അച്ഛന്‍ അങ്ങനെ സസിയായി

2194
0

എസ്. സുരേഷ് കുമാര്‍

ചെറുചാറ്റലുള്ള ഒരു വെള്ളിയാഴ്ചയായിരുന്നു അന്ന്. പിറ്റേദിവസം അവധി. ക്ലാസ്സ് കഴിഞ്ഞ് ഞാനും, രാജുവും ബഷീറും കൂടി ഘോഷയാത്രയായി  ഇടവഴിയിലൂടെ പമ്പരം കറക്കികൊണ്ട് ട്യൂഷന്‍ ക്ലാസ്സിലേയ്ക്ക് നടന്ന് നീങ്ങുകയായിരുന്നു. ഓരോ സീസണിലും ഞങ്ങള്‍ക്ക് ഓരോ കളികളാണ്. പമ്പരത്തിന്റെ സീസണാവുമ്പോള്‍ പുസ്തകം എടുക്കാന്‍ മറന്നാലും ഞങ്ങളുടെ നിക്കറില്‍ പമ്പരവും ചരടും തീര്‍ച്ചയായും ഉണ്ടാവും. എപ്പോഴാണ് പമ്പരം കറക്കാന്‍ പറ്റുന്ന ഗ്യാപ്പ് കിട്ടും എന്ന് നേരത്തേ പ്രവചിക്കാന്‍ പറ്റുകയില്ലല്ലോ. സ്‌കൂള്‍ വരാന്തകളില്‍, ക്ലാസ്സ് മുറിക്കുള്ളില്‍, ഇന്റര്‍വെല്ലില്‍, ഉച്ചയ്ക്ക്, ട്യൂഷന്‍ ക്ലാസ്സില്‍, ഗ്രൗണ്ടില്‍, ആകാശത്തില്‍. എവിടെയും ഞങ്ങള്‍ പമ്പരം കറക്കും. പമ്പരത്തിന്റെ സീസണ്‍ കഴിയുമ്പോള്‍ ഗോലി. പിന്നെ കുട്ടിയും കോലും… കുട്ടിയും കോലും കൊണ്ട് ഞങ്ങള്‍ ആ പ്രദേശത്തെ ഒരുവിധമുള്ള ഗ്രൗണ്ടുകള്‍ മുഴുവന്‍ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റ്കാര്‍ അതില്‍ ഒട്ടും സന്തുഷ്ടരല്ലായിരുന്നു. ഞങ്ങള്‍ക്ക് ഒരു വായ്ത്താരിയുണ്ടായിരുന്നു. ചാക്കൂട്ടാന്‍, ചാത്യാപ്പുറം. മുറമുട്ടി, നായ്‌ക്കോണി, ഐത്തുകോണി, ആരഞ്ചി, കീളേസ്… ഇതിന്റെയൊന്നും അര്‍ത്ഥവും വ്യാകരണവും ചോദിക്കരുത്  പ്ലീസ്.  ഞങ്ങളെ കണ്ട് പഠിച്ചിട്ടാണ് സര്‍വ്വേക്കാര്‍ പിന്നീട് നാടായ നാടൊക്കെ റീസര്‍വ്വേ അളക്കാന്‍ തുടങ്ങിയത്.
