ഇരുട്ട്

255
0

അജയ് പള്ളിക്കര /വര: ഗിരീഷ് മൂഴിപ്പാടം


എല്ലാം ഇരുട്ടാണ് കണ്ണാടിയില്‍ കാണുന്ന ഞാനുള്‍പ്പെടെ എല്ലാം-
അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. ക്ലാസ്സുകഴിഞ്ഞു വീട്ടില്‍ വന്ന് ബേഗ് വലിച്ചെറിഞ്ഞു കണ്ണാടിയില്‍ നോക്കിയപ്പോള്‍ ഞാന്‍ മാത്രമായിരുന്നില്ല കണ്ണാടിയില്‍ അപ്പുറത്ത് എന്നെപോലെ ഞാന്‍ തന്നെ ഉണ്ടായിരുന്നു. കണ്ണാടിയില്‍ നിന്ന് കണ്ണെടുത്ത് ചുമരിലെ ചിത്രങ്ങളിലേക്ക് നോക്കിയപ്പോഴും അവയെല്ലാം രണ്ടെണ്ണം ഉണ്ടായിരുന്നു. വാഷ്‌ബേസിലേക്ക് പോയി മുഖം കഴുകി. കണ്ണിലേക്കു വെള്ളമൊഴിച്ചു പുറത്തേക്ക് നോക്കിയപ്പോള്‍ തല്കാലമാശ്വാസം കിട്ടി.
നേരെ കളിക്കാന്‍ ഓടി. വൈകുന്നേരം എനിക്ക് തരാന്‍ വേണ്ടി അമ്മു റോസാപ്പൂ പിടിച്ചു കുന്നിന്‍ മുകളില്‍ കാത്തിരിക്കുന്നുണ്ട്. ധൃതിയില്‍ ഓടി എത്തി. പക്ഷെ അവള്‍ നീട്ടിയ റോ സാപ്പൂ എനിക്ക് വാങ്ങാന്‍ കഴിഞ്ഞില്ല. അവള്‍ നീട്ടിയതിന്റെ അപ്പുറത്തേക്കായിരുന്നു എന്റെ കൈ പോയത്.
”നിനക്കെന്താ കണ്ണു കാണില്ലേ, അന്ധന്‍.”എന്നും പറഞ്ഞു എന്റെ നേ രെക്ക് റോസാപ്പൂ വലിച്ചെറിഞ്ഞു അ വള്‍ ഓടി. മനസ്സ് വിതുമ്പി, അവിടെ ഇരുന്നു, മാനം നോക്കി കിടന്നു. കണ്ണുകള്‍ തടവി.
വീട്ടില്‍ വന്ന് രാത്രി അമ്മയുടെയും അച്ഛന്റെയും ഒപ്പം കിടക്കുമ്പോഴും ഞാന്‍ ഒന്നും പറഞ്ഞില്ല. ഇടക്ക് മൂത്രം ഒഴിക്കാന്‍ എന്നപേരും പറഞ്ഞു കണ്ണാടിയില്‍ വന്ന് എന്റെ മുഖം നോക്കും. പേഴ്‌സിലേക്കുള്ള അച്ഛന്റെയും അമ്മയുടെയും മുഖം നോക്കും കാരണം ഇനി എപ്പോഴാ കാണാന്‍ പറ്റാതാകുക എന്നറിയില്ലല്ലോ. കണ്ണാടിയില്‍ നോക്കി വീണ്ടും അവരുടെ ഇടയില്‍ വന്നു കിടന്നു. മെല്ലെ കണ്ണുകളടച്ചു. ഇരുട്ടുമൂടി. പിറ്റേദിവസം കണ്ണുകള്‍ തുറന്നെങ്കിലും വെളിച്ചം വന്നില്ല. പിന്നീട് ഇരുട്ട് എന്നെ വിട്ട് പോയുമില്ല. പകലുകള്‍ ഞാനറിഞ്ഞില്ല. പകലുകളെല്ലാം രാത്രികളായിരുന്നു പിന്നീട് എനിക്ക്.
