പാര്‍ട്ടികള്‍ പെരുകുന്നതാര്‍ക്കുവേണ്ടി

309
0


പി.ആര്‍.ശിവപ്രസാദ്

രാജ്യത്തേയും ജനങ്ങളേയും സേവിച്ചേ അടങ്ങൂ എന്ന വാശിയില്‍ പരസ്പരം ആക്രമിച്ചും ഭല്‍സിച്ചും എതിര്‍ത്തും കൗരവനാമങ്ങള്‍ പോലെ ഓര്‍മ്മയില്‍ ഒതുങ്ങാത്തത്രയുമുളള ചെറുതും വലുതുമായ രാഷ്ട്രീയപാര്‍ട്ടികളും അതിന്റെ നേതാക്കളും (പലരേയും കുറിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷമായി അവര്‍ എവിടെയായിരുന്നു എന്നുപോലും ജനങ്ങള്‍ക്കറിവില്ലായിരുന്നു.) 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ പത്തിവിരിച്ചും വാലുപൊക്കിയും മസിലുപെരുപ്പിച്ചും തങ്ങളുടെ മാളങ്ങളില്‍ നിന്നും പുറത്തുചാടാന്‍ തുടങ്ങിയിട്ടുണ്ട്. ഓരോരുത്തരം അവരവരുടെ സാന്നിധ്യമുറപ്പിക്കാനുള്ള തത്രപ്പാടിലാണ്. ഞാഞ്ഞൂലുകള്‍ക്കും വിഷം വയ്ക്കുന്നകാലമാണ് തിരഞ്ഞെടുപ്പുകാലം എന്നു പറയുന്നതില്‍ ഒട്ടുംതന്നെ അതിശയോക്തിയില്ല എന്നു തെളിയിക്കുന്നതാണ് ഇവിടുത്തെ പ്രമുഖമുന്നണികളില്‍ ഇപ്പോള്‍ നടക്കുന്ന സീറ്റ് വിഭജനചര്‍ച്ച. അതിനുവേണ്ടി സാധാരണമനുഷ്യര്‍ക്കു മനസ്സിലാകാത്ത ചില വൈരുദ്ധാത്മിക ഭൗതികവാദവും, ആത്മീയവാദങ്ങളും, ദൈവികവാദവും, നവോത്ഥാനവാദവും പോലെ തുരുമ്പെടുത്ത കുറെ തത്വശാസ്ത്രങ്ങള്‍ പുതിയ ലേബ ലൊട്ടിച്ച് വില്‍പനയ്‌ക്കെത്തിച്ചിരിക്കുന്നു. ആധുനിക മനുഷ്യരെ സംബന്ധിച്ച് കേട്ടുകേള്‍വി പോലുമില്ലാത്തതും എന്നോ സമൂഹം മറന്നുകളഞ്ഞതും നിലവിലെ സമൂഹം അനുവര്‍ത്തിക്കാത്തതുമായ വളച്ചൊടിച്ച ചരിത്രങ്ങളും, കള്ളകഥകളും പ്രചരിപ്പിക്കുന്നു. ആചാരത്തിന്റേയും അനാചാരത്തിന്റേയും തീണ്ടലിന്റേയും തൊടീലിന്റേയും മതത്തിന്റേയും ജാതിയുടേയും പേരില്‍ ഒറ്റയടിക്ക് എല്ലാം നേരെയാക്കിത്തരും എന്നു ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കാനാണ് ഈ ശ്രമങ്ങള്‍. അധികാരത്തിന്റെയും അണികളുടെ സംഘബലത്തിന്റെയും പണത്തിന്റെയും ഗുണ്ടായിസത്തിന്റെയും പിന്‍ബലത്തില്‍ പരസ്പ രം ആക്രമിക്കാന്‍ ഇവര്‍ തുനിഞ്ഞിറങ്ങിയിരിക്കയാണ്.
വര്‍ഗ്ഗീയതയ്ക്കും രാഷ്ട്രീയപക്ഷപാതങ്ങള്‍ക്കും വഴങ്ങി ബ്രേക്കില്ലാത്ത ബ്രേക്കിംഗ് ന്യൂസ് സൃഷ്ടിച്ച് ചാനലുകള്‍ക്ക് വരുമാനം കൂട്ടാന്‍ നിയോഗിക്കപ്പെടുന്ന അഭിനവ ജേര്‍ണലിസ്റ്റുകളും, വെണ്ടയ്ക്കാ തലക്കെട്ടുകള്‍ ക്ക് താഴെ അതുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകള്‍ പടച്ചുവിടുന്ന പത്രാധിപന്മാരും കൂടി തല്‍പരകക്ഷികള്‍ക്കുവേണ്ടി അരയുംതലയും മുറുക്കി രംഗത്തെത്തിയിരിക്കുന്നു.
നിരീക്ഷിക്കുമ്പോള്‍ ഇതിലെല്ലാം ഒരു യുക്തിയില്ലായ്മ തോന്നുന്നില്ലേ. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ ഇന്ത്യയെനയിക്കാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുണ്ടായി. പിന്നീട് അതില്‍ നിന്നും പൊട്ടിക്കിളിര്‍ത്തും വിത്തുകൊഴിഞ്ഞും വെട്ടിമാറ്റി കുറ്റിനട്ടും പുതിയപുതിയ പാര്‍ട്ടിചെടികള്‍ ദേശീയമായും പ്രാദേശികമായും പടരാന്‍ തുടങ്ങി. അധികാരവും പണവും നേടാന്‍ ഇതിലും നല്ല കൃഷി വേറെയില്ല എന്നറിഞ്ഞ രാഷ്ട്രീയക്കാര്‍ ഒരേ ഉല്‍പന്നത്തിന് പല ബ്രാന്‍ഡ്‌നെയിം നല്‍കി പരസ്യങ്ങളുടെയും പ്രോത്സാഹനസമ്മാനങ്ങളുടെയും പിന്‍ബലത്തില്‍ ഓരോ അ ഞ്ചുവര്‍ഷം കൂടുമ്പോഴും ജനത്തെ പറഞ്ഞുപറ്റിച്ചും,തമ്മില്‍തല്ലിച്ചും മുന്നണികളില്‍ കയറിപ്പറ്റുന്നു. നൂറുപേരു തികച്ച് അംഗത്വമില്ലാത്ത ഒറ്റയാള്‍ പാര്‍ട്ടികളുടെ അനിഷേധ്യന്മാര്‍ ഇല്ലാത്ത കണക്കുപറഞ്ഞ് ഭരണത്തില്‍ പങ്കാളികളാവുന്നു.
എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടു ജനങ്ങള്‍. അവര്‍ എത്രപാര്‍ട്ടികള്‍ക്കു പിരിവുനല്‍കണം. എത്രപേരോടുകള്ളം പറയണം. ”സത്യധര്‍മ്മാദി വെടിഞ്ഞീടിന പുരുഷനെ/ദുഷ്ടനാം സര്‍പ്പത്തേക്കാള്‍ ഏറ്റവും പേടിക്കണം” എന്ന കവിവാക്യം അറിയാവുന്നതുകൊണ്ട് മാത്രം അരിയില്ലെങ്കിലും, പണിയില്ലെങ്കിലും, അഞ്ചുപൈസവരുമാനമില്ലെങ്കിലും കുഞ്ഞുങ്ങളുടെ കുടുക്കപൊട്ടിച്ചിട്ടാണെങ്കിലും ഇവര്‍ക്കുഭിക്ഷ കൊടുക്കാന്‍ ജനം നിര്‍ബന്ധിതരാകുന്നു.