ബ്‌ളണ്ട് ആയിപ്പോയ എന്റെ പമ്പരത്തിന്റെ ആണി ഞാന്‍ റോഡില്‍ ഉരച്ച് കൂര്‍പ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാജു എന്നെ തോണ്ടി ആ കാഴ്ച കാണിച്ചുതന്നത്. വളവിലെ ആലിന്‍ചുവട്ടില്‍ ആള്‍ക്കൂട്ടം. എന്തോ കളി നടക്കുന്നുണ്ട്. കളി അത്തന്നെ. മുച്ചീട്ടുകളി. ആ കളി ഞാന്‍ ഇതുവരെ  കണ്ടിട്ടില്ല. കളിച്ചാല്‍ പോലീസ് പിടിക്കും എന്ന് കേട്ടിട്ടേയുള്ളു. ബഷീര്‍ മുമ്പൊരിക്കല്‍ രഹസ്യമായ് കളിച്ചിട്ടുണ്ടത്രേ. ബുദ്ധിയുള്ളവര്‍ക്ക് എളുപ്പത്തില്‍ ജയിക്കാവുന്നതേയുള്ളു. കാശ് ഇരട്ടിയാവും. പക്ഷേ ഇന്ന് അവന്റെ കൈയില്‍ കാശില്ല. എനിക്കാണെങ്കില്‍ ബുദ്ധിയുമുണ്ട് കാശും ഉണ്ട്. സ്‌കൂളിലെ കോമ്പോസിഷന്‍ നോട്ടിനുള്ള കളക്ഷന്‍ ലീഡറായ എന്റെ കയ്യിലാണ്.
”വാ.. ചുമ്മാ പോയി നോക്കാം…”
ഞങ്ങള്‍ മൂന്ന് പേരും ഉന്തിയും തള്ളിയും മുന്‍നിരയില്‍ സ്ഥാനം പിടിച്ചു. കളി വളരെ രസമാണ്. താടിക്കാരന്റെ കൈയില്‍ മൂന്ന് ശീട്ടുകള്‍ മാത്രമേയുള്ളു. ഒരു ജോക്കര്‍. മറ്റു രണ്ടും ക്ലാവറും ഇസ്‌പേടും. അയാള്‍ ആദ്യം നമ്മക്ക് ജോക്കറെ വ്യക്തമായി കാണിച്ചുതരും. എന്നിട്ട് ഷിക്ക്… ഷിക്ക് എന്ന് ശബ്ദം ഉണ്ടാക്കികൊണ്ട് ചീട്ട് പരത്തിയിടും. നമ്മക്ക് വ്യക്തമായറിയാം ഇതാണ് ജോക്കറെന്ന്. നമ്മള്‍ വയ്ക്കുന്ന കാശു ജോക്കറിന്റെ പുറത്താണെങ്കില്‍… ഒന്നുവച്ചാല്‍ രണ്ട്. എത്ര കാശു വയ്ക്കുന്നുവോ അത് ഇരട്ടിയായി തിരികെ കിട്ടും.
‘ഹായ്… എന്തെളുപ്പം…..!’ ഞാനറിയാതെ എന്റെ കണ്ണുകള്‍ പോക്കറ്റിലേക്ക്. അഞ്ചിന്റെ രണ്ട് പച്ചനോട്ടുകള്‍. രണ്ട് രൂപേട ചില്ലറ വേറെയും. പലരും പൈസ വയ്ക്കുന്നു. ഇരട്ടിക്കുന്നു. എനിക്കങ്ങ് ആവേശം മൂത്തു. എന്റെ കന്നിവിളയാട്ടം അമ്പത് പൈസയില്‍ തുടങ്ങി. എന്റെ ജോക്കര്‍ പരദൈവങ്ങളേ രക്ഷിക്കണേ…!
ഹായ്…. എനിക്ക് വിശ്വസിക്കാന്‍ വയ്യ!
എന്റെ കണക്ക്കൂട്ടലുകള്‍ പിഴച്ചില്ല. ഒരു രൂപയുടെ വെള്ളിത്തുട്ട് വിറങ്ങലിച്ചുകൊണ്ട് ഇതാ എന്റെ ഉള്ളംകൈയില്‍ തലകുനിച്ചു നില്‍ക്കുന്നു. ഈ ബുദ്ധിരാക്ഷസനോടാ ഇവന്മാരുടെ കളി. ഞാന്‍ ബഷീറിനെ ഒന്ന് പുഛിച്ചിട്ട് രാജുവിനെ കടക്കണ്ണെറിഞ്ഞു. അവനും അമ്പരന്ന് നില്‍ക്കുന്നു. നില്‍ക്കട്ടേ… നിന്ന് കാണട്ടേ എന്റെ വീരവിളയാട്ടം.ഇതാ ഇപ്പോള്‍ ജോക്കര്‍ വലത്തേയറ്റത്താണ്.
