സി.ആര്‍.ശങ്കരമേനോന്റെ സുബര്‍ക്കം എന്ന പുസത്കത്തിനുവേണ്ടി തകഴി ശിവശങ്കരപ്പിള്ളയുടെ അവതാരിക.
എന്റെ കേളികൊട്ട് ഇതിന് ആവശ്യമില്ല. പുസ്തകം ചെറുതാണ്. പക്ഷേ, വലിയ കാര്യം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. അതും ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാവുന്നതാണ്. തീര്‍ച്ചയായ ഒരു കാര്യം ആദ്യത്തെ പുറം വായിച്ചുതീരുമ്പോള്‍ മുഴുവന്‍ വായിക്കാതെ താഴത്തു വയ്ക്കാന്‍ സാധിക്കുകയില്ല. അസാമാന്യമായ കരവിരുത് ഈ നോവലില്‍ ഉടനീളം പ്രതിഫലിക്കുന്നുണ്ട്. ഈ നിലയ്ക്ക് ഗ്രന്ഥത്തിനും വായനക്കാര്‍ക്കും ഇടയ്ക്ക് ഒരു ഇടനിലക്കാരനായി ഞാന്‍ വന്നുപെട്ടിരിക്കുകയാണ്. ഇതാവശ്യമുണ്ടോ? ഞാന്‍ പറയും ഇല്ല എന്ന്.
ശുദ്ധഗതി, അതെ, ശുദ്ധഗതിതന്നെയാണ് ഈ നോവലിന്റെ പ്രധാനഭാഗം. ഗള്‍ഫ് പണംകൊണ്ട് സമ്പല്‍സമൃദ്ധമായിത്തീര്‍ന്ന ഒരു ഗ്രാമം! അവിടെ കുറെ മനുഷ്യര്‍. അവര്‍ ശുദ്ധഗതിക്കാരാണ്. പക്ഷേ, പണത്തിന്റെ ചെളുപ്പ് ഈ ശുദ്ധഗതിയെ ശ്വാസംമുട്ടിച്ചുകൊല്ലുന്നു. ഈ കാലഘട്ടത്തിന്റെ അതിമനോഹരവും വികാരസാന്ദ്രവുമായ ഒരു ചിത്രീകരണമാണ് സി.ആര്‍.ശങ്കരമേനോന്‍ ‘സുബര്‍ക്ക’ത്തിലൂടെ നിരൂപിച്ചിരിക്കുന്നത്.
അച്ഛന്‍തന്നെ വളര്‍ത്തിക്കൊണ്ടുവന്ന ഒരു മകളുടെ ഒന്നുമറിയാന്‍ കഴിയാത്ത അവസ്ഥ ഇതില്‍ക്കൂടുതല്‍ ഭംഗിയായി ചിത്രീകരിച്ച് ഞാന്‍ മറ്റെവിടെയും കണ്ടിട്ടില്ല. വയസ്സറിഞ്ഞുകഴിഞ്ഞതിനുശേഷവും അച്ഛനോടുള്ള അവളുടെ ചോദ്യങ്ങളും ബാപ്പയുടെ ഉത്തരങ്ങളില്‍ നിന്നു പൊന്തിവന്ന ഉപചോദ്യങ്ങളും അവളുടെ ബാലിശത്വം എന്നല്ല ശുദ്ധഗതി എന്നുതന്നെ പറയുന്നതായിരിക്കും ശരി. ഇത് അവളുടെ കഥാനായികയുടെ ശുദ്ധഗതിയെ അഭിവ്യക്തമാക്കുന്നു.
ഈ ശുദ്ധഗതി പരിതഃസ്ഥിതിയനുസരിച്ചും നോവലില്‍ ഉടനീളം കാണാം. ഇതിലെ ദുഷ്ടകഥാപാത്രമെന്നു വേണമെങ്കില്‍ പറയാവുന്ന കച്ചവടക്കാരന്‍ ഇബ്രാഹിമിലും ആ ഗ്രാമീണശുദ്ധഗതി കാണുവാന്‍ കഴിയും. ഒരു വ്യത്യാസം മാത്രം! ആ ശുദ്ധഗതി ആ ദുഷ്ടലാക്കിന് അടവായി ഉപയോഗിക്കുന്നു. ഭര്‍ത്താവിനെ സുഹ്‌റ സ്‌നേഹിക്കുന്നു, ആരാധിക്കുന്നു.പുസ്തകം വായിച്ചുതീരുമ്പോള്‍ സുഹ്‌റ തെറ്റുകാരിയാണോ എന്ന് നാം ആലോചിച്ചുപോകും. അല്ല എന്നു പറയാന്‍ തോന്നിപ്പോവുകയാണ്. ഐദ്രു പുത്രവാത്സല്യത്തിന്റെ മൂര്‍ത്തിമദ്ഭാവമാണ്. ഇങ്ങനെ ഒരു സ്‌നേഹം ഉണ്ടോ എന്നും നാം ശങ്കിച്ചുപോകുക സ്വാഭാവികമാണ്.
