അടിയന്തിര പ്രമേയ നോട്ടീസില്‍ ഇടപെട്ട് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നടത്തിയ പ്രസംഗംം (29/01/2024)

16
0

പാവങ്ങളുടെ പെന്‍ഷനും കുട്ടികളുടെ ഉച്ചക്കഞ്ഞിയുമല്ല, അഴിമതിയും ധൂര്‍ത്തുമാണ് പിണറായി സര്‍ക്കാരിന്റെ മുന്‍ഗണന; ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 മാസത്തെ പെന്‍ഷന്‍ മുടങ്ങിയെന്നത് പച്ചക്കള്ളം; നിയമസഭയില്‍ ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞത് സി.പി.എം നരേറ്റീവ്

സംസ്ഥാനത്ത് അന്‍പത് ലക്ഷത്തോളം പേര്‍ക്ക് അഞ്ച് മാസമായി സമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന വിഷയത്തിലാണ് പി.സി വിഷ്ണുനാഥ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പെന്‍ഷന്‍ ലഭിക്കാതെ ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരനായ ജോസഫ് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചശേഷമാണ് ജോസഫ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്കുള്ള കാരണം മരുന്നിന്റെ കുറിപ്പടിയില്‍ എഴുതിവച്ചിട്ടിട്ടും ആത്മഹത്യയ്ക്ക് കാരണം സര്‍ക്കാര്‍ അല്ലെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യമന്ത്രി പറയുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്ത് ഒരു വര്‍ഷം 28000 രൂപ കിട്ടിയതിനാല്‍ ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലായിരുന്നെന്ന് പറയുന്നതില്‍ എന്ത് വസ്തുതയാണുള്ളത്. ആത്മഹത്യാ കുറിപ്പിന്റെ ആധികാരികതയെ കുറിച്ചാണ് പൊലീസ് ഇപ്പോഴും അന്വേഷിക്കുന്നത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യയെ കുറിച്ച് ധനകാര്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.

അഞ്ച് മാസം പെന്‍ഷന്‍ നല്‍കാത്തതില്‍ ഒരു കുഴപ്പവും ഇല്ലെന്ന തരത്തിലാണ് മന്ത്രി സംസാരിക്കുന്നത്. പെന്‍ഷന്‍ ലഭിക്കാത്തതിനാല്‍ മരുന്ന് പോലും വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പാവങ്ങള്‍. പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഭിക്ഷാപാത്രവുമായി ഇറങ്ങിയ മറിയ ചേട്ടത്തിക്കെതിരെ തെറ്റായ വാര്‍ത്ത നല്‍കിയ ദേശാഭിമാനിക്ക് ഒടുവില്‍ മാപ്പ് പറയേണ്ടി വന്നു. എന്നിട്ടും അവരെ സൈബര്‍ ഇടങ്ങളില്‍ ഇപ്പോഴും ആക്രമിക്കുകയാണ്. ഇതുതന്നെയാണ് ജോസഫിന്റെ കാര്യത്തിലും ആന്തൂരിലെ സാജന്റെ കാര്യത്തിലും ചെയ്തത്. മരിച്ചാലും നിങ്ങള്‍ വെറുതെ വിടില്ല.