ഒരു രൂപ നാണയം ഞാന്‍ സ്റ്റൈലായി ചൂണ്ട് വിരലിനും നടുക്കത്തെ വിരലിനും ഇടയില്‍ പിടിച്ചു. വലത്തേയറ്റം പോട്ടേ.
‘ഹായ്…’ പിങ്ക് നിറമുള്ള ഒരു രണ്ട് രൂപ ഇപ്പോള്‍ എന്റെ കൈയില്‍. എനിക്ക് വയ്യ. ഞാന്‍ വളരെ പെട്ടെന്ന് തന്നെ കളിപഠിച്ചു കഴിഞ്ഞിരിക്കുന്നു. എനിക്കപ്പോള്‍ ഈവിദ്യാഭ്യാസ സമ്പ്രദായത്തോട് തന്നെ വെറുപ്പും പുച്ഛവും തോന്നി. വെറുതേ ഉ.സാ.ഘ യും ലാ.സാ.ഗു വുമൊക്കെ കുട്ടികളുടെ തലച്ചോറില്‍ കുത്തിക്കയറ്റി…. ത്തൂ. യഥാര്‍ത്ഥത്തില്‍ ഇതുപോലുള്ള കളികളില്‍ കുട്ടികള്‍ക്ക് ക്ലാസ്സ് റൂം പരിശീലനം നല്‍കുകയാണ് വേണ്ടത്. അപ്പോഴേക്കും എന്നിലെ സാമ്പത്തിക വിദഗ്ദ്ധന്‍ ഉണര്‍ന്ന് കഴിഞ്ഞിരുന്നു. പത്തുംപതിനഞ്ചും വര്‍ഷം പഠിച്ച് ജോലി നേടി സമ്പാദിക്കുന്നതിനേക്കാളും എത്ര പെട്ടെന്നാണ് ഇതില്‍ സമ്പാദിക്കാന്‍ കഴിയുന്നത്.  അങ്ങനെ ആത്മവിശ്വാസം അതിരുകടന്ന ആ നിമിഷം ഞാന്‍ എടുത്ത് വീശിയത് ഒരു മുഴുത്ത അഞ്ചിന്റെ നോട്ട്.
‘ഡീം…’
ഈ കേട്ടത് എന്റെ ഹൃദയം തകര്‍ന്ന് വീണതിന്റെ ഒച്ചയാണ്. രാജു നിന്നു കിണിക്കുന്നു. ‘തെണ്ടി… ഇനിയിങ്ങ് വാ രാജമ്മ ടീച്ചറിന്റെ ഹോംവര്‍ക്ക് കാണിച്ച് തരുമോ എന്നും ചോദിച്ചോണ്ട്
”പോട്ട് മോനേ. സാരല്യ. നമക്ക് തിരിച്ച് പിടിക്കാടാ….”
ഇതും ആ താടിയുടെ ആളാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അറിഞ്ഞാലും ഇല്ലേലും എന്റെ കോമ്പോസിഷന്‍ പൈസ എനിക്ക് തിരിച്ചുപിടിച്ചേ പറ്റു. ഞാന്‍ പൊരുതി. അടുത്ത പച്ചനോട്ടും ‘ഡിം’. എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. നിവര്‍ത്തിയില്ല. പോയ പൈസ എങ്ങനെയെങ്കിലും തിരിച്ചുപിടിച്ചേ പറ്റു. വീണ്ടും രണ്ട് രൂപ കൂടി പോയിക്കിട്ടിയപ്പോള്‍ എന്റെ കൂടെവന്നവന്മാര്‍ നൈസായി സ്ഥലം വിട്ടു. എനിക്കങ്ങനെ ഓടാന്‍ കഴിയുകയില്ലല്ലോ. ദേഷ്യം കൊണ്ട് എന്റെ കണ്ണുകള്‍ ചുവന്നു. താടിക്കാരനെ പിടിച്ച് തള്ളിയിട്ട് എന്റെ പൈസയും എടുത്തുകൊണ്ട് ഒറ്റഓട്ടം വച്ചു കൊടുത്താലോ? അതേയുള്ളു പോംവഴി. പക്ഷേ വിചിത്രമായ ചില ശബ്ദങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് പൊട്ടി പൊട്ടി കരയാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. ഇനി താടിക്കാരന്റെ കാലുപിടിക്കുകയല്ലാതെ വേറെ വഴിയില്ല. ഞാന്‍ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് തലപൊക്കിയ നിമിഷം…
എന്റമ്മേ… ഇടിവെട്ടിയവനെ പാമ്പ് കടിച്ചോ…?