സാമാന്യബുദ്ധിക്കും,അതിബുദ്ധിക്കും,വക്രബുദ്ധിക്കും മേലെയുള്ള ബു ദ്ധിപ്രയോഗങ്ങള്‍ അധികാരത്തിലേറാന്‍ പ്രയോഗിക്കുന്ന നേതാക്കള്‍ക്കു ഒന്നുകില്‍ സല്‍ബുദ്ധി തോന്നണം അല്ലെങ്കില്‍ ജനങ്ങള്‍ക്ക് നേര്‍ബുദ്ധിയുദിക്ക ണം എങ്കില്‍ മാത്രമേ ഇതിനൊരറുതിയുണ്ടാവൂ. ജനസ്വാധീനമുള്ള രണ്ടുപാര്‍ട്ടികള്‍ പോരേ നമുക്ക്. ജനങ്ങളെ സ്‌നേഹിക്കുന്നവരും സേവിക്കുന്നവരും ആയിരിക്കണമെന്നു മാത്രം. അല്ലാതെ പട്ടിയും പൂച്ചയും കീരിയും പാമ്പും തുടങ്ങി നീര്‍ക്കോലിയും മാക്രിയും എല്ലാം തോ ളോടുതോള്‍ ചേര്‍ന്ന് മോരും മുതിരയും പോലെ അരക്ഷിതമുന്നണികള്‍ ഉണ്ടാക്കി ഭരിക്കാന്‍ കയറിയതുകൊണ്ട് ജനങ്ങള്‍ക്ക് എന്തു ഗുണം. നേതാക്കള്‍ മാത്രം പുരോഗതി നേടുകയും രാജ്യം അധോഗതിയാലാവുകയും ചെയ്യുന്ന ഈ ഏര്‍പ്പാട് നിര്‍ത്തിക്കൂടെ. എന്തിനാണ് രാജ്യത്ത് ഇത്രയധികം രാഷ്ട്രീയപാര്‍ട്ടികള്‍.
കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും പിന്‍തുണയ്ക്കുന്ന എല്ലാ പാര്‍ട്ടിക്കാരും ആ പാര്‍ട്ടിയില്‍ ലയിച്ച് ആ നേത്യത്വത്തില്‍ ഒറ്റപാര്‍ട്ടിയായി മാറിയാല്‍ ഇവിടെ ജനങ്ങള്‍ക്കും രാജ്യത്തിനും എന്തപകടമാണ് സംഭവിക്കുന്നത്. ബിജെപിയേയും നരേന്ദ്രമോദിയേയും പിന്തുണയ്ക്കുന്ന പാര്‍ട്ടികളെല്ലാം ലയിച്ചൊന്നായി ഒറ്റപാര്‍ട്ടിയായി മാറിയാല്‍ എന്താണ് കുഴപ്പം. കേരളകോണ്‍ഗ്രസ് 5കഴഞ്ച്, മുസ്ലീംലീഗ് 2കഴഞ്ച്, ആര്‍ എസ്പി2, ജനതാദള്‍2, സിഎംപി2, കോണ്‍ഗ്രസ്.എസ്, എന്‍സിപി, സിപിഎം, സിപിഐ എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത പ്രാദേശികപാര്‍ട്ടികളും ദേശീയപാര്‍ട്ടികളെന്നവകാശപ്പെടുന്ന ചില കക്ഷണങ്ങളും ചേര്‍ന്ന് എത്രമാത്രം പാര്‍ട്ടികളാണ് ഈ കൊ ച്ചുകേരളത്തില്‍ പോലും ഉള്ളത്. എല്ലാവരും നാടിനും നാട്ടുകാര്‍ക്കും വേണ്ടിയാണ് പലപേരില്‍ പലനിറമുള്ള കൊടിയുടെ കീഴില്‍ പലപാര്‍ട്ടിയുമു ണ്ടാക്കി ഒരു മുന്നണിയായി വോട്ടുപങ്കിടുന്നത്. എന്നാല്‍ മുന്നണിക്കാരെല്ലാം ഒരു പാര്‍ട്ടിയായാല്‍ ജനങ്ങള്‍ക്ക് അതൊരാശ്വാസമല്ലേ.
