അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നും വില്‍പ്പന സമ്മര്‍ദത്തില്‍.

64
0

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബുധനാഴ്ച വന്‍ ഇടിവു നേരിട്ട അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നും വില്‍പ്പന സമ്മര്‍ദത്തില്‍. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ ഇരുപതു ശതമാനത്തോളം ഇടിവാണ് ഗ്രൂപ്പ് ഓഹരികള്‍ക്കുണ്ടായത്.

ബുധനാഴ്ച റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഏകദേശം 90,000 കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു.

നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിച്ച് തുടങ്ങിയതോടെ ഹിന്‍ഡന്‍ബര്‍ഗിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന അറിയിപ്പുമായി അദാനി ഗ്രൂപ്പ് രംഗത്തുവന്നിരുന്നു.
എന്നാല്‍ ഇതൊന്നും നിക്ഷേപകരെ സ്വാധീനിച്ചില്ലെന്നാണ് ഇന്നത്തെ വ്യാപാരം സൂചിപ്പിക്കുന്നത്.
ഏതാണ്ട് എല്ലാ അദാനി കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

അദാനി ഗ്രൂപ്പിന്റെ ഇടിവ് മുംബൈ, ദേശീയ ഓഹരി സൂചികളിലും പ്രതിഫലിച്ചു. സെന്‍സെക്‌സ് 578.19 പോയിന്റും നിഫ്റ്റി 144 പോയിന്റും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.

അദാനി ഗ്രൂപ്പിലെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് യുഎസ് ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ റിപ്പോര്‍ട്ട് കള്ളമാണ് എന്നാണ് അദാനിയുടെ വാദം. ഹിഡന്‍ബര്‍ഗിനെതിരെ ഇന്ത്യയിലേയും യുഎസിലേയും നിയമ സാധ്യതകള്‍ പരിശോധിക്കുമെന്ന് അദാനി ഗ്രൂപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അദാനി ഗ്രൂപ്പ് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചതിനു പിന്നാലെ ഹിന്‍ഡന്‍ബര്‍ഗ് പ്രതികരണവുമായി എത്തി. റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഏതു രീതിയിലുള്ള അന്വേഷണവും നേരിടാനും തയാറാണ് എന്നാണ് അവര്‍ വ്യക്തമാക്കിയത്.