കൂട്ടത്തിനിടയിലൂടെ എന്നെ തന്നെ തുറിച്ച് നോക്കികൊണ്ട് ബേങ്കര്‍ മാമന്‍ ഫല്‍ഗുനന്‍ പിള്ള. ഞാന്‍ ആദ്യം തല പിന്നോട്ട് വലിച്ചു. പിന്നെ തലതെറിച്ച് ഓടി. പിന്നൊന്നും ഓര്‍മ്മയില്ല. പുസ്തകമോ ചെരുപ്പോ കുടയോ എന്തൊക്കെ എടുത്തു എന്തൊക്കെ ഉപേക്ഷിച്ചു എന്നൊന്നും അറിഞ്ഞുകൂടാ. എന്റെ പുറകേ കുറേ കാലൊച്ചകള്‍. താടിക്കാരനോ… അതോ ബേങ്കറോ… ഓടുക ഒന്നേയുള്ളു മാര്‍ഗ്ഗം… ചെന്നെത്തിയത് വീണ്ടും സ്‌കൂള്‍ ഗ്രൗണ്ടില്‍. പുറകേ  ഓടിവന്നത് മൂവര്‍ സംഘത്തിലെ മറ്റവന്മാര്‍ തന്നെ. ഓ… രക്ഷപ്പെട്ടു.
ഫല്‍ഗുനന്‍ പിള്ളയെ നിങ്ങള്‍ അറിയും. അമ്മേടെ ഒരു അകന്ന ബന്ധു. ഭൂലോക പുളുവടിയും പരദൂഷണവും. ഫുഡാണ് മറ്റൊരു വീക്ക്‌നെസ്. പണ്ട് പട്ടാളത്തില്‍ സുമ്പേദാറായിരുന്നു എന്നൊക്കെ തട്ടിവിടും. ചുമ്മാ ഡാവ്. വല്ല തൂപ്പായിരുന്നിരിക്കും എന്നാണ് അച്ഛന്‍ പറയുന്നത്. ഇപ്പോ എസ്.ബി.ഐ.യില്‍ സെക്യൂരിറ്റി പോലെ എന്തോ ജോലി. ഫാമിലിയങ്ങ് നാട്ടില്‍. ആഴ്ചയില്‍ മൂന്ന് ദിവസം ബ്രേക്ക്ഫാസ്റ്റടിക്കാന്‍ കൃത്യമായി ഞങ്ങളുടെ വീട്ടില്‍ ഹാജരാവും. മറ്റുള്ള ദിവസം വേറെ ബന്ധുക്കളുടെ വീടുകളില്‍ ചെല്ലുമായിരിക്കും. ഏത് കാര്യത്തിലും ഒരു കുറ്റം കണ്ടുപിടിച്ചിരിക്കും. അത് അച്ചട്ടാ.
‘മാമാ ഏഴാം ക്ലാസ്സിലെ റിസല്‍റ്റ് വന്നു’ നമ്മള്‍ അങ്ങേരോട് ചെന്ന് പറഞ്ഞെന്നിരിക്കട്ടെ.
