എസ് കെ എം, കോട്ടയം
ജീവിപ്പിച്ച വാക്കുകളിലൂ
ടൊരു യാത്ര പോകണം…
മുനയൊടിഞ്ഞ വാക്കുകളിൽ
പൊടിഞ്ഞ മൗനം തിരികെ വാങ്ങണം….
പറയാതെ പോയവയുടെ
ഗർഭത്തിൽ മയങ്ങിയുണരണം
കൂരമ്പായി മാറിയവയുടെ
മുനയൊടിച്ച്
ഗർഭഛിദ്ര സമാധിയിലാക്കണം…
രക്തം പൊടിഞ്ഞ തിരുമുറിവിനെ
കണ്ണീരുപ്പുകൊണ്ടുണക്കണം….
ഉടൽ പാതി മുറിഞ്ഞ
വാക്കിന്റെ ചിന്തകളെ
മയിൽപ്പീലിത്തണ്ടിലൊളിപ്പിക്കണം…
ആർദ്രമായി കൊതിപ്പിച്ചവയെ
മഴയുടെ നനവിലുണർത്തണം…
കേൾക്കാൻ കൊതിച്ച വാക്ക്
മൗനമായി…സന്ധ്യയിൽ
പടിയിറങ്ങി ..
ഞാനെറിഞ്ഞുടഞ്ഞ
വാക്കിന്റെ ചില്ലുകൾ
കൂട്ടിയിണക്കണം….
നരച്ച വാക്കിന്റെ
മാണിക്യമെടുത്ത്
തലയിൽ ചൂടണം,.
ആരോടും ചേരാതെ പോയ
വാക്കിനെചിപ്പിയിലാക്കണം…
മാനം നീളെ വിങ്ങിപ്പൊട്ടിയ
വാക്കുകളെ മഴയിലലിയിക്കണം….
പിന്നെയും ഭ്രാന്തായി
ചിതറിയ വാക്കിന്റെ
പിന്നിൽ തലോടുന്ന കെെകൾ
കാറ്റായി വന്നു പുണരണം….