ചുരുക്കത്തില്‍ ഗ്രന്ഥകാരന്‍ കഥാപാത്രങ്ങളുമായി താദാത്മ്യംപ്രാപിച്ചമട്ടാണ് ഓരോരുത്തരേയും അദ്ദേഹം കാണുന്നുണ്ട്. അവരുമായി അദ്ദേഹത്തിന്-നോവലിസ്റ്റിന് നല്ല പരിചയമുണ്ടെന്നു തോന്നിപ്പോകുന്നു. ഇങ്ങനെയും ഒരു ശുദ്ധഗതിയുണ്ടോ എന്ന സന്ദേഹത്തില്‍ നാം ഇവിടെ എത്തിച്ചേരുകയാണ്. യഥാര്‍ത്ഥത്തില്‍ ആ സംശയം എനിക്കും തോന്നിപ്പോയി.
കേരളത്തില്‍ത്തന്നെ നടക്കുന്ന കഥയാണ് കേരളത്തില്‍ പലയിടത്തും നടക്കുന്നുണ്ടാവും നമ്മള്‍ ഇത് അറിയുന്നില്ല എന്നാകാം.
എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഈ നോവലിലെ വാങ്മയചിത്രീകരണങ്ങളാണ്. വാക്കുകള്‍ മാത്രംകൊണ്ട് ഐദ്രുവിന്റെയും സുഹ്‌റയുടെയും ഇബ്രാഹിമിന്റെയും എല്ലാം ആകൃതി എണ്ണച്ചായ ചിത്രങ്ങളെ തോല്പിക്കുന്ന വിധത്തില്‍ മി.മേനോന്‍ വരച്ചുകാണിക്കുന്നു. എണ്ണച്ചായചിത്രങ്ങള്‍ നിശ്ചലങ്ങളാണ്. പക്ഷേ ഐദ്രുവും ഇബ്രാഹിമും സുഹ്‌റയും ഹോമിയോ ഡോക്ടറും എല്ലാം ജീവനുള്ള ചലിക്കു ന്ന ചിത്രങ്ങളാണ്.
ഇന്നത്തെ മലയാളനോവലുകളില്‍ കഥാപാത്രങ്ങളുടെ രൂപവര്‍ണ്ണന ഏതാണ്ട് ഉപേക്ഷിച്ചമട്ടാണ്. ഒരു കഥയെഴുത്തുകാരനും പഴയ നോവല്‍സാഹിത്യത്തിലെ കാരണവന്മാരെപ്പോലെ കഥാപാത്രങ്ങളെ വാക്കുകള്‍കൊണ്ടു വരച്ചുകാണിക്കാന്‍ മെനക്കെടാറില്ല. എന്തുകൊണ്ടാണാവോ? പക്ഷേ മി.ശങ്കരമേനോന്‍ കഥാപാത്രങ്ങളെ മാത്രമല്ല, അന്തരീക്ഷത്തേയും വര്‍ണ്ണിച്ചു ഫലിപ്പിക്കുന്നു. ഇതൊരു സിദ്ധിതന്നെയാണെന്ന് എനിക്കു തോന്നുന്നു. ആകെക്കൂടി നോവല്‍ വായിച്ചുകഴിയുമ്പോള്‍ കേരളത്തിലെ ഒരു ഗ്രാമീണജീവിതത്തിന്റെ അന്തരീക്ഷം വായനക്കാര്‍ക്ക് അനുഭവപ്പെടുന്നു. ഞാന്‍ മുമ്പേ ചോദിച്ച ചോദ്യം വീണ്ടും ഇതില്‍ ഉയര്‍ന്നുവരുന്നു. ഇങ്ങനെയും കാര്യങ്ങള്‍ നടക്കുമോ? നടക്കുകയില്ല എന്നു തീര്‍ത്തുപറയാന്‍ ഒക്കുകയുമില്ല. മനുഷ്യമനസ്സിന്റെ സ്വഭാവം അങ്ങനെയാണ്. നടക്കുന്നതാണോ, നടക്കാവുന്നതാണോ,നടന്നതാണോ എ ന്നൊക്കെയുള്ള ചോദ്യം നോവലിനെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. നടക്കാവുന്നതായി ബോദ്ധ്യംവന്നാല്‍മതി അവിടെയാണ് കഥാകൃത്തിന്റെ കരവിരുതു കാണുന്നത്; കാ ണേണ്ടതും. കഥാകൃത്തിന്റെ യുക്തിബോധവും ഈ കാര്യത്തില്‍ ഉരകല്ലാണ്.അസംഭാവ്യമെന്നു തോന്നുന്ന കാര്യം സംഭവിച്ചതായി അനുവാചകനെ ബോദ്ധ്യപ്പെടുത്തുക എന്നത്. മി.ശങ്കരമേനോന്‍ ഇതു സാധിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കരു ഗ്രാമീണരുടെ ശുദ്ധഗതിയാണ് ഞാനതിനെ ശുദ്ധഗതിയെന്നേ വിളിക്കൂ.