മാസങ്ങള്‍ വര്‍ഷങ്ങള്‍ പിന്നിട്ടു കണ്ണില്ലാത്ത എന്നെ അന്ധന്‍ എന്ന് സമൂഹം പേരിട്ടു. എവിടേക്ക് പോകുമ്പോഴും എനിക്ക് തണലായ് ഒരാളും കൂടി വേണ്ടിവന്നു. പിന്നീട് കാഴ്ചയില്ലാത്ത ഒരുപാട് പേരെ പരിചയപ്പെട്ടു. അവരില്‍ ഒരാളായി ഞാനും അവരോടൊപ്പം പഠിച്ചു. കാഴ്ചയില്ലാത്തവര്‍ക്ക് ജീവിതം എന്താണെന്നു പറഞ്ഞു തന്നു. ജീവിക്കാന്‍ പഠിപ്പിച്ചു. പിന്നെ ഇതാ ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ ഒരധ്യാപകനായി നില്‍ക്കുന്നു.
സ്‌കൂളിലെ കണ്ണുകാണാത്ത മൂസമാഷ് പറഞ്ഞു തന്ന അനുഭവമാണിത്. കഥ എല്ലാവരും അത്ഭുതത്തോടെ കേട്ടു നിന്നെങ്കിലും കഴിഞ്ഞതോടെ ഞാന്‍ ചോദിച്ച ചോദ്യം.
”പിന്നീട് മാഷ് മലമുകളിലെ റോസാപ്പൂ പെണ്‍കുട്ടിയെ കണ്ടിരുന്നോ.”എന്നായിരുന്നു.
മറുപടിയായി ഒരു ചിരിയും തന്ന് മാഷിന്റെ കയ്യും പിടിച്ചു ഞാന്‍ ഓഫീസ് റൂമില്‍ കൊണ്ടാക്കി.
അന്ന് ആ കഥ ചോദിപ്പിക്കാന്‍ ഞാന്‍ കാണിച്ച തിടുക്കം മറ്റൊന്നുമല്ല, എന്തോ മാഷിന്റെ അനുഭവങ്ങളുമായി എനിക്കേറെ സാദൃശ്യമുണ്ട്. കണ്ണിലുള്ള മങ്ങല്‍ രണ്ടായി കാണല്‍ ഞാനും അനുഭവിച്ചിട്ടുള്ളതാണ്. രണ്ടുവര്‍ഷം കഴിഞ്ഞു സ്‌കൂളില്‍ നിന്ന് വിട്ടുപോകുമ്പോള്‍ മാഷിനെയും മാഷിന്റെ അനുഭവത്തെയും ഞാന്‍ മുറുക്കെ പിടിച്ചു.
ഇന്ന് ഞാന്‍ പഠനത്തോടൊപ്പം എന്റെ ആഗ്രഹം. സ്വപ്നങ്ങള്‍ കണ്ടെത്താന്‍ സമയം എടുത്തിരിക്കുകയാണ്. ഏത് നിമിഷവും എന്റെ പഠനത്തില്‍ നിന്നും വിടപറയാം.
ഇന്നലെ ഡോക്ടറെ കാണാന്‍ പോയിരുന്നു. അവിടെ നിന്ന് കിട്ടിയതാണ് എന്റെ കണ്ണിലുള്ള ഈ കണ്ണട. ഇതുവെച്ചു കണ്ണാടിയില്‍ നോക്കുമ്പോള്‍ രണ്ടായി കാണുന്നില്ല. ഒരാഴ്ച കഴിഞ്ഞു വീണ്ടും ഡോക്ടര്‍ കാണാന്‍ ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്.
കണ്ണട ഊരിവെച്ചാല്‍ പിന്നെ എല്ലാം മങ്ങലാണ്. ഒന്നും കാണില്ല. ഇടക്കിടെ കണ്ണട ഊരിവെച്ചു മുഖം കഴുകും കണ്ണില്‍ വെള്ളം ഒഴിക്കും രാത്രികളില്‍ കിടക്കാന്‍ പേടിയാണ് കണ്ണടച്ചാല്‍ രാവിലെ കണ്ണ് തുറക്കുമെങ്കിലും വെളിച്ചം വന്നില്ലെങ്കിലോ.