‘ങ്ഹാ…! നീ തോറ്റാ… ജയിച്ചാ’ ഇതാണ് ഇനം. ഇയ്യാടെ മക്കളൊക്കെ ഓരോ ക്ലാസ്സിലും തോറ്റ് തൊപ്പിയിടുകയായിരിക്കും. അതുകൊണ്ടല്ലേ റിസല്‍ട്ട് എന്ന് കേട്ടപാടേ അയാള്‍ടെ ഒരു തോറ്റാ.. ജയിച്ചാ. പിന്നെയൊരു വലിയ അദ്ഭുതം ഉണ്ട് കേട്ടോ. കാക്കവിളിച്ചാല്‍ വിരുന്നു വരും എന്നൊക്കെ പറയുന്നത് പോലെയുള്ള ഒരു പ്രതിഭാസം. ഞങ്ങളുടെ വീട്ടില്‍ എന്നൊക്കെ അപ്പം
ഉണ്ടാക്കുന്നോ അന്നേ ദിവസം കൃത്യമായി പുള്ളിക്കാരന്‍ ഹാജരായിരിക്കും. എങ്ങനെയാണെന്ന് ഇന്നേവരെ പിടികിട്ടിയിട്ടില്ല. അച്ഛന്റെ കൂടെ നാട്ടിലെ കുറേ പുളുവും നുണയും ഒക്കെ പറഞ്ഞ് കേള്‍പ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മ ചോദിക്കും.
‘അണ്ണാ… കാപ്പികുടിച്ചോ? രണ്ടപ്പം എടുക്കട്ടേ’
‘കറിയെന്തോന്ന് മുട്ടക്കറിയാണോ’
‘ഇല്ലണ്ണാ ചമ്മന്തിയാണ്.’
‘വയറ്റിന് നല്ല സുഖമില്ലെടീ… ഹും പിന്നെ നീ ചോദിച്ചതല്ലേ രണ്ടെണ്ണം എട്.’
‘അപ്പം ഗ്യാസിന് കൊള്ളത്തില്ല.’ എന്ന് ആത്മഗതം പോലെ പറഞ്ഞുകൊണ്ട് തിന്നാന്‍ തുടങ്ങും. അപ്പം ജ്യോമെട്രിക്ക് പ്രൊഗ്രഷനില്‍ രണ്ട് നാല് ആറ് എന്ന കണക്കില്‍ പൊയ്‌കൊണ്ടിരിക്കും. എന്നിട്ട് ‘ഹേവ്…’ എന്നൊരു ഏമ്പക്കവും വിട്ട് കൊണ്ട് എഴുന്നേറ്റ് കൈ കഴുകും.  പിന്നെ   ആരുടെയും മുഖത്ത് നോക്കാതെ ഇറങ്ങി ഒരൊറ്റ പോക്കാണ്.
‘ഇയാളിനി വന്നുകയറുമ്പോ തന്നെ ഏഴെട്ടപ്പം പൊതിഞ്ഞുകെട്ടി കൊടുത്തേക്കാം. അങ്ങനെ പുളുവടിയില്‍ നിന്നെങ്കിലും നമ്മക്ക് രക്ഷപ്പെടാല്ലോ.’
‘ച്ചീ… മിണ്ടാതിരിയെടാ അധികപ്രസംഗി’ അമ്മ എന്നെ ഓടിക്കും.
ഇന്ന് ബേങ്കര്‍ക്ക് കൊയ്ത്ത് തന്നെ. മച്ചിണാ… മച്ചിണാ.. ന്നും പറഞ്ഞ് മിണുമിണാന്ന് എന്റെ മുച്ചീട്ട് കളി അച്ഛന്റെ ഓഫീസില്‍ ചെന്ന് കൊളുത്തിയിരിക്കും. തീര്‍ച്ച. പ്രതിഫലമായി വല്ല ഏത്തയ്ക്കയപ്പമോ പരുപ്പ്‌വടയോ വാങ്ങി തിന്നാല്ലോ ആ തെണ്ടിക്ക്.
