യാത്രാമൊഴി

202
0

മോഹൻകുമാർ S, കുഴിത്തുറ

എത്ര കാതങ്ങൾ താണ്ടി ഞാനറിയീല

ഇനിയുമെത്ര ദൂരം നടക്കേണം 

എത്രയോ വേലിയേറ്റങ്ങൾ ഇറക്കങ്ങൾ

ഇനിയും എത്രയോ ആഴങ്ങൾ താണ്ടണം

ഒരൊറ്റ വാതിൽ തുറന്നു ഞാൻ പോകുമ്പോൾ

ഒരു ചെറുവിരൽ സ്പർശമായ്, ദുഃഖമായ്

ഒരു തളിരില തന്റെ അനക്കമായ്

ഊർന്നു പൊഴിയുമോ ആദ്രമാം കണ്ണുകൾ

ചുടുചുംബനംകൊണ്ടെന്റെ മരവിച്ചു-

ചൂടറ്റ മേനിയെ തിരികെ ഉണർത്തുമോ

മോഹം, നിഷ്ഫലം, കടിഞ്ഞാണില്ലാത്തവ

മഞ്ഞിൻ തണുപ്പിന്റെ ആഴത്തിലായവ

അന്നൊക്കെ നിദ്ര അകന്നൊരാ രാവുകൾ

ആരാരുമില്ലെന്ന തോന്നലിൽ സത്വരം

കുതിരും തലയിണ, മൂക സാക്ഷിയായ്

കൊതിതീരെ ആത്മ ശ്വാസം വഹിച്ചവ

എത്രവേഷങ്ങൾ കെട്ടിയാടീയരങ്ങിൽ

എന്നോ ആട്ടവിളക്ക ണഞ്ഞ കൂത്തമ്പലം

ആടാം പദമെല്ലാം വിളക്കണയും വരെ

ആരിനി കാണികൾ, പിരിഞ്ഞവരെത്രയും

അഷ്ടാംഗ യോഗത്തിൽ ധ്യാനം കഴിഞ്ഞീട്ടു

ഇഷ്ടം,സമാധിയിലെത്തി നിൽക്കുന്നവൻ

മറ്റൊന്നുമില്ലാത്തൊരപ്പുപ്പൻ താടിയായ്

മനസ്സിന്റെ ഭാരമൊഴുക്കി ഞാൻ പോകട്ടെ