പേര്‍സില്‍ അമ്മയുടെയും അച്ഛന്റെയും രണ്ടേട്ടന്മാരുടെയും ഫോട്ടോ ഉണ്ട്. ഇടക്കിടെ ഞാന്‍ അവരെ നോക്കും നോക്കുമ്പോള്‍ ഞാന്‍ മൂസമാഷിനെ ഓര്‍ക്കും. സാറിന്റെ അനുഭവങ്ങള്‍ ഓര്‍മ്മവരും പേടിയായിരുന്നു അവയെല്ലാം.
പത്താം ക്ലാസ് കഴിഞ്ഞു മൂസമാഷിന്റെ സ്‌കൂളില്‍ തന്നെ ചേരാന്‍ തിടുക്കും കാണിച്ചെങ്കിലും മാഷ് അവിടെ ഉണ്ടായിരുന്നില്ല.ക്ലാസ്സിലും സ്‌കൂളിലും ഭൂരിഭാഗം പേര്‍ക്കും കണ്ണില്‍ കണ്ണട ഉണ്ടായത് കൊണ്ട് എല്ലാവരും അതൊരു പാഷന്‍ ആക്കി മാറ്റി. ഞങ്ങളുടെ ക്ലാസ്സില്‍ തന്നെ 70 ല്‍ 50 പേരും കണ്ണട ഇട്ടു വരുന്നവരാണ്. സ്‌കൂളില്‍ മാത്രമല്ല വീടിനടുത്തുള്ള ചെക്കന്മാരും കൂട്ടുകാരന്മാര്‍ക്കും എല്ലാവര്‍ക്കും ഈ കണ്ണട പറഞ്ഞ സാധനം ഉണ്ട്.
വെക്കാത്തത് ഗോപു മാത്രമാണ്. ഒരിക്കല്‍ അവന്റെ അമ്മയോട് ചോദിച്ചു അവന്‍ എന്താ കണ്ണട ഉണ്ടായിട്ടു അത് വെക്കാത്തത് എന്ന്. അപ്പോള്‍ പറഞ്ഞു.
അവന് ഇപ്പോള്‍ അത്ര പ്രശ്‌നമില്ല. പണ്ടൊക്കെ ഏത് നേരത്തും ടി വി കാണല്‍ ഫോണിലുള്ള കളി ഉണ്ടായിരുന്നു. വെളിച്ചത്ത് മാത്രമല്ല ഇരുട്ടിലും അവന്‍ ഫോണില്‍ കളിക്കും. ഇപ്പോള്‍ അവനെ ഫോണ്‍ കയ്യുകൊണ്ട് തൊടിക്കില്ല ടി വി കേബിള്‍ കട്ടാക്കി അതുകൊണ്ട് പകലുകളില്‍ കണ്ണട വെച്ചില്ലെങ്കിലും കുഴപ്പമില്ല. രാത്രി മാത്രമേ വെക്കാറുള്ളു.
അവന്റെ ഒരു ഭാഗ്യം. കണ്ണട ഊരിയാല്‍ ഒന്നും കാണാത്ത എന്റെ ഗതികേട്. എന്നാലും ഫോണൊക്കെ കൊടുക്കാതിരിക്കുക പറഞ്ഞാല്‍ കടന്ന കയ്യായി പോയി.
എന്റെ ഫോണ്‍ നെറ്റ് ഓണ്‍ ചെയ്താല്‍ മെസ്സേജിന്റെ കളിയാണ്. വാട്ട്‌സാപ്പ് ഫേസ് ബുക്ക് അങ്ങനെ വരും ചടപടയായി.
അച്ഛനും അമ്മയും വൈകുന്നേരം സീരിയല്‍ വെച്ചാല്‍ മുതല്‍ ഞാന്‍ ഫോണില്‍ കളി തുടങ്ങും ഉറങ്ങുംവരെ ഒരു ദിവസം ഭയങ്കര രസമുണ്ടായി. ക്ലാസ്സില്ലാത്ത ഞായര്‍ ദിവസം. രാവിലെ എല്ലാവരും വീട്ടില്‍ നിന്നു പോയി. ഞാനും വീടും ഫോണും മാത്രം. രാവിലെ ഫോണില്‍ ഇരുന്നതാണ് ചായയും , ഭക്ഷണവും കഴിക്കാതെ രാത്രി അവര്‍ വരുന്നതുവരെ ഒറ്റ ഇരിപ്പ്. അവര്‍ വന്നപ്പോള്‍ എഴുന്നേറ്റു. ആകെ മൊത്തം മന്തപ്പായി മുഖം കഴുകാന്‍ പുറത്തെ പൈപ്പിന്റെ അടുത്തേക്ക് പോയി. കണ്ണട തിണ്ടില്‍ വെച്ചു മുഖം കഴുകി. തിരിച്ചു കണ്ണട എടുക്കാന്‍ നോക്കിയപ്പോള്‍ അവിടെ കാണാനില്ല. കുറേ തപ്പി നോക്കി. മങ്ങല്‍ ഉള്ളതുകൊണ്ട് ഒന്നും വ്യക്തമല്ല.
