ഹൃദയം വാക്കെഴുതുന്നു

1935
0


പി.സുരേന്ദ്രന്റെ പര്‍വ്വതങ്ങളും കാട്ടുവഴികളും എന്ന പുസ്തകത്തിന്
പി.കെ. അജയ്കുമാറിന്റെ അവതാരിക.

നിത്യസഞ്ചാരം ശീലമായ ഭൂമിയില്‍ മനുഷ്യജീവിതം സ്ഥാവരമാകാനിടയില്ല. ഭൂമിയില്‍ കാലുറച്ചു നില്‍ക്കുമ്പോഴും അവന്‍ ഗോളാന്തരങ്ങളില്‍ കണ്ണുവെക്കുന്നു. ജീവിതത്തെ യാത്രയായി സങ്കല്പിക്കുന്നതും ഒരു കൗതുകമാണല്ലോ. ദീര്‍ഘസഞ്ചാരങ്ങള്‍ കൊതിക്കാത്തവരായി ആരുണ്ട്? ഇതല്ല തന്റെയിടം എന്ന പൊറുതികേട് ഓരോ മനുഷ്യനും പേറുന്നുണ്ട്. ഇഹലോക ജീവിതാനന്തരം ചെന്നേത്തേണ്ടുന്ന ലോകങ്ങളെക്കുറിച്ചും അവന് സങ്കല്പങ്ങളുണ്ട്. ദേശാന്തരഗമനങ്ങള്‍ താല്‍ക്കാലികമായെങ്കിലും മനുഷ്യന് ആശ്വാസം പകര്‍ന്നേക്കും. ‘പൊറുതികെട്ട ജന്മമാണ് എന്റേത്. ഞാനുണ്ടാക്കിയ വീട്ടില്‍ എനിക്ക് പൊറുതി കിട്ടിയില്ല. നടന്ന വഴികളില്‍ എനിക്ക് പൊറുതി കിട്ടിയില്ല. വായിച്ച പുസ്തകങ്ങളില്‍ എനിക്ക് പൊറുതി കിട്ടിയില്ല. പ്രണയിനിയിലും എനിക്ക് പൊറുതി കിട്ടിയില്ല. പെറുതിയില്ലായ്മയാണ് എന്നെ യാത്രികനാക്കിയത്.’ മുറിവുകളുടെ പുരാവൃത്തം എന്ന കഥയിലെ കഥാപാത്രമല്ല മറിച്ച് പി.സുരേന്ദ്രന്‍ എന്ന എഴുത്തുകാരന്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ ഇങ്ങനെ പറയുന്നത്. അശാന്തമായൊരു മനസ്സുമായി അലയാന്‍ വിധിക്കപ്പെട്ടവനാണ് ഈ എഴുത്തുകാരന്‍. ആ യാത്രകള്‍ സമ്മാനിച്ച ഉള്ളു പൊള്ളിക്കുന്ന അനുഭവങ്ങളും ഓര്‍മ്മകളും  ഈ പുസ്തകത്തില്‍ നമ്മള്‍ വായിക്കുന്നു.

മികച്ച അനേകം കഥകളെഴുതിയിട്ടുണ്ട് പി. സുരേന്ദ്രന്‍. ഓരോ വായനയിലും പുനര്‍ ജ്ജനിക്കുന്ന കഥകള്‍. എന്നാല്‍ കുറച്ചുകാലമായി കഥകളില്‍ നിന്ന് വഴിമാറി നടക്കുന്ന അദ്ദേഹത്തില്‍ നിന്ന് നമുക്ക് ലഭിക്കുന്നത് യാ ത്രകളുടെയും അനുഭവങ്ങളുടെയും രചനകളാണ്. അവയാവട്ടെ കഥപോലെ ആര്‍ദ്രമായ അനുഭവങ്ങളായിത്തീരുകയും ചെയ്യുന്നു. കേവലം വഴിയോരക്കാഴ്ചകളായി മറഞ്ഞു പോകാത്ത അസംഖ്യം ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നുണ്ടദ്ദേഹം. തന്റെ ഓര്‍മ്മകള്‍ക്ക് ആഴം കുറവാണെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും വായനക്കാരന്റെ അനുഭവം മറിച്ചായിരിക്കും. അമ്മയില്‍ നിന്നും കേട്ട കഥകളാണ് ‘പുരാ വൃത്തങ്ങളില്‍ എന്റെ അമ്മ’ എന്ന അദ്ധ്യായത്തില്‍ വിവരിക്കുന്നത്. അമ്മയെ ഓര്‍ക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ എഴുത്തുകാരന്റെ ഹൃദയം പൊടുന്നനെ ആര്‍ദ്രമാകുന്നതും പേനപിടിച്ചിരിക്കുന്ന ആ വിരലുകള്‍ വിറകൊള്ളുന്നതും നാം അറിയുന്നുണ്ട്. അമ്മ പറഞ്ഞുകൊടുത്ത പുരാവൃത്തങ്ങള്‍ അധികവും മുത്തച്ഛനെക്കുറിച്ചുള്ളവയാണ്. അമ്മയെപ്പോലെതന്നെ മുത്തച്ഛനും എഴുത്തുകാരന്റെ ഉള്ളില്‍ എന്നുമുണ്ട്. അദ്ധ്യാപകനായി തീര്‍ന്നിരുന്നില്ലെങ്കില്‍ മുത്തച്ഛനെ പോലെ വൈദ്യനും മന്ത്രവാദിയുമൊക്കെയായിത്തീരുമായിരുന്നു താനെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അമ്മയും മുത്തച്ഛനും അലവ്യാക്കയും അങ്ങനെ അനേകം മനുഷ്യരും സ്മരണകളില്‍ പുനര്‍ജ്ജനിക്കുകയാണ്. അമ്മയുടെ ആഖ്യാനങ്ങളില്‍ നിന്ന് ഒരു നോവല്‍ രചിക്കണമെന്ന സ്വപ്നം അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍  അദ്ദേഹത്തിന് സാധിക്കട്ടെ.