മൂവര്‍ സംഘം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നടപടികള്‍ ആരംഭിച്ചു. എന്തായാലും ബേങ്കറുടെ നുണ കേട്ടപാടെ അച്ഛന്‍ വീട്ടിലെത്തും. മുച്ചീട്ട് കളിയുടെ കാര്യം എടുത്തിടും മുമ്പേ എനിക്ക് വേറൊരു  കള്ളം അവതരിപ്പിക്കണം. ആ കള്ളം കൈയോടെ പിടിച്ചെടുക്കാന്‍ ഒരു അവസരം അച്ഛനങ്ങ് ഇട്ടുകൊടുക്കുകയും വേണം. എന്റെ കള്ളം പൊളിച്ചടുക്കികൊണ്ട് അച്ഛന്‍ ആര്‍മാദിച്ച് വിലസുമ്പോള്‍ മുച്ചീട്ട് കേസ് താനേ മാഞ്ഞ് പൊയ്‌ക്കോളും. കള്ളം പറഞ്ഞതിന്റെ ചെറുശിക്ഷ ഞാന്‍ ഏറ്റുവാങ്ങി ദുഃഖിക്കുന്നതായ് അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിഞ്ഞാല്‍ രക്ഷപ്പെട്ടു. അങ്ങനെ അച്ഛന്‍ സസിയാവും. വെറും സസിയല്ല പാലാരിവട്ടം സസി.
ഗ്രൗണ്ടിലെ നനഞ്ഞ മണ്ണില്‍ കൈമുക്കി എന്റെ വെള്ള യൂണിഫോമില്‍ പതിപ്പിക്കാന്‍ ഞാന്‍ ബഷീറിന് നിര്‍ദ്ദേശം നല്‍കി. ആ പൊട്ടന് ഗുട്ടന്‍സ് പിടികിട്ടിയില്ല. നിന്ന് പരുങ്ങുവാ. ഷര്‍ട്ടിന്റെ രണ്ട് ബട്ടന്‍സ്സും ഞാന്‍ അഴിച്ചിട്ടു. മുടി ഉലച്ച് വെള്ളം കോരിയൊഴിച്ച് വിയര്‍പ്പുണ്ടാക്കി. പുസ്തകകെട്ടു തൂക്കികൊണ്ട് വീട്ടിലേയ്ക്ക് ഓടി.
എന്റെ കണക്ക് കൂട്ടലുകള്‍ പിഴച്ചില്ല. അച്ഛന്‍ വീട്ടിലുണ്ട്. എന്നെയും കാത്തിരിപ്പാണ്.
‘എവിടെയായിരുന്നെടാ ഇതുവരെ?’ സിംഹം ഗര്‍ജ്ജിച്ചു.
‘ട്യൂഷനുണ്ടായിരുന്നച്ഛാ…..’ പ്രപഞ്ചത്തിലെ മുഴുവന്‍ നിഷ്‌കളങ്കതയും ഹോള്‍സെയിലായി മുഖത്ത് ചാലിച്ചുകൊണ്ട് ഞാന്‍ ഇന്നസെന്റ് പരീക്ഷ പാസ്സായി.
‘ട്യൂഷനോ…. നീ ആ ആല്‍ത്തറയില്‍ക്കൂടിയാണോ ഇന്ന് ട്യൂഷന് പോയത്?’
ചെറുക്കന്‍ മുച്ചീട്ട് കളിക്കാന്‍ പോയി എന്ന് ചിന്തിക്കാന്‍ പോലും ആ പാവത്തിന്  കഴിയുന്നില്ല എന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ശടേന്ന് അപ്പാവി മുഖംമൂടിയെടുത്തണിഞ്ഞു. മുഖത്ത് എക്‌സ്ട്രാ ദൈന്യത വരുത്തി. ശബ്ദത്തിന് പത്ത് ഡിഗ്രി ഗദ്ഗദം കൂട്ടി.
