വാക്​സിനെടുത്താൽ തക്കാളി ഫ്രീ

621
0

വാക്​സിനെടുത്താൽ തക്കാളി ഫ്രീ; വാക്​സിനേഷൻ പ്രോത്സാഹിപ്പിക്കാൻ പാരിതോഷികമായി ഒരു ഗ്രാമം

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ രണ്ടാം തരംഗം രൂക്ഷമായി തുടരുകയാണ്​. കോവിഡ്​ പ്രതിരോധവാക്​സിൻ സ്വീകരിക്കുകയെന്നത്​ മാത്രമാണ്​ രോഗവ്യാപനം കുറക്കാനുള്ള പ്രധാന മാർഗം. ചിലയിടങ്ങളിൽ വാക്​സിൻ സ്വീകരിക്കാൻ ആളുകൾ തടിച്ചുകൂടുകയാണെങ്കിൽ മറ്റിടങ്ങളിൽ വിപരീതമാണ്​ ഫലം. അതിനാൽ, വാക്​സിനേഷൻ പ്രോത്സാഹിപ്പിക്കാൻ പുതിയ ‘ഐഡിയ’ സ്വീകരിച്ചിരിക്കുകയാണ്​ ഒരു തദ്ദേശ സ്​ഥാപനം.

വാക്​സിനെടുക്കുന്നവർക്ക്​ സമ്മാനമായി നൽകുന്നതാക​ട്ടെ തക്കാളിയും. ഛത്തീസ്​ഗഡിലെ ബിജാപുർ മുനിസിപ്പൽ കോർപറേഷനാണ്​ വാക്​സിനേഷൻ എടുക്കുന്നവർക്ക്​ തക്കാളി സമ്മാനമായി നൽകുന്നത്​. വാക്​സിൻ സ്വീകരിക്കാൻ ആളുകൾ മടി കാണിക്കുന്നതാണ്​ ഇത്തരമൊരു നടപടിക്ക്​ കാരണം.

തക്കാളി മൊത്തക്കച്ചവടക്കാരുമായി ധാരണയിലെത്തിയതിന്​ ​ശേഷമാണ്​ ഈ തീരുമാനം. ബിജാപുർ മുനിസിപ്പൽ പ്രദേശത്ത്​ വാക്​സിനെടുത്തവർക്ക്​ പാരിതോഷികമായി തക്കാളി നൽകിയതിന്‍റെ ചിത്രങ്ങൾ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വാക്​സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്​ മുനിസിപ്പൽ അധികൃതർക്ക്​ തക്കാളി നൽകിയവർക്ക്​ നന്ദി രേഖപ്പെടുത്തുന്നതായി അധികൃതരിലൊരാളായ പുരു​േഷാത്തം സല്ലൂർ പറഞ്ഞു.