തിരുവനന്തപുരം: കാസര്‍കോട്ടെ മഞ്ചേശ്വരം മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുകയും വോട്ട് ഇരട്ടിപ്പിക്കുകയും ചെയ്തതായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും മഞ്ചേശ്വരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കെ. സുരേന്ദ്രന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. ബൂത്തു തലത്തില്‍ നടത്തിയ പരിശോധനയില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ 1,121 വോട്ടുകള്‍ ഇരട്ടിപ്പിച്ചതായി കണ്ടെത്തി. പുറമെ ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ നിന്നുള്ള അഞ്ഞൂറ് വോട്ടര്‍മാരെ മഞ്ചേശ്വരത്ത് ചേര്‍ത്തതായും കണ്ടെത്തി.
കഴിഞ്ഞ തവണ കെ. സുരേന്ദ്രന്‍ 89 വോട്ടിനാണ് കാസര്‍കോട് രണ്ടാംസ്ഥാനത്തായത്. തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ 374 കള്ളവോട്ടുകള്‍ ഇവിടെ ചെയ്തതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ബിജെപിക്ക് പ്രാമുഖ്യമുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും ലീഗും ചേര്‍ന്നുള്ള കോമാലീ സഖ്യം ഇതിനായി പ്രവര്‍ത്തിക്കുന്നു. പ്രതിപക്ഷനേതാവ് വ്യാജവോട്ടു സംബന്ധിച്ചു നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പരാമര്‍ശിച്ചിട്ടില്ല. ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തലയ്ക്കും പിണറായി വിജയനും എന്താണ് പറയാനുള്ളതെന്നും സുരേഷ് ചോദിച്ചു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആസൂത്രിത ക്രിമിനല്‍ ഗൂഢാലോചന ചില കേന്ദ്രങ്ങള്‍ നടത്തുകയാണ്. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ വെബ്കാസ്റ്റിംഗ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കണം. വോട്ട് ഇരട്ടിപ്പിച്ചവരുടെ പട്ടിക പ്രസിദ്ധീകരിച്ചുകൊണ്ട് വോട്ടര്‍മാര്‍ ഒരു വോട്ടു മാത്രം രേഖപ്പെടുത്തുന്നത് ഉറപ്പുവരുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളതായി സുരേഷ് പറഞ്ഞു.