‘ഇല്ലച്ചാ ഞാന്‍ ടാക്‌സി സ്റ്റാന്റിന്റെ ഇടവഴിയില്‍ കൂടിയാണ് പോയത്’
‘ഹും.. ഇന്ന് എന്തോന്നാണ് പഠിപ്പിച്ചത്. ആ ട്യൂഷന്‍ നോട്ടിങ്ങ് എടുത്തേ’- സിംഹം മുരളാന്‍ തുടങ്ങി.
ഞാന്‍ അമ്പരക്കുന്നതായ് അഭിനയിച്ചു. പുതുതായി എന്ത് നമ്പരിടാം എന്ന് ആലോചിക്കുന്നതുപോലെ ഒരു ഡാവ് കാണിച്ചു. അച്ഛന്റെ ഉള്ളില്‍ ജയവിജയന്മാര്‍ പൊട്ടിച്ചിരിക്കുകയാണ്. ചിരിക്കട്ടേ… ചിരിക്കട്ടേ…. പാവം.
‘ഇന്ന് പരീക്ഷയായിരുന്നച്ചാ’ പതിഞ്ഞ ശബ്ദത്തില്‍ മൊഴിഞ്ഞു.
‘പരീക്ഷയോ…. എന്നാ പരീക്ഷാ പേപ്പറിങ്ങെട്.’ നവരസങ്ങളുടെ സിലബസിലില്ലാത്ത അമ്പരപ്പ്… പരുങ്ങല്‍… എന്നിങ്ങനെയുള്ള ചില അഭിനയ മുഹൂര്‍ത്തങ്ങള്‍ ഞാന്‍ പുറത്തെടുത്തു. കലാമണ്ഡലം രാമന്‍കുട്ടിയാശാന്‍ നാണിച്ചുപോകുന്ന അഭിനയം.
അച്ഛാ… അത്… അത്…’ വീണ്ടും നടിപ്പ്.
‘ഏത്….’
‘എന്റെ പരീക്ഷ പേപ്പര്‍ അജയന്‍ കൊണ്ട് പോയി. എന്റെ ഉത്തരം വച്ച് അവന് വായിച്ചു പഠിക്കാന്‍.’
അതങ്ങ് ഏറ്റു.  ഹഹ് ഹഹ്.. ഹാ!’ അച്ഛന്‍ അറിയാതെ ചിരിച്ചുപോയി.’നിന്റെ ഉത്തരക്കടലാസ് വച്ച് അവന് പഠിക്കാനാ…’
അജയന്‍ നടരാജന്‍ വക്കീലിന്റെ മോനാ. ക്ലാസ്സില്‍ ഒന്നാമന്‍. ഇതൊക്കെ അറിഞ്ഞുകൊണ്ടു തന്നെ ഞാന്‍ കാച്ചിയതാണ്. ഞാന്‍ കളവാണ്  പറയുന്നതെന്ന് അച്ഛന് തെളിയിക്കാന്‍ ഒരു സേമ്പിള്‍ അങ്ങേര്‍ക്ക് ഇട്ട് കൊടുത്തതാ. എന്റെ ഉന്നം തെറ്റിയില്ല. പ്രതീക്ഷിച്ചത് പോലെ അച്ഛന്‍ അതില്‍ കയറിപ്പിടിച്ചു.
‘കള്ളം പറയുന്നോടാ കഴുതേ… അതും എന്റെ മുഖത്ത് നോക്കി. എന്ത് ബോള്‍ഡായിട്ട്…’ എന്താണ് ഈ ബോള്‍ഡെന്ന് ആ ഏഴാം ക്ലാസ്സുകാരന് മനസ്സിലായില്ല. അഭിനയം പാളിയോന്ന് ചെറുതായൊരു വിറയല്‍ അനുഭവപ്പെട്ടു.
‘സത്യം തുറന്ന് പറഞ്ഞോ. നീ ഇത്രിം സമയം സ്‌കൂളില്‍ കിടന്ന് കളിച്ച് മറിഞ്ഞതല്ലേടാ. നിന്റെ ഉടുപ്പാകെ ചെളിയും വിയര്‍പ്പും. നീയാരെയാണ് പറ്റിക്കാമെന്ന് വിചാരിച്ചിരിക്കുന്നത്. എന്റെടുത്താണോ നിന്റെയീ വേലയിറക്കല്‍.’