ദേശത്തെക്കുറിച്ചുള്ള സ്മരണകളില്‍ മലയാളിയുടെ ജീവിതത്തിന് നഷ്ടമായ ഗ്രാമീണസൗഭാഗ്യങ്ങളും പൊയ്‌പോയകാലവും തെളിയുന്നുണ്ട്. സ്വന്തം ദേശത്തിന്റെ നഷ്ടം എഴു ത്തുകാരനിലേല്പിക്കുന്ന ആഘാതം എത്രമാത്രമെന്നറിയാന്‍ പി. സുരേന്ദ്രന്റെ രചനാലോകം നമ്മെ സഹായിക്കും. ദേശനഷ്ടമെന്നത്, ദേശാന്തരവാസമോ, ദേശത്തിന്റെ രൂപാന്തരമോ ഒക്കെയാവാം. പാപ്പിനിപ്പാറയെന്ന സ്വന്തം മണ്ണ് അകന്നുപോയതിന്റെയും മാറിപ്പോയതിന്റെയും നൊമ്പരങ്ങള്‍ കഥകളിലും ഓര്‍മ്മക്കുറിപ്പുകളിലുമെല്ലാം നിരന്തരം പ്രത്യക്ഷപ്പെടുന്നുണ്ട്.

ഓര്‍മ്മകളുടെ വീണ്ടെടുപ്പായിത്തിരുന്ന ഈ പുസ്തകത്തില്‍ ഇലഞ്ഞിമരച്ചോട്ടിലെ ബാലവാടിയിലെ രാധടീച്ചറും തന്റെ സഹപാഠിയായിരുന്ന അയ്യപ്പനും അങ്ങനെ അനേകരും, ഈ ലോകത്തിന്റെ പരമിതമായ സ്ഥലകാലങ്ങളില്‍ നിന്ന്, സ്ഥലകാലാതീതമായ ശ്വാശത സ്ഥലികളിലേക്ക് കയറിവരുന്നു. അവരില്‍ അസാധാരണരായ മനുഷ്യരുമുണ്ട്. കരുവാരക്കുണ്ടിലെ കുഞ്ഞാലി, മൈസൂരിലെ ക്വാളിറ്റി ഹോട്ടലില്‍ പണ്ടാരിയായിരുന്ന മാണിക്യം, ലീഡര്‍ ഹനീഫിക്ക, നിഷ്‌കളങ്കമായ സ്‌നേഹം കൊണ്ട് എല്ലാ അതിരുകളെയും മായ്ച്ചുകളഞ്ഞ അലവാക്ക്യ, തിബറ്റില്‍ ജീവിച്ചുമരിക്കുന്നത് സ്വപ്നം കാണുന്ന ജര്‍മ്മന്‍കാരിയായ ഉര്‍സുല…..അങ്ങനെ അനേകര്‍.

ആത്യന്തികമായി മനുഷ്യനന്മയില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു മനസ്സാണ് പി. സുരേന്ദ്രന്റേത്. അന്തമില്ലാത്ത കാലുഷ്യങ്ങളിലൂടെയാണ് ലോകം കടന്നു പോകുന്നതെങ്കിലും എല്ലാറ്റിനുമൊടുവില്‍ നന്മയുടെ തെളിനീരുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നതായി തോന്നും. യാത്രകളി ലെ അനേകം അനുഭവങ്ങളും ആ വിശ്വാസം ഉറപ്പിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നുവെന്ന് കരുതാം. ചെന്നമല്ലീപുരത്തെ ബങ്കാരപ്പയും, യെറഗാട്ടിയിലെ ബെന്നചെന്നയുമെല്ലാം ഒന്നിനും വേണ്ടിയല്ലാതെ നല്‍കിയ സ്‌നേഹ വും സഹായവും മരുഭൂമിയിലെ നീരുറവകളില്‍ വിശ്വസിക്കാന്‍ നമ്മെ പ്രേരിപ്പിക്കും.