അഞ്ച് മാസമായി പെന്‍ഷന്‍ നല്‍കാത്തവരാണ് പഴയ കണക്ക് പറയുന്നത്. 2016-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മുടങ്ങിയ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ബാധ്യത തീര്‍ക്കാന്‍ 806 കോടി രൂപ വേണ്ടി വന്നെന്നാണ് ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്ക് ധവളപത്രത്തില്‍ പറഞ്ഞത്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ 400 രൂപയായിരുന്നെന്ന് ധനമന്ത്രി കെ.എം ബാലഗോപാല്‍ പറഞ്ഞതും തെറ്റാണ്. 1-4-2010- ല്‍ 300 രൂപയായിരുന്നു പെന്‍ഷനെന്ന് ബാലഗോപാല്‍ തന്നെ നിയമസഭയില്‍ ചോദ്യത്തിന് മറുപടി നല്‍കിയിട്ടുണ്ട്. 2011- ല്‍ വി.എസ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പെന്‍ഷന്‍ 400 രൂപയായി ഉയര്‍ത്തി. പക്ഷെ തൊട്ടുപിന്നാലെ അധികാരത്തിലെത്തിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ആ പണം നല്‍കിയത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ തുക 2013 ല്‍ 500 രൂപയും 2014-ല്‍ 600 രൂപയായും വര്‍ധിപ്പിച്ചു. 80 വയസിന് മുകളിലുള്ളവര്‍ക്ക് 1100 രൂപയും 1200 രൂപയുമാക്കി. അച്യുതാനന്ദന്‍ സര്‍ക്കാര്‍ 16 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കിയപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 35 ലക്ഷം പേര്‍ക്കാന്‍ പെന്‍ഷന്‍ നല്‍കിയത്. ക്ഷേമനിധി പെന്‍ഷനുകള്‍ കൂടി കൂട്ടിയാല്‍ അത് 44 ലക്ഷമാകും.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 18 മാസം പെന്‍ഷന്‍ മുടങ്ങിയെന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 2014 നവംബര്‍ മുതല്‍ 2015 ജനുവരി വരെയുള്ള മൂന്ന് മാസത്തെ പെന്‍ഷന്‍ കുടിശികയുണ്ടായിരുന്നെന്നാണ് ധനമന്ത്രിയായിരുന്ന തോമസ് ഐസക് നിയമസഭയില്‍ നല്‍കിയ ഉത്തരത്തില്‍ പറയുന്നത്. പെന്‍ഷന്‍ മുടങ്ങാനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ഡി.ബി.റ്റി സംവിധാനത്തില്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ രേഖപ്പെടുത്താത്തതും തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങളും കാരണമാണ് പെന്‍ഷന്‍ മുടങ്ങിയത്. സര്‍ക്കാര്‍ പണം നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാലാണ് പെന്‍ഷന്‍ ലഭിക്കാതിരുന്നതെന്നാണ് തോമസ് ഐസക് വിശദീകരിച്ചത്. 806 കോടിയായിരുന്നു ആ കുടിശിക. 18 മാസത്തെ പെന്‍ഷന്‍ മുടങ്ങിയെന്നത് ഗീബല്‍സിയന്‍ മോഡലില്‍ സി.പി.എം ഉണ്ടാക്കിയ നരേറ്റീവാണ്. ഇത് ഭരണപക്ഷത്തെ എം.എല്‍.എമാര്‍ പോലും വിശ്വസിച്ചിരിക്കുകയാണ്. ഒരു നുണ ആയിരം വട്ടം ആവര്‍ത്തിച്ച് പറഞ്ഞാല്‍ സത്യമായി മാറുമെന്നു കരുതി നിങ്ങള്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണ് ഇന്ന് നിയമസഭയില്‍ ഇടിഞ്ഞുവീണത്.

ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവര്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങാന്‍ പാടില്ലെന്ന് നിങ്ങള്‍ ഉത്തരവിറക്കി. അംശാദായം അടച്ചാണ് ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നത്. സമൂഹിക സുരക്ഷാ പെന്‍ഷന്‍ വേറെയല്ലെ? ഇളവുകള്‍ വരുത്തി ഞങ്ങള്‍ പരമാവധി പേരെ ഉള്‍പ്പെടുത്തിയപ്പോള്‍ നിങ്ങള്‍ ഒഴിവാക്കി. അന്ന് 600 രൂപയാണ് നല്‍കിയതെങ്കില്‍ ഇപ്പോള്‍ 1600 രൂപയല്ലേ നല്‍കുന്നതെന്നാണ് മന്ത്രി ചോദിക്കുന്നത്. അത് ശരിയാണ്. അന്ന് അരി വില 28 രൂപയായിരുന്നത് ഇന്ന് 60 രൂപയായി. ഏഴര വര്‍ഷത്തിന് മുന്‍പുള്ള വിലയാണോ ഇന്ന് മരുന്നിനുള്ളത്. 200 മുതല്‍ 300 ശതമാനം വരെയാണ് വില വര്‍ധനവുണ്ടായത്. അങ്ങനെയെങ്കില്‍ ഇ.എം.എസിന്റെ കാലം മുതല്‍ക്കുള്ള കണക്ക് നോക്കാം. അന്നത്തെ കണക്കും ഇന്നത്തെ കണക്കും തമ്മില്‍ താരതമ്യം ചെയ്യാനാകില്ല. അങ്ങനെയെങ്കില്‍ എന്തിനാണ് ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ വയ്ക്കുന്നത്. ഇ.എം.എസിന്റെ കാലത്ത് നല്‍കിയ ശമ്പളം നല്‍കിയാല്‍ പോരെ? ജീവിതച്ചെലവ് വര്‍ധിക്കുമ്പോള്‍ കാലാകാലങ്ങളില്‍ പെന്‍ഷനും ശമ്പളവും വര്‍ധിപ്പിക്കും. നിങ്ങളുടെ കാലത്ത് ഇത്രയെ നല്‍കിയുള്ളൂ, ഞങ്ങള്‍ കൂടുതല്‍ നല്‍കി എന്ന് പറയുന്നത് ശരിയല്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പ് ജയിക്കാന്‍ തോമസ് ഐസക്ക് പുറത്ത് നിന്ന് പണമുണ്ടാക്കി പെന്‍ഷന്‍ നല്‍കി. അതിന്റെ പരിണിത ഫലമാണ് കെ.എന്‍ ബാലഗോപാല്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. വരാനിരിക്കുന്ന സര്‍ക്കാരുകള്‍ ഇതിന്റെ ഫലം അനുഭവിക്കുമെന്ന് പ്രതിപക്ഷം അന്നേ മുന്നറിയിപ്പ് നല്‍കിയതാണ്. കിഫ്ബിയും പെന്‍ഷന്‍ ഫണ്ടും ബജറ്റിന് പുറത്താണെങ്കിലും അന്തിമ ബാധ്യത ബജറ്റിലേക്ക് വരും. അന്ന് ഞങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് ഇപ്പോള്‍ യാതാര്‍ത്ഥ്യമായിരിക്കുകയാണ്. സഞ്ചിത നിധിയില്‍ നിന്നും പണമെടുത്ത് കടം വീട്ടേണ്ട അവസ്ഥയിലേക്ക് നിങ്ങള്‍ എത്തിയിരിക്കുകയാണ്.

കേരളീയം നടത്തിയത് ലോകം മുഴുവന്‍ ശ്രദ്ധിച്ചെന്നാണ് മുഖ്യമന്ത്രി അഭിമാനത്തോടെ പറയുന്നത്. ഓണാഘോഷം കഴിഞ്ഞ് രണ്ട് മാസം തികയുന്നതിന് മുന്‍പാണ് തുലാമാസത്തില്‍ പണം ഇല്ലാത്ത കാലത്ത് കേരളീയം നടത്തിയത്. പെന്‍ഷനും കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണത്തിനുമുള്ള പണവും നല്‍കണമെന്നതാണോ മഴക്കാലത്ത് കോടികള്‍ മുടക്കി കേരളീയം നടത്തണമെന്നതാണോ ഈ സര്‍ക്കാരിന്റെ മുന്‍ഗണന? നിങ്ങള്‍ തന്നെയാണ് മുന്‍ഗണന തീരുമാനിക്കേണ്ടത്. പെന്‍ഷനോ കുഞ്ഞള്‍ക്ക് ഭക്ഷണം നല്‍കുന്നതോ അല്ല നവകേരളവും കേരളീയവും നടത്തുകയെന്നതാണ് ഈ സര്‍ക്കാരിന്റെ മുന്‍ഗണന. ധൂര്‍ത്തും അഴിമതിയുമാകരുത് സര്‍ക്കാരിന്റെ മുന്‍ഗണന. ഭക്ഷണം കഴിക്കാനും മരുന്ന് വാങ്ങാനും പണമില്ലാത്ത 50 ലക്ഷത്തോളം പേര്‍ക്ക് നിങ്ങള്‍ പണം കൊടുക്കേ മതിയാകൂ. ഫെബ്രുവരി ആദ്യ ആഴ്ച പെന്‍ഷന്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയാറുണ്ടോ?