണം. മസാല ബോണ്ടിലും കിഫ്ബിയിലുമൊക്കെ ഇ.ഡി അന്വേഷണത്തിന് വരികയാണ്. കിഫ്ബി വന്നപ്പോള്‍ നിയമനിര്‍മ്മാണം ഭരണഘടനയ്ക്ക് അനുസൃതമാകണമെന്നാണ് പ്രതിപക്ഷം പറഞ്ഞത്. സഞ്ചിത നികുതിയില്‍ നിന്നും കിഫ്ബിക്ക് എല്ലാ വര്‍ഷവും സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. ഇതു കൂടാതെ കടം എടുക്കാനുള്ള ഗ്യാരണ്ടിയും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. അവസാനം ബാധ്യതകള്‍ മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വരും. അപ്പോള്‍ അത് ബജറ്റിലേക്ക് മടങ്ങിവരും. ബജറ്റിന് പുറത്തുള്ള സംവിധാനമാണ് കിഫ്ബിയെന്ന വാദം ശാശ്വതമായി നിലനില്‍ക്കുന്നതല്ല. കിഫ്ബി നിയമ നിര്‍മ്മാണം ഭരണഘടനയുടെ അനുച്ഛേദം 293 യ്ക്ക് വിരുദ്ധമാണ്. സി.എ.ജി റിപ്പോര്‍ട്ടിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിന്റെ ധനകമ്മിയില്‍ ഇതൊന്നും വരാതിരിക്കാനാണ് പെടപ്പാട് പെടുന്നത്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതും കടമെടുത്താണ്. അത് നേരത്തെ ബജറ്റില്‍ വരില്ലായിരുന്നു. ഇപ്പോള്‍ അതും ധനകമ്മില്‍ ഉള്‍പ്പെടും. അതുകൊണ്ടാണ് അടുത്ത മാസം ശമ്പളം കൊടുക്കാന്‍ പണം ഉണ്ടാകില്ലെന്ന് ധനമന്ത്രി പറഞ്ഞത്.

വാറ്റില്‍ നിന്നും ജി.എസ്.ടിയിലേക്ക് മാറിയെങ്കിലും നികുതി ഭരണസംവിധാനം ഇതുവരെ മാറിയിട്ടില്ല. 95 ശതമാനം സംസ്ഥാനങ്ങള്‍ മാറിയിട്ടും കേരളം മാറാന്‍ തയാറായില്ല. 13 ശതമാനം വരെ കേന്ദ്രത്തില്‍ നിന്നും നഷ്ടപരിഹാരം കിട്ടുമെന്നാണ് അന്നത്തെ ധനമന്ത്രി പറഞ്ഞത്. എന്നാല്‍ നഷ്ടപരിഹാരം ലഭിക്കുന്നത് നിലയ്ക്കുമെന്ന് അന്നേ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. അതിപ്പോള്‍ നിലച്ചു. അതുകൊണ്ടാണ് ജി.എസ്.ടിയില്‍ നിന്നും വരുമാനം ഇല്ലാതായത്.