ഇരുപത് ലോക്‌സഭാസീറ്റിലേക്ക് മത്സരിക്കുന്ന ഒരു മുന്നണിയിലെ ഈര്‍ക്കില്‍ പാര്‍ട്ടികളുടെ എണ്ണം പത്ത്. ജാതി ഉപജാതി തിരിച്ചു വീതംവയ്‌ക്കേണ്ടതെങ്ങനെയെന്നറിയാത്ത അവസ്ഥ. ഒരു എം എല്‍ എ മാത്രവും ഒരാള്‍ പോലുമില്ലാത്തതുമായ ഈ പാര്‍ട്ടികള്‍ എന്തു പ്രത്യയശാസ്ത്രവൈരുദ്ധ്യത്തിന്റെ പേരിലാണ് വിഘടിച്ചു നില്‍ക്കുകയും പൊതുധാരണയുടെ പേരില്‍ ഒന്നിച്ചു നില്‍ക്കുകയും ചെയ്യുന്നത്. പൊതുധാരണ എന്നുപറയുമ്പോള്‍ അധികാരവും സമ്പ ത്തും വീതം വയ്ക്കുന്നതിലൂടെയുളള ധാരണ എന്നതിനപ്പുറത്തേ ക്ക് ഒന്നുമില്ലെന്ന് നമുക്കറിയാം. പിന്നെ എന്തിനാണ് പടലപിണക്കം. നേതാവുമാത്രമുള്ള പല പാര്‍ട്ടികളെയും എന്തിനാണ് ഇവര്‍ കൂടെനിര്‍ത്തുന്നതെന്നു മനസ്സിലാക്കാന്‍ തൊട്ടടുത്ത മുന്നണിയിലെ കൂട്ടുകക്ഷികളെ നോക്കിയാല്‍ മതി. ഇവിടെയെടുത്തില്ലെങ്കില്‍ മറുവശത്തെടുക്കുമെന്ന ഉറപ്പാണിവര്‍ക്കുള്ളത്. ഈ കുതിരക്കച്ചവടത്തിന് തുടക്കമിട്ടത് ഇടതുപക്ഷക്കാര്‍ തന്നെയാണല്ലോ. ഞങ്ങള്‍ ഇടതാണെന്ന് പറഞ്ഞ് ഇഎംഎസ് ഇറങ്ങിപ്പോയതുകൊണ്ടുമാത്രം വലതുപക്ഷമായിപ്പോയ അച്ചുതമേനോന്‍ കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ തുടങ്ങിവച്ചതാണ് ഈ കീരിപാമ്പു കൂട്ടുക്കെട്ട്. വിലപേശലിലൂടെ വിഭവങ്ങള്‍ ചൂക്ഷണം ചെയ്യാനുള്ള അവകാശം മാത്രമാണ് ഇവര്‍ക്ക് വേണ്ടത്. അതിന് വിലകൊടുക്കേണ്ടിവരുന്നത് ജനങ്ങളും. ജാതിതിരിഞ്ഞ് നിന്ന് വീതം വയ്ക്കുന്നവര്‍ക്ക് പൊതുവായിപ്പറയാനുള്ള ഏക മുദ്രാവാക്യം മതേതരത്വം മാത്രമാണെന്നതാണ് ഏറെ കഷ്ടം.
പൊട്ടിക്കീറി നാനാവിധമായ കേരളകോണ്‍ഗ്രസ് ജന്മമെടുത്തതിന് നിദാനമായ കാരണങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നില്ലാത്തസ്ഥിതിക്ക് അത് പിരിച്ചുവിടുന്നതിനു പകരം മണ്ഡലങ്ങള്‍തോറും കീറത്തുണി പോലെ ചിതറിക്കിടന്നുകൊണ്ട് എല്ലാ കക്ഷണവും അധികാരത്തിന്റെ അ വകാശം പറ്റുന്നതിന് ഏതെങ്കിലും മുന്നണികളില്‍ കയറിക്കൂടുന്നു. വ്യക്തി വൈരാഗ്യമല്ലാതെ എന്തു പ്രത്യയശാസ്ത്രമാണ് ഇവര്‍ക്കൊക്കെ പറയാനുള്ളത്. ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളെ തൊട്ട് ആണയിടുന്ന മുന്നണി വല്യേട്ടന്മാര്‍ ഇവരില്‍ എന്ത് ജനാധിപത്യമോ സോഷ്യലിസമോ ആണ് കാണുന്നത്. ഈ ഒറ്റയാന്‍ പാര്‍ട്ടിയുടെ ഏകനേതാവിനുവേണ്ടിയും വോട്ടുചോദിക്കാന്‍ പ്രമുഖ നേതാക്കന്മാര്‍ മണ്ഡലങ്ങളിലെത്തുന്നത് എന്തൊരു വിരോധാഭാസമാണ്. മുന്നണി മറന്ന് ബീഹാറിലേ പോലെ യുപിയില്‍ കോണ്‍ഗ്രസിനുകൂടി കീജെയ് വിളിച്ച അണികളെ ശാസിക്കുന്ന നേതാക്കളുടെ പുതിയ കൂട്ടുകെട്ടുകള്‍ കണ്ട് ജനങ്ങള്‍ ചിരിച്ചത് ഇതിനുദാഹരണമാണ്.