അദ്ദേഹം കത്തികയറുന്നു. കട്ടിലിനടിയിലെ ചൂരലുകള്‍  ഇടയ്ക്കിടയ്ക്ക് എന്നെ എത്തി വലിഞ്ഞ് നോക്കുന്നുമുണ്ട്.
നില്‍ക്കൂ… നില്‍ക്കൂ! സമയം ആയിട്ടില്ല. എടുത്തുചാടി ഇപ്പോഴേ കുമ്പസരിക്കാന്‍ പാടില്ല.
‘ഇല്ലച്ചാ ഞാന്‍ പറഞ്ഞത് സത്യാ….’
ഞാന്‍ നടികര്‍ തിലകം ശിവാജി ഗണേശനായി.
‘എന്നാല്‍ വാ! നമ്ക്ക് നടേശന്‍ വക്കീലിന്റെ വീട്ടിപ്പൂവാം. അവിടെ ചെന്ന് നിന്റെ പരീക്ഷാപേപ്പര്‍ വാങ്ങിച്ചു നോക്കാം.’
സേതുരാമയ്യര്‍ ഏത് കോപ്പിയടിയും കണ്ട്പിടിച്ചിരിക്കും. എന്നോടാണോ കളി എന്ന മട്ടില്‍ കള്ളം പൊളിക്കാനുള്ള വെമ്പലില്‍ അച്ഛന്‍.
ഇനി നിവര്‍ത്തിയില്ല. അച്ഛന്റെ മുന്നില്‍ കള്ളം പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ ഈ ഭൂലോകത്ത് ആര്‍ക്കും കഴിയുകയില്ല എന്ന് ബോദ്ധ്യം വന്നമട്ടില്‍ ഞാന്‍ കീഴടങ്ങും പോലെ ഒരു ഡാവ് കാണിച്ചു. എന്നിട്ട് പൊല പൊലേന്ന് കണ്ണീര്‍ വീഴ്ത്തി.
‘ഞാനിന്ന് ട്യൂഷന് പോയില്ലച്ചാ. സ്‌കൂളില്‍ കൂട്ടുകാരുടെ കൂടെ കളിച്ചോണ്ട് നിന്നുപോയി. നാളെ മുതല്‍ ഞാന്‍ കൃത്യമായി ട്യൂഷന് പൊയ്‌ക്കൊള്ളാം.’ ഞാന്‍ ഏങ്ങലടിച്ചു കരഞ്ഞ് കാണിച്ചു.
‘അങ്ങനെ വാ… വഴിക്ക് വാ.’
അച്ഛന് സന്തോഷമായി. സ്വയം അഭിമാനം തോന്നി. ഒരു തികഞ്ഞ ഡിക്റ്ററ്റീവിന്റെ മികവോടെ ഒരു കുറ്റകൃത്യം കൈയ്യോടെ തെളിയിച്ചു കളഞ്ഞില്ലേ.
‘ശരി ശരി… പോയ് കൈയും കാലും കഴുകി പുസ്തകമെടുത്ത് പഠിക്ക്. മേലില്‍ കള്ളം പറഞ്ഞാല്‍ തൊലിയുരിച്ചുകളയും. കേട്ടോടാ…’
അച്ഛന്‍ ആഹ്ലാദ ഭരിതനായി. എന്നിട്ട് അമ്മയോട് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
‘ആ ബേങ്കറൊര് നൊണയന്‍ തന്നെ കേട്ടോ. ഞാനും പേടിച്ചുപോയി. ചെറുക്കന്‍ തലതിരിഞ്ഞു പോയോന്ന്’.
ഞാന്‍ മനസ്സില്‍ പറഞ്ഞു. എന്റച്ചാ! അച്ഛന്‍ ഇങ്ങനെയൊരു പാവമായിപ്പോയല്ലോ?’