സാമ്പത്തിക പ്രതിസന്ധി അറിഞ്ഞു കൊണ്ടാണോ സര്‍ക്കാര്‍ ഇത്രയും ധൂര്‍ത്ത് നടത്തുന്നത്? പല പ്രധാന ഫയലുകളും ധനകാര്യ വകുപ്പിലേക്ക് അയയ്ക്കാതെ വേറെ ചില കേന്ദ്രങ്ങളില്‍ തീര്‍പ്പാക്കുകയാണ്. അത് അപകടകരമായ സ്ഥിതിവിശേഷമുണ്ടാക്കും. സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് വേണ്ടിയാണ് പ്രതിപക്ഷം ഇക്കാര്യങ്ങള്‍ പറയുന്നത്. 9.72 ശതമാനം പലിശയ്ക്ക് മസാല ബോണ്ട് വിറ്റ് പണം വാങ്ങിയിട്ട് ന്യൂജനറേഷന്‍ ബാങ്കില്‍ കൊണ്ടു പോയി 6 ശതമാനം പലിശയ്ക്ക് ഡെപ്പോസിറ്റ് ചെയ്തു. എന്തൊരു വിചിത്രമായ കാര്യമാണിത്. ഇതിനെ പ്രതിപക്ഷം എതര്‍ക്കേണ്ടേ? മസാല ബോണ്ട് വിറ്റത് ആര്‍ട്ടിക്കിള്‍ 293 യ്ക്ക് എതിരാണ്. കൊച്ചി മെട്രോയ്ക്ക് വേണ്ടി ഒന്നര ശതമാനം പലിശയ്ക്ക് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പണം എടുത്തിട്ടുണ്ടല്ലോ. കുറഞ്ഞ പലിശയ്ക്ക് പണം കിട്ടുന്ന കാലത്ത് എന്തിനാണ് ലണ്ടനില്‍ മണി അടിക്കാന്‍ പോയത്? ആ അപകടത്തെയാണ് ചോദ്യം ചെയ്തത്. അതാണ് തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിഫലിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിസന്ധി നിയമസഭയില്‍ അവതരിപ്പിച്ചതിന് നിങ്ങളുടെ എത്രയോ പഞ്ചായത്ത് പ്രസിഡന്റുമാരാണ് ഞങ്ങളെ വിളിച്ച് നന്ദി പറഞ്ഞത്. നിങ്ങളോടും പഞ്ചായത്ത് പ്രസിഡന്റ്മാര്‍ പരാതി പറയുന്നുണ്ട്. എല്ലാത്തിനും കാരണം സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിയാണ്. ധനപ്രതിസന്ധി പരിഹരിക്കാന്‍ ഒരു കാര്യവും ചെയ്യുന്നില്ല. ഒരു ദിവസം വണ്ടി എവിടെയെങ്കില്‍ പോയി ഇടിച്ച് നില്‍ക്കും എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ പോകുന്നത്.

കാര്‍ഷിക മേഖലയും മത്സ്യത്തൊഴിലാളി മേഖലയുമൊക്കെ വന്‍പ്രതിസന്ധിയിലാണ്. കഴിഞ്ഞ നാല് കൊല്ലമായി തിരുവനന്തപുരത്തെ തീരദേശത്ത് ഒരു ഷെഡ്ഡിന് കീഴെ 250 കുടുംബങ്ങളാണ് താമസിക്കുന്നത്. നിങ്ങള്‍ ആരെങ്കിലും പോയി കണ്ടിട്ടുണ്ടോ? ഞാന്‍ പോയി കണ്ണ് നിറഞ്ഞാണ് തിരികെ വന്നത്. കൈകള്‍ കൂപ്പി നിങ്ങളോട് പറയുന്നു, ആ കുടുംബങ്ങളെ പുനരധിവസിപ്പിക്കണം. അപകടകരമായ സ്ഥിതിവിശേഷത്തില്‍ നിന്നും അവരെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.

സംസ്ഥാനത്ത് മരുന്ന് ക്ഷാമം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഇല്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. കേരളത്തിലെ എല്ലാ മാധ്യങ്ങളിലും മരുന്ന് ക്ഷാമം ഉണ്ടെന്ന് വാര്‍ത്തവന്നു. നിങ്ങള്‍ ദേശാഭിമാനി മാത്രമെ വായിക്കുകയുള്ളോ? കൈരളി മാത്രമെ കാണുകയുള്ളോ? ഫലപ്രാപ്തി പരിശോധിച്ച് ബോധ്യപ്പെടാത്ത പേ വിഷ വാക്‌സിനാണ് സംസ്ഥാനത്ത് വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

ശബരിനാഥിനെ അറസ്റ്റ് ചെയ്ത വിഷയം അടിയന്തിര പ്രമേയമായി കൊണ്ടുവന്നപ്പോള്‍ നിയമവിശാരദനായ നിയമമന്ത്രി പറഞ്ഞത് സബ്ജുഡീസ് ആണെന്നാണ്. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നടത്തി വിധി വരുന്നത് വരെയുള്ള കാലഘട്ടത്തില്‍ മാത്രമാണ് സബ്ജുഡീസ്. ശബരീന്ഥന്റെ വിഷയം സബ്ജുഡീസ് ആകുമോ? അടിയന്തിര പ്രമേയത്തിന് പകരം സബ്മിഷന്‍ അനുവദിക്കാമെന്നാണ് സ്പീക്കര്‍ പറഞ്ഞത്. സബ്ജുഡീസ് അണെന്ന് പറയുന്ന വിഷയം എങ്ങനെയാണ് സബ്മിഷനായി ഉന്നയിക്കുന്നത്?

