ഭൂതലത്തില്‍ നിന്ന് മുകളിലേക്കുയരുന്ന ചൂടുപിടിച്ച നീരാവി വളരെ പെട്ടെന്ന് തണുക്കുമ്പോഴാണ് ആലിപ്പഴം രൂപം കൊള്ളുന്നതെന്നാണ് മിക്കശാസ്ത്രജ്ഞന്മാരുടെയും അഭിപ്രായം.ചൂടുള്ള നീരാവി ഭൂമിയില്‍നിന്ന് ഉദ്ദേശം 1000-2000 മീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ അത് മുകളില്‍നിന്ന് താഴോട്ടൊഴുകിക്കൊണ്ടിരിക്കുന്ന തണുത്ത വായുവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നു. ഈ അവസരത്തില്‍ നന്നെ ചെറിയ ഐസ് കഷണങ്ങളായി മാറുന്നു.ഈ പ്രക്രിയ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഐസ്‌കഷണങ്ങളുടെ വലിപ്പവും ഭാരവും കൂടുകയും അത് താഴോട്ട് വര്‍ഷിക്കപ്പെടുകയും ചെയ്യുന്നു.
നമ്മുടെ നാട്ടില്‍ വിരളമായി മാത്രമേ ആലിപ്പഴവര്‍ഷം ഉണ്ടാകാറുള്ളു. എന്നാല്‍ ശൈത്യകാലാവസ്ഥയുള്ള രാജ്യങ്ങളില്‍ ആലിപ്പഴവര്‍ഷം സാധാരണമാണ്. ആലിപ്പഴവര്‍ഷം മൂലം ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ രൂക്ഷമായ കൃഷിനാശം സംഭവിക്കാറുണ്ട്. മുന്തിരിത്തോട്ടങ്ങളാണ് ആലിപ്പഴവര്‍ഷത്തിന്റെ ആക്രമണത്തിന് ഏറ്റവും കൂടുതല്‍ വിധേയമാകാറുള്ളതത്രെ.
സാധാരണ ഗതിയില്‍ ഏറെ വലിപ്പമില്ലാത്ത ഐസുകഷണങ്ങളാണ് ആലിപ്പഴമായി വര്‍ഷിക്കപ്പെടാറുള്ളത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ വലിപ്പം കൂടിയ ആലിപ്പഴങ്ങളും വര്‍ഷിക്കപ്പെടാറുണ്ട്. 1889 നവംബറില്‍ ന്യൂസൗത്ത് വെയില്‍സിലെ ഒരു തെരുവില്‍ വര്‍ഷിക്കപ്പെട്ട ആലിപ്പഴങ്ങള്‍ക്ക് ക്രിക്കറ്റ് പന്തിന്റെ വലിപ്പമുണ്ടായിരുന്നുവത്രെ. ചെറിയ ആലിപ്പഴങ്ങള്‍പ്പോലും ഏറെ ഉയരത്തില്‍നിന്ന് ഊക്കില്‍ വന്നു വീഴുന്നതുമൂലം, മനുഷ്യര്‍ക്കും കെട്ടിടങ്ങള്‍ക്കും മറ്റും അപകടങ്ങള്‍ സംഭവിക്കാറുണ്ട്. ആലിപ്പഴവര്‍ഷം ഏറെ വിസ്തൃതമായസ്ഥലത്ത് അനുഭവപ്പെടാറില്ല. ചെറിയ പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചാണ് ഇത് ഉണ്ടാകാറുള്ളത്. അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന ചില വിദ്യുത്പ്രക്രിയകളും ആലിപ്പഴമുണ്ടാകുന്നതിന് ഇടയാകാറുണ്ടത്രെ.