അമ്മാ…. അമ്മാ….
ഉറക്കെ വിളിച്ചു അമ്മ വന്നിട്ടും കുറേ നോക്കി കിട്ടിയില്ല. എന്റെ കയ്യും പിടിച്ചു അകത്തേക്ക് കൊണ്ട് പോയി റൂമില്‍ കിടത്തി. കണ്ണട ഇല്ലാത്തതുകൊണ്ട് ഒന്നും വ്യക്തമല്ല. കയ്യില്‍ ഫോ ണെടുത്തു സമയം 8 മണി എന്റെ പെണ്ണ് ഇ പ്പോള്‍ മെസ്സേജ് അയക്കും വാട്ട്‌സപ്പ് തുറന്നു. ഇടം കണ്ണിട്ട് നോക്കിയും മുകളിലേക്ക് ഫോണ്‍ പിടിച്ചും കണ്ണിനടുത്തു വെച്ചും മെസ്സേജ് ഒരുപാട് വായിച്ചു. അയച്ചു.
പിറ്റേദിവസം അമ്മയെയും കൂട്ടി ആശുപത്രിയില്‍ പോയി പുതിയ കണ്ണട മേടിച്ചു. ഡോക്ടറെ കണ്ടു. ഡോക്ടര്‍ കണ്ണില്‍ നോക്കി പറഞ്ഞു.
പോകും തോറും വളരെ മോശമായി വരുകയാണല്ലോ. ആദ്യത്തെതിനേക്കാളും ഇനിയും കാഴ്ച്ച കുറയാന്‍ സാധ്യത ഉണ്ട്. കണ്ണട വെച്ചു എത്ര നാളുകള്‍ പോകുമെന്നറിയില്ല.
ദാ ആ കസേരയില്‍ കുട്ടിയെ കണ്ടോ മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. ഫോണില്‍ കളിച്ചും ടി വി അടുത്തിരുന്നു കണ്ടും കുട്ടിയുടെ കണ്ണിലുള്ള കാഴ്ച്ച കുറഞ്ഞു കൃഷ്ണമണിയില്‍ വെള്ളപാട് വന്നു തുടങ്ങി ഏത് നിമിഷവും കാഴ്ച നഷ്ടപ്പെട്ടേക്കാം 1,2 വര്‍ഷം സ്‌കൂളില്‍ പോകാതെ വായിക്കാതെ ടി വി കാണാതെ ഫോണില്‍ ഒന്നും കാണിച്ചു കൊടുക്കാതെ ഇരിക്കാന്‍ പറഞ്ഞിരിക്കുകയാണ്. എന്നിട്ടും ശരിയാവുമെന്ന് ഉറപ്പില്ല. ഇതൊക്കെയാണ് ഇപ്പോഴത്തെ പിള്ളേരുടെ പ്രശ്‌നങ്ങള്‍ അവസ്ഥകള്‍.
നിനക്കും ഫോണില്‍ കളിച്ചും ടി വി കണ്ടുമല്ലേ ഈ അവസ്ഥ വന്നത്. ആ കണ്ണുകള്‍ കണ്ടാല്‍ തന്നെ അറിയാം. എത്ര ആളുകള്‍ക്ക് കണ്ണട വെച്ചുകൊടുത്ത കയ്യാ ഇത്.