മി.മേനോന്റെ ഭാഷാരീതി കഥയ്ക്കനുസൃതമായി ലളിതമാണ്. ചെറിയ ചെറിയ വാചകങ്ങള്‍. വളച്ചു കെട്ടില്ലാത്ത പ്രതിപാദനരീതി, ഇവയെല്ലാം കഥയ്ക്ക് അനുയോജ്യമാണ് എന്നു പറയാന്‍ സന്തോഷമുണ്ട്. ഈ കഥ ഇങ്ങനെയേ എഴുതാന്‍ ഒക്കൂ എന്നു പറയാന്‍ തോന്നിപ്പോകുന്നു. കഥയും പ്രതിപാദനരീതിയും അത്ര യോജിപ്പോടെയാണ് നീങ്ങുന്നത്.
മി.ശങ്കരമേനോന്‍ പ്രഗല്ഭനായ ഒരദ്ധ്യാപകനാണ്. പ്രസിദ്ധമായ മേനോന്‍&കൃഷ്ണയുടെ സ്ഥാപകന്‍ മി.മേനോന്‍ ആണ്. ഇപ്പോള്‍ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഒരു പ്രത്യേകപംക്തി ‘ബി ഗ്‌ബെന്‍’ മലയാള മനോരമയില്‍ സ്തുത്യര്‍ഹമായി എഴുതിവരികയാണ്. മേനോന്‍ എന്ന പ്രഗല്ഭനായ ഒരു അദ്ധ്യാപകനില്‍ പ്രമുഖനായ കഥാകൃത്തുംകൂടിയുണ്ടെന്ന് ഇപ്പോഴാണ് ഞാന്‍ അറിയുന്നത്.
ഒരു കാര്യംകൂടി ഈ അവസരത്തില്‍ ഞാന്‍ പറഞ്ഞുകൊള്ളട്ടെ. ഒരുപാടു ‘ശുദ്ധഗതികള്‍’ നമ്മുടെ പഴയ ഗ്രാമീണജീവിതത്തിലുണ്ട്. പലതും മാഞ്ഞുമറഞ്ഞുപോയി. പക്ഷേ ഇപ്പോഴും നിലനില്ക്കുന്നതും ചിലവയുണ്ട്. അതിലൊന്നാണ് സുഹ്‌റയുടേയും മറ്റും ജീവിതം നശിപ്പിച്ച ശുദ്ധഗതി! ഇത് സമര്‍ത്ഥമായി ആവിഷ്‌ക്കരിച്ച മി.മേനോന്‍ ഇനിയും ഇതുപോലുള്ള ഗ്രാമീണജീവിതത്തില്‍ ഒളിഞ്ഞുകിടക്കുന്ന ശുദ്ധഗതികള്‍ കണ്ടുപിടിച്ച് കഥയെഴുതിയാല്‍ കൊള്ളാം.
ഈ നോവല്‍ അവതരിപ്പിക്കുന്നതിന് എനിക്കു സന്തോഷമുണ്ട്. എങ്കിലും ഞാന്‍ ആദ്യം പറഞ്ഞതുപോലെ എന്റെ കേളികൊട്ട് യഥാര്‍ത്ഥത്തില്‍ ഇതിനാവശ്യമില്ലാത്തതാണ്. ഇന്നും ഗ്രാമീണനായ ഞാന്‍ എനിക്ക് അനുഭവപ്പെട്ടിട്ടുള്ള ഗ്രാമീണജീവിതത്തിലെ പല ശുദ്ധഗതികളേയുംകുറിച്ച് ഓര്‍ത്തുപോകാന്‍ ഈ നോവല്‍ തികച്ചും പ്രേരകമായി. ആ ശു ദ്ധഗതികള്‍ പറഞ്ഞാല്‍ ഇന്ന് പരിഹാസമായിരിക്കും മടക്കിക്കിട്ടുക. അതിനെക്കുറിച്ചു സ്മരിക്കാനും, പുതിയൊരവബോധം ഉള്‍ക്കൊള്ളാനും സി.ആര്‍. ശങ്കരമേനോന്റെ ‘സുബര്‍ക്കം’ എന്ന നോവല്‍ നി ങ്ങള്‍ക്കേവര്‍ക്കും പ്രേരകമായിത്തീരട്ടെ എന്ന ആശംസയോടെ ഹൃദയപൂര്‍വ്വം ഈ നല്ല ഗ്രന്ഥം ഞാന്‍ നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു.