ആസാദി കാ അമൃത് മഹോത്സവ്

69
0

സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ ‘ആസാദി കാ അമൃത് മഹോത്സവ്’ ന്റെ ഭാഗമായി കേരള നിയമസഭയും യൂണിസെഫും സംയുക്തമായി നിയോജക മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിച്ചുവരുന്ന പരിപാടികളുടെ തുടർച്ചയായി തൃശ്ശൂർ കയ്പമംഗലം മണ്ഡലത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം 2022നവംബർ 14-ന് വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ വെച്ച് ബഹു.കയ്പമംഗലം എം.എൽ.എ ശ്രീ. ഇ.ടി ടൈസൺ മാസ്റ്റർ നിർവ്വഹിച്ചു.

ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എം.എസ്. മോഹനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ഇ.എസ് അസ്മാബി കോളേജ് പ്രിൻസിപ്പൽ ഡോ.എ.ബിജു സ്വാഗതം ആശംസിച്ചു .

എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു രാധാകൃഷ്ണൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ശോഭന ശാർങ്‌ധരൻ,എം.ഇ.എസ്‌ മാനേജ്‌മന്റ് കമ്മിറ്റി സെക്രട്ടറി അഡ്വ നവാസ് കാട്ടകത്ത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു . മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് അംഗങ്ങൾ, എം.ഇ.എസ്.അസ്മാബി കോളേജ് സ്റ്റാഫ്, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ജനാധിപത്യ ഇന്ത്യയിൽ ജനിച്ച നമുക്ക് നമ്മുടെ പൂർവ്വികർ നടത്തിയ സ്വാതന്ത്ര്യ പോരാട്ടത്തെക്കുറിച്ച് മനസ്സിലാക്കുവാൻ ലഭിക്കുന്ന സുവർണാവസരമാണ് നിയമസഭാ മ്യൂസിയം ഒരുക്കുന്ന ഈ പ്രദർശനമെന്ന് ബഹു.എം.എൽ.എ. ചൂണ്ടിക്കാട്ടി.
കേരള നിയമസഭ 2022 നവംബർ 28 മുതൽ ഡിസംബർ 4 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ ഏവരും പങ്കെടുക്കണമെന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന പ്രവർത്തങ്ങൾക്ക് അത് ഊർജ്ജമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭാ അണ്ടർ സെക്രട്ടറി ശ്രീ. ആർ.ബിനു ചടങ്ങിന് കൃതജ്ഞത നേർന്നു.

തുടർന്ന് വിദ്യാർത്ഥികൾക്കും യുവജന പ്രതിനിധികൾക്കുമായുളള യുണിസെഫിന്റെ പ്രത്യേക പരിപാടി രണ്ട് സെഷനുകളായി സംഘടിപ്പിച്ചു. ആദ്യ സെഷനിൽ
കാലാവസ്ഥാ വ്യതിയാനം  സംബന്ധിച്ച വിഷയത്തിൽ കാർഷിക സർവകലാശാല മുൻ അദ്ധ്യാപകൻ
ഡോ. ഗോപകുമാർ ചോലയിൽ ക്ളാസ് നയിച്ചു.

ഉച്ചയ്ക്കു ശേഷം നടന്ന രണ്ടാംസെഷനിൽ
‘കാലാവസ്ഥാ സംബന്ധിയായ ദുരന്തങ്ങൾ : പ്രതിരോധ – അതിജീവന നൈപുണ്യങ്ങൾ’
എന്ന വിഷയത്തിൽ യൂണിസെഫ് കേരള കൺസൽട്ടന്റ് ശ്രീ. ജോ ജോൺ ജോർജ് ക്ളാസ്സ് നയിച്ചു.

നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിലുളള ഫോട്ടോ/വീഡിയോ പ്രദർശനം നവംബർ 15നു വൈകീട്ട് 5 മണി വരെ തുടരും