വീട്ടില്‍ വന്ന് ആദ്യം ഫോണ്‍ എടുത്ത് നോക്കിയപ്പോള്‍ വാട്ട്‌സാപ്പില്‍ ഇന്നലെ രാത്രി അവള്‍ക്ക് അയച്ച മെസ്സേജ് വായിച്ചു ആദ്യം ഞെട്ടി. പിന്നീട് ഞാന്‍ തന്നെ ചിരിച്ചു പോയി. ഒന്നും മനസ്സിലാകുന്നില്ല. അവള്‍ എന്ത് ചോദിക്കുന്നു ഞാന്‍ എന്ത് പറയുന്നു. ആകെ മൊത്തം തമാശയായിരുന്നു. ഒരു വിധത്തിലാണ് അവളെ പറഞ്ഞു മനസ്സിലാക്കിയത്.
രാത്രി കിടക്കുമ്പോള്‍ ഡോക്ടറുടെ വാക്കുകള്‍ മനസ്സില്‍ നിന്നും മായാതെ ഓര്‍ത്തുകൊണ്ടിരുന്നു ആ കുട്ടിയുടെ മുഖം കണ്ണുകാണാത്ത അനുഭവം ഓര്‍ക്കാന്‍ വയ്യ. പതിയെ എല്ലാം നിര്‍ത്താന്‍ തുടങ്ങിയെങ്കിലും മാസങ്ങള്‍ കഴിയും തോറും എല്ലാം എല്ലാം മറക്കുകയാണ്. വീണ്ടും പഴയപോലെയൊക്കെയായി. ഫോ ണില്‍ കളി,ടി വി കാണല്‍ അതിനുപുറമെ വീട്ടുകാരുടെയും കുടുംബക്കാരുടെയും എതിര്‍ അഭിപ്രായങ്ങളുമായി അങ്ങനെ ജീവിതം തുടര്‍ന്നു.
പ്ലസ് ടു ജീവിതം തുടരുന്നു. ഒരു ദിവസം റോഡിലൂടെ നടന്നു വരുമ്പോള്‍ രണ്ടുപേര്‍ അപ്പുറത്തും ഇപ്പുറത്തും കയ്യും പിടിച്ചു ഒരാളെ നടത്തി കൊണ്ടുപോകുന്നത് കണ്ടു. മുഖം നോക്കിയപ്പോള്‍ മൂസമാഷ് മനസ്സിന്റെ ഉള്ളില്‍ എന്തോ പോലെ അടുത്തേക്ക് ചെന്നു.
സര്‍ ഞാന്‍ വിഷ്ണു മാഷിന് എന്നെ ഓര്‍മ്മയുണ്ടോ എന്നറിയില്ല. മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്. 5 തൊട്ട് മൂക്കുതല സ്‌കൂളില്‍. മാഷിനെ ക്ലാസ്സ് മുറിയില്‍ നിന്ന് എപ്പോഴും ഓഫീസിലേക്ക് കൊണ്ടുപോയി ആക്കാറു ഞാനായിരുന്നു. സര്‍ അവിടെ ഉണ്ടാവുമെന്ന് വിചാരിച്ചു പ്ലസ്‌വണ്‍ അവിടെ തന്നെ ചേര്‍ ന്നു. പക്ഷെ സര്‍ പോയ വിവരം അറിഞ്ഞില്ല.
ഞാന്‍ ഓര്‍ക്കുന്നു വിഷ്ണു സുഖമല്ലേ. ഞാനിപ്പോള്‍ ഇവിടെ അടുത്ത സ്‌കൂളിലാ പഠിപ്പിക്കുന്നത്. ഇവര്‍ എന്നെ കൊ ണ്ടാക്കാന്‍ വേണ്ടി വന്നതാ പോട്ടെ എന്നാല്‍ കാണാം.
ഒരു മിനിറ്റ് മാഷ് ഞങ്ങള്‍ക്ക് അഞ്ചാം ക്ലാസ്സില്‍ നിന്ന് കാഴ്ച്ച നഷ്ടപ്പെട്ടു പോയ മാഷിന്റെ ജീവിതം പറഞ്ഞു തന്നിരുന്നു. കുന്നിന്‍ മുകളില്‍ മാഷ് വാങ്ങാതെ പോയ റോസാപ്പൂ പെണ്‍കുട്ടിയെ പിന്നീട് കണ്ടിരുന്നോ എന്ന എന്റെ ചോദ്യത്തിനു ഒന്നും പറയാതെ ചിരിയും തന്ന് പോയി. ഉത്തരം ഞങ്ങള്‍ക്ക് ആര്‍ക്കും മനസ്സിലായില്ല.