പ്രതിപക്ഷ നേതാവ് കുട്ടിയെന്ന് പറഞ്ഞ ഫര്‍സീന്‍ 19 കേസുകളില്‍ പ്രതിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതില്‍ 12 കേസുകളും കോവിഡ് കാലത്ത് ധര്‍ണയും സമരവും നടത്തിയതിനാണ്. അതെല്ലാം പിഴ അടച്ചതോടെ അവസാനിച്ചു. മറ്റൊരു കേസ് ഷുഹൈബിനെ കള്ളക്കേസില്‍ കുടുക്കുന്നതിന്റെ ഭാഗമായി എടുത്തതാണ്. ഈ കേസെടുത്ത് ഒരു മാസത്തിനകം ഷുഹൈബിനെ കൊലപ്പെടുത്തി. ആ കുട്ടിയെ മുഖ്യമന്ത്രി പറഞ്ഞതു പോലെ ഞങ്ങള്‍ ഒക്കത്ത് തന്നെ കൊണ്ടു നടക്കും.

കഴിഞ്ഞ വര്‍ഷം എം.ജി സര്‍വകലാശാലയില്‍ എ.ഐ.എസ്.എഫിന്റെ വനിതാ നേതാവിനെ പിന്നില്‍ നിന്ന് ചവിട്ടി നിലത്തിട്ട് എന്നിട്ട് അശ്ലീലം പറഞ്ഞ കേസിലെ പ്രതി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി. അദ്ദേഹത്തിന് 42 കേസുണ്ടായിരുന്നു. അതില്‍ രണ്ട് കേസ് ഡിസ്‌പോസ് ചെയ്തു. ഇപ്പോഴുള്ള 16 കേസുകള്‍ മാരകായുധം ഉപയോഗിച്ച് സഹപാഠികളെ പരിക്കേല്‍പ്പിച്ചു എന്നതാണ്. മൂന്ന് കേസുകള്‍ വധശ്രമത്തിന്. ഒരു കേസ് ഒരു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ട് പോയ് മഹാരാജാസ് ഹോസ്റ്റലില്‍ പൂട്ടിയിട്ട് നേരം വെളുക്കും വരെ ഇടിച്ചതിന്. മറ്റൊരു കേസ് സ്ത്രീത്വത്തെ അപമാനിച്ചതിനുള്ളതാണ്. നാലിലധികം വാറണ്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റൊരു കേസ് ജാമ്യം എടുത്ത് കൊടുത്ത വക്കീലിനെ വീട് കയറി ആക്രമിച്ചതിന്. എന്നിട്ടാണ് ഒരു കേസ് മാത്രമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഒക്കത്ത് ഇരുത്തുകയാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചത്. നാല്‍പ്പത് കേസുള്ള ഈ ക്രിമിനലിനെ മുഖ്യമന്ത്രി തലയിലാണോ എടുത്ത് വച്ചിരിക്കുന്നത്? ചോദിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു. സ്ത്രീകള്‍ ഇരിക്കുന്നത് കൊണ്ട് എഫ്.ഐ.ആര്‍ പോലും വായിക്കാന്‍ പറ്റില്ല.

ആരും ശ്രദ്ധക്കപ്പെടാതെ കിടന്നിരുന്ന പി.സി ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തി, വേറൊരാളെ കൊണ്ട് കേസ് കൊടുപ്പിച്ച് അറസ്റ്റ് ചെയ്തു. അയാള്‍ ഇപ്പോള്‍ ഹീറോ ആയി. നിങ്ങള്‍ക്ക് തൊടുന്നതെല്ലാം പൊള്ളുകയാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസ് മറച്ച് വയ്ക്കാന്‍ നിങ്ങള്‍ നിങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചു, എ.കെ.ജി സെന്ററില്‍ ഓലപ്പടക്കെ എറിഞ്ഞു, ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തി, സ്ത്രീ വിരുദ്ധമായ പരാമര്‍ശം നടത്തി. അതുകൊണ്ടുന്നും സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങള്‍ മാഞ്ഞ് പോകില്ല.

ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിക്കെതിരെ ഗുരുതരമായ ഒരു കേസ് ഉയര്‍ന്ന് വന്നിരിക്കുകയാണ്. നിങ്ങള്‍ അതിനെ ന്യായീകരിക്കുകയാണ്. അത് നാട് മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. അടിവസ്ത്രത്തില്‍ ഹാഷിഷ് ഒളിപ്പിച്ച് വന്ന ഒരു വിദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൊണ്ടി മുതല്‍ കസ്റ്റഡിയില്‍ എടുത്തു. അന്ന് അഭിഭാഷകനായിരുന്ന മന്ത്രി ആ അടിവസ്ത്രം വാങ്ങി കട്ട് ചെയ്ത് പത്ത് വയസുകാരന്റേതാക്കി മാറ്റി. ഫോറന്‍സിക് തെളിവ് വരെ പുറത്ത് വന്നു. മയക്ക് മരുന്ന് കേസില്‍പ്പെട്ട വിദേശിയെ രക്ഷിക്കാന്‍ വേണ്ടി കേട്ടാല്‍ നാണംകെട്ട് പോകുന്ന അറപ്പുളവാക്കുന്ന നടപടി നടത്തിയ ഒരാള്‍ നിങ്ങളുടെ മന്ത്രിസഭയില്‍ ഇരിക്കുകയല്ല? അദ്ദേഹം രാജിവച്ച് പുറത്ത് പോകണം. നിങ്ങള്‍ക്ക് നാണം ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ല. ഇത് കേരളത്തിന് അപമാനകരമാണ്. ഇതൊന്നും പറയാതെ പോകാന്‍ നിങ്ങള്‍ അനുവദിക്കുന്നില്ല.

സ്റ്റാലിന്റെ തടവറക്കാലത്തെ പീഡനങ്ങളെ കുറിച്ച് നാടകം എഴുതിയ നോബല്‍ സമ്മാന ജേതാവിനെ പീഡിപ്പിച്ച് നാട് കടത്തി. മോദി സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പത്രാധിപരായ മുഹമ്മദ് സുബൈറിനെതിരെ കള്ളക്കേസെടുത്തു. നമ്മളൊക്കെ അതിനെ എതിര്‍ക്കുന്നവരാണ്. എന്നാല്‍ എളമരം കരീമിനെ അധിക്ഷേപിച്ചെന്ന് പറഞ്ഞ് ഏഷ്യാനെറ്റിലെ വിനു വി ജോണിനെതിരെ നിങ്ങള്‍ കേസെടുത്തു. ഇതില്‍ എന്താണ് വ്യത്യാസം? നിങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നവരെ കള്ളക്കേസില്‍ കുടുക്കി, നിങ്ങളുടെ മര്‍ദ്ദന ഉപകരണമായ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നു. ഇതല്ലേ ഈ കേരളത്തില്‍ നടക്കുന്നത്? നിങ്ങളുടെ സ്വഭാവം ഫാസിസത്തിന്റെ മറുവശമാണ്. ഇത് നിങ്ങള്‍ അവസാനിപ്പിക്കണം. തുടര്‍ ബരണം കിട്ടിയതിന്റെ ധാര്‍ഷ്ട്യവും ധിക്കാരവും അതിന്റെ പാരമ്യത്തില്‍ നില്‍ക്കുകയാണ്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെ എങ്ങനെ വിശ്വസിക്കും എന്നാണ് നിങ്ങള്‍ ചോദിക്കുന്നത്. പകരം നിങ്ങള്‍ കൊണ്ട് നടക്കുന്നത് ആരെയാണ്? സോളാര്‍ കേസിലെ പ്രതി. അവര്‍ക്ക് എത്ര കേസില്‍ വാറണ്ടുണ്ട്. നിങ്ങള്‍ ശബരിനാഥിനെ അല്ലേ അറസ്റ്റ് ചെയ്യൂ. ഈ സര്‍ക്കാരിന് എന്നെ പേടിയാണെന്ന അവരുടെ ശബ്ദരേഖയുണ്ട്. ഈ അഹങ്കാരവും ധാര്‍ഷ്ട്യവും അവസാനിപ്പിച്ച് വിനയാന്വിതമായി പ്രവര്‍ത്തിക്കാതെ ധാര്‍ഷ്ട്യവും അഹങ്കാരവും കാട്ടുന്ന ഈ സര്‍ക്കാരിന്റെ ധനാഭ്യര്‍ത്ഥനെ എതിര്‍ക്കുന്നു.