കഥാപാത്രങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള രചനാസമ്പ്രദായമല്ല തന്റേതെന്നും ജീവസ്സുറ്റ സാന്നിദ്ധ്യമായ കഥാപാത്രങ്ങള്‍ തന്റെ കഥകളിലില്ലെന്നും ഈ പുസ്തകത്തിലൊരിടത്ത് എഴുത്തുകാരന്‍ പറയുന്നുണ്ട്. അതെന്തായാലും, ജീവിതത്തിലെ യാത്രകളില്‍ അദ്ദേഹം സന്ധിക്കുന്ന മനുഷ്യരില്‍ പലരും അസാധാരണരും അവിസ്മരമീയരുമായി നമുക്ക് അനുഭവപ്പെടുന്നുണ്ട്. കെട്ടുകഥകളെക്കാള്‍ വിചിത്രമായ ജീവിതം ജീവിച്ചു തീര്‍ക്കുന്നവരാണവര്‍. കൂടല്ലൂരിലെ ഗ്രാമീണ വിദ്യാലയത്തില്‍ അദ്ധ്യാപകനായിരിക്കെ എഴുത്തുകാരനോ-ടൊപ്പം അല്‍പകാലം ജോലിചെയ്ത വാസന്തി അത്തരത്തിലൊരു ജീവിതത്തെയാണ് സ്വയം അവസാനിപ്പിക്കുന്നത്. മനസ്സില്‍ ഒടുങ്ങാത്ത നൊമ്പരങ്ങളുടെ വിത്തുപാകി കടന്നു പോയ മനുഷ്യരുടെ ആത്മാക്കള്‍ കഥകളിലേയും നോവലുകളിലേയും കഥാപാത്രങ്ങളിലേക്ക് കൂടുമാറും. നിഴലുകളുടെ വസ്ത്രമെന്ന കഥയില്‍ സ്വന്തം കുട്ടിമാമ കഥാപാത്രമായി വന്നപ്പോള്‍ കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് ഈ പുസ്തകത്തില്‍ പ്ര തിപാദിക്കുന്നുണ്ട്. അത്തരം വേദനകള്‍ എഴുത്തുകാരന്റെ വിധിയാണ്. അകത്തിരുന്നു പൊള്ളിക്കുന്ന ജീവിതങ്ങള്‍ പുറത്തുവന്നാലും നൊമ്പരപ്പെടുത്തിയെന്നിരിക്കും.
സഹജീവികളിലെല്ലാം ചൊരിയുന്ന അനന്തമായ കാരുണ്യമാണ് വലിയ എഴുത്തുകാരുടെയെല്ലാം കൈമുതലെന്ന് നമുക്കറിയാം. ‘ഒരു ദീനതകണ്ടാലുരുകും മിഴിക’ളാണവര്‍ക്കുള്ളത്. പൊതുസമൂഹം ആണും പെണ്ണും കെട്ടതെന്ന് ആട്ടിയകറ്റുന്ന ദയനീയ ജീവിതങ്ങളോട് അലിയുന്ന മനസ്സാണ് തനിക്കുള്ളതെന്ന് ഈ എഴുത്തുകാരന്‍ പണ്ടേ തെളിയിച്ചു കഴിഞ്ഞതാണ്. ഹിജഡകളുടെ ജീവിതത്തിന്റെ യഥാര്‍ത്ഥപൊരുള്‍ കണ്ണും കാതുമുള്ളവര്‍ക്കുമുമ്പില്‍ തുറന്നുവെച്ചിട്ടുണ്ടദ്ദേഹം. അവര്‍ക്കായി ഒരദ്ധ്യായം ഈ പുസ്തകത്തിലുണ്ട്. ‘സ്ത്രീജന്മം മോഹിച്ച പുരുഷന്മാ’രില്‍, തമിഴ്‌നാട്ടിലെ കൂവാഗത്തെ കൂത്താണ്ടവര്‍ ക്ഷേത്രത്തിലെ വിചിത്രമായ ഉത്സവത്തെക്കുറിച്ചും ഹിജഡകളുടെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും വിവരിക്കുന്നു. ഉത്സവത്തിന്റെ ഭാഗമായി ഹിജഡകള്‍ ക്ഷേത്രത്തിലെ മൂര്‍ത്തിയായ ഇരാവന്റെ വധുവാകുന്നതും താലികെട്ടുന്നതും പിന്നെ വൈധവ്യം സ്വീകരിക്കുന്നതും വിലപിക്കുന്നതുമെല്ലാം വിചിത്രവും അവിശ്വസനീയവുമായി തോന്നാം. സാമൂഹികജീവിതത്തില്‍ മൂന്നാംലിംഗക്കാര്‍ അനുഭവിക്കുന്ന അവഹേളനങ്ങളും ദുരിതങ്ങളും വരച്ചുകാണിക്കുകയും ചെയ്യുന്നുണ്ടിവിടെ.