അന്ന് അത് പറഞ്ഞില്ല അല്ലേ ഞാന്‍ വിചാരിച്ചു നിങ്ങള്‍ എല്ലാം അറിഞ്ഞുകൊണ്ട് കളിയാക്കുകയാണെന്നു അവളിന്നും അന്നും എന്റെ ഭാര്യയാടോ.
ഞാന്‍ ചിരിച്ചു ഞാന്‍ മാത്രമല്ല മാഷും അവസാനം പിരിയുമ്പോള്‍ ഞാനെന്നും ചോദിക്കാറുള്ളതുപോലെ
മാഷെ സമയം എത്രയായി.
മാഷ് ഇടത്തെ കൈ പൊക്കി വലത്തെ കൈ വാച്ചിന്റെ മുകളില്‍ തൊട്ട് തപ്പി പിടിച്ചു. 6 മണി എന്നും പറഞ്ഞു ഓര്‍മ്മകള്‍ ചികഞ്ഞെടുത്ത് നടന്നുപോയി.
വീട്ടില്‍ വന്ന് ബേഗ് വലിച്ചെറിഞ്ഞു കണ്ണാടിയുടെ മുന്‍പില്‍ ചെന്ന് നോക്കി. മുടി ചീകി കണ്ണട ഒന്നഴിച്ചുമാറ്റി മങ്ങള്‍ തന്നെ. പൈപ്പിന്റെ അടുത്തുപോയി മുഖം കഴുകി കണ്ണട തിരിച്ചുവെച്ചു കീശയിലുള്ള ഫോണെടുത്ത് ബെഡില്‍ കിടന്ന് വാട്ട്‌സ പ്പ് ഫേസ് ബു ക്ക് തുറന്ന് സം സാരിച്ചു ചാറ്റ് ചെയ്തു കിടന്നു.
ഇരുട്ടായപ്പോള്‍ അമ്മ വഴക്കു പറഞ്ഞു ഫോണ്‍ എടുത്ത് വെച്ചു മേലുകഴുകി തിരിച്ചു വന്നും ഫോണില്‍ കളിച്ചു. രാത്രി എല്ലാവരുടേയും ഒപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു ബെഡില്‍ കിടന്നു.പെട്ടെന്ന് കണ്ണിനൊരു മങ്ങല്‍ ഇരുട്ട് വരുന്നതുപോലെ കണ്ണട വെക്കാന്‍ ടേബിളിലേക്ക് കൈ നീട്ടി. പക്ഷെ കണ്ണട കണ്ണില്‍ തന്നെ ഉണ്ടായിരുന്നു. എഴുന്നേറ്റു., പേടിയായി.
മൂസ മാഷിന്റെ അഞ്ചാം ക്ലാസ്സിലെ അനുഭവങ്ങള്‍ എന്നെ ഓര്‍മ്മപ്പെടുത്തി. പേടിപ്പിച്ചുകൊണ്ടിരുന്നു കണ്ണട ഊരി കണ്ണുകള്‍ തിരുമ്മി കണ്ണാടിയുടെ മുന്‍പില്‍ വന്നു നോക്കി. കയ്യുകൊണ്ട് കണ്ണുകള്‍ തൊട്ടു. കണ്ണട കണ്ണില്‍ തന്നെ വെച്ചു പേഴ്‌സിലുള്ള അച്ഛന്റെയും അമ്മയുടെയും രണ്ടേട്ടന്മാരുടെയും ഫോട്ടോ എടുത്ത് നോക്കി. പൊടുന്നനെ സങ്കടം വന്നു. എന്റെ റൂമില്‍ നിന്നും അമ്മയും അച്ഛനും കിടക്കുന്ന റൂമിലേക്ക് പോയി. കണ്ണട ഊരിവെച്ചു അവരുടെ നടുവില്‍ ചെന്നുകിടന്നു.
രാവിലെ കണ്ണ് തുറന്നെങ്കിലും വെളിച്ചം വന്നില്ല. ഇരുട്ടായിരുന്നു മൊത്തം ഇരുട്ട്. പിന്നീടുള്ള പകലുകളെല്ലാം എനിക്ക് ഇരുട്ടായിരുന്നു ആരും കാണാത്ത കൂരാകൂരിരുട്ട്…