പ്രൊഫ.ശ്രീലകം വേണുഗോപാല്‍
പറയരുതു നടക്കാത്ത കാര്യം
പറയുകിനിയെതാ നിന്റെ മാര്‍ഗ്ഗം
പിഴവരുകിലെനിക്കില്ല കുറ്റം
പഴിപറയുവതിന്നില്ല ഞാനും
ചിത്രവൃത്ത
പലനാളു ഞാനീ പടിയേറിടുമ്പോള്‍
അറിയാതെ ഹൃത്തില്‍ സുഖമേറിടുന്നു
ശബരീശ നിന്നേ തൊഴുതെന്റെ പാപം
പരിപൂര്‍ണ്ണമായിന്നൊഴിവായിടേണം.
കോകരതം
ശരി നേരെയുരയ്ക്കുമെന്നു കണ്ടാല്‍
തിരിയും ബന്ധുവു,മൊത്ത ശത്രുവാകും
പരിതാപവുമൊത്തു വന്നു ചേരും
പരിണാമം സുഖമന്യമാകുമാര്‍ക്കും
വസന്തമാലിക
പെട്ടെന്നുവന്നു മമ കഷ്ടത തീര്‍ന്നുവെന്നു
പൊട്ടിച്ചിരിച്ചു പറയുന്നതു കേട്ടിടുമ്പോള്‍
ഒട്ടല്ല ചിന്തകളുദിപ്പതു,നിന്റെ ഭാവം
വട്ടല്ലെയെന്നു ഹൃദി തോന്നുകയാണു,സത്യം
വസന്തതിലകം
‘ഒലക്കേടെ മൂടെ’ ന്നുചൊല്ലീട്ടിതെന്തേ
മലക്കം മറിഞ്ഞങ്ങു നില്‍ക്കുന്നു പെണ്ണേ
കുറേക്കാലമായീവിധത്തില്‍ നിനക്കീ
വഴക്കംവഴുക്കും വഴക്കെന്റെ നേര്‍ക്കും
ഭുജംഗപ്രയാതം
കരിമുഖപദപത്മം കണ്ടു കൈകൂപ്പി നില്‍ക്കേ
കരളിലെ വിനയെല്ലാം തീരുമാഹ്ലാദമാകും
കരുതുകയൊരു വിഘ്‌നം കാണുകില്ലിന്നിമേലില്‍
വിരവൊടു വരമേകും വാരണാസ്യന്‍ ഗണേശന്‍
മാലിനി
കരവിരുതിവനുണ്ടാമെങ്കിലും വാണിമാതേ
വരമിവനവിടുന്നിന്നേകിലെന്‍ ഭാഗ്യമേറും
തെരുതെരെ മധുവൂറും ശ്ലോകപുഷ്പം വിടര്‍ത്താന്‍
തരുകൊരു കവിജന്മം,നിന്നെയെന്നും നമിപ്പൂ.
മാലിനി
തരളപദമതാവാം താരിളംകൊഞ്ചലാവാം
സരളനടനമാവാം താരണിസ്‌മേരമാവാം
ശരിയൊടുപറയാനായാവതില്ലില്ലയിന്നീ
കവിതയൊടനുരാഗം തോന്നുവാന്‍ കാരണം മേ.
മാലിനി
ശങ്കിക്കവേണ്ട,ശിവശങ്കര നിന്റെ രൂപം
സങ്കോചമൊക്കെയൊഴിവാക്കിയിവന്‍ ഭജിക്കും
സങ്കേതമായി തവ പാദയുഗം മനസ്സില്‍
സങ്കല്പമാക്കുമിവനേക വരാഭയം നീ
വസന്തതിലകം
സമ്മാനമേകാനിവനുണ്ടു മുന്നില്‍
ഇമ്മാതിരി ശ്ലോകശതം രചിച്ചാല്‍
അമ്മാനമാടുംപടി വാക്കുകള്‍ നീ
ചെമ്മേയെടുത്താടുക പാടവത്തില്‍
ഇന്ദ്രവജ്ര