നമ്മുടെ മഹാനഗരങ്ങളിലെ കമ്പോളങ്ങളില്‍ വില്പനയ്ക്കുള്ള ഉല്പന്നങ്ങളായി ദുര്‍ഘടജീവിതം നയിക്കുന്ന, നിര്‍ഭാഗ്യകളായ സഹോദരിമാരെ ‘രണ്ടുഛായാ പടങ്ങ’ളില്‍ നമുക്ക് കാണിച്ചുതരുന്നുണ്ട്. കമ്പോളങ്ങളില്‍ വില്പനച്ചരക്കാവുന്ന ഇന്ത്യന്‍ സ്ത്രീത്വത്തെക്കുറിച്ച് സാഹിത്യകൃതികളുണ്ടായിട്ടുണ്ടല്ലോ നമ്മുടെ ഭാഷയില്‍. ആ സഹോദരിമാരുടെ രക്ഷയ്ക്കായി ഉടവാളേന്തി കുതിരപ്പുറത്തുപാഞ്ഞെത്തുന്ന ആങ്ങളമാരെ സ്വപ്നം കാണുന്നുമുണ്ട് നമ്മുടെ എഴുത്തുകാര്‍. തന്റെ യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ, തെരുവിലേക്ക് വലിച്ചെറിയപ്പെട്ട രണ്ടു പെണ്‍കുട്ടികളുടെ ദുരിതപര്‍വ്വങ്ങളാണ് ‘രണ്ടുഛായാപടങ്ങളി’ല്‍ അനാവരണം ചെയ്യുന്നത്. നിരാലംബരായ ആ പെണ്‍കുട്ടികളുടെ ബാഷ്പാവിലങ്ങളായ മിഴികളില്‍; ‘സ്‌നേഹം മാത്രം തരുന്ന ഒരു പുരുഷനെ കണ്ടുമുട്ടുന്നത് എന്നാണെ’ന്ന ദൈന്യം നിറഞ്ഞ ചോദ്യമാണ് എഴുത്തുകാരന്‍ കാണുന്നത്.
കേരളീയരായ ചില സവിശേഷ വ്യക്ത്വിത്വങ്ങളും (ഇന്ദുചൂഡന്‍, വിക്ടര്‍ജോര്‍ജ്ജ്) പുസ്തകങ്ങളും (പാണ്ഡവപുരം, ഖസാഖിന്റെ ഇതിഹാസം) ഈ ഓര്‍മ്മകളില്‍ കടന്നുവരുന്നുണ്ട്. അനിര്‍വചനീയങ്ങളും അസാധാരണങ്ങളുമായ സൗഹൃദങ്ങളും (എല്‍സി താരമംഗലം) സവിശേഷമായ ചില അനുഭവങ്ങളും (റേഡിയോ) കടന്നുവരുന്നുണ്ട്. ചരിത്രത്തിലൂടെയും ഭൂമിശാസ്ത്രത്തിലൂടെയും ജനജീവിതത്തിലൂടെയും ഈ യാത്രയില്‍ നാം കടന്നു പോകുന്നു. അതിനിടയില്‍ കണ്ടുമുട്ടുന്ന ഒറ്റയൊറ്റ മനുഷ്യര്‍ അവരില്‍ സ്‌നേഹം കൊണ്ട് നമ്മെ കീഴടക്കുന്നവര്‍, നമ്മുടെ കാരുണ്യവും സഹതാപവും നേടിയെടുക്കുന്നവര്‍, നമ്മെ സ്ത ബ്ധരാക്കിക്കൊണ്ട് ദുരന്തമുനമ്പുകളിലേക്ക് നടന്നുകയറിയവര്‍ എല്ലാവരുമുണ്ട്. ഒപ്പം എല്ലാവരിലും നന്മയും സ്‌നേ ഹവും ചൊരിയുന്ന ഒരെഴുത്തുകാരന്റെ ഹൃദയവും. മരിക്കാത്ത നന്മയായി അമ്മയെ ഉള്ളില്‍ കൊണ്ടുനടക്കുന്ന ഒരാളില്‍ നിന്ന് മറ്റെന്താണ് നമുക്ക് ലഭിക്കുക? യാത്രകളും അനുഭവങ്ങളും ഇഴചേര്‍ന്ന് കിടക്കുന്ന ഒരു പുസ്തകമാണിത്.