കോണ്‍ഗ്രസിലും കമ്മ്യൂണിസ്റ്റിലും ഗ്രൂപ്പുകള്‍ രൂപംപ്രാപിക്കുന്നത് ആശയപരമായ വൈരുദ്ധ്യങ്ങള്‍ കൊണ്ടല്ല, മറിച്ച് വ്യക്തിഗതമായ ഈഗോ കൊണ്ടുമാത്രമാണ്. വ്യക്തിയുടെ പേരിന്റെ ആദ്യഅക്ഷരം ബ്രായ്ക്കറ്റില്‍ കൊടുക്കുന്നത് മാത്രമാണ് ഇവര്‍ തമ്മിലുള്ള വ്യത്യാസം എന്നിരിക്കെ ഇവര്‍ എങ്ങിനെയാണ് പരസ്പരം രാഷ്ട്രീയംപറഞ്ഞ് സമൂഹനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാനനുവദിക്കണമെന്ന് ജനങ്ങളോടു പറയുന്നത്.
അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെടുമെന്നു ഭയക്കുന്നവര്‍ക്ക് രാഷ്ട്രീയമാണ് ഏറ്റവും നല്ല അഭയകേന്ദ്രമെന്ന് വന്നിരിക്കുന്നു. തുടരന്വേക്ഷണമോ എതിര്‍വിധിയോ ഉണ്ടാകുമെന്നുറപ്പാകുമ്പോ അവര്‍ സ്വയം പാര്‍ട്ടി ഗ്രൂപ്പുകളോ പാര്‍ട്ടിയോ ഉണ്ടാക്കി ഭരണത്തിന്റെ പിന്‍ബലം ഉറപ്പുവരുത്തുന്നു. അവരെയും ജയിപ്പിച്ചു സംരക്ഷിക്കേണ്ട ചുമലത പൗരന്‍ എന്ന വോട്ടുദായകനുള്ളതാണ്. അഴിമതിക്കാരെ കൂടെക്കൂട്ടുമ്പോള്‍ പറയുന്ന ന്യായീകരണങ്ങളാണ് രസകരം. ഒഴിവാക്കാവുന്ന ചെറിയ തെറ്റുകള്‍, തിരുത്തുവാനുള്ള അവസരം കൊടുക്കുന്നു. തെറ്റുതിരുത്തി തിരിച്ചുവരുന്നവരെ തള്ളിപ്പറയുവാനല്ല കൂടെനിര്‍ത്തി സമൂഹത്തിനുപകാരപ്പെടുത്തുകയാണ് വേണ്ടതെന്ന തിരിച്ചറിവാണ് എന്നൊക്കെയാണ്.
സംസ്ഥാനങ്ങളില്‍ ഭിന്നിച്ചു നില്‍ക്കുന്നവര്‍ കേന്ദ്രത്തില്‍ ഒത്തുചേരുന്നതു കാണുമ്പോള്‍ സാധാരണക്കാരന് ഒരു ചോദ്യമേ ചോദിക്കാനുള്ളു. ഇവിടെയും ഇടതും വലതും അല്ലെങ്കില്‍ കോണ്‍ഗ്ര സും കമ്മ്യൂണിസ്റ്റും ഒന്നായി ചേര്‍ന്ന് അധികാരം സമയബന്ധിതമായി വീതം വച്ചാല്‍ പോരെ. പല പഞ്ചായത്തുകളിലും ഇങ്ങനെ ശത്രുക്കള്‍ വീതംവെച്ച് ഭരിക്കുന്നുണ്ടല്ലോ. ഇപ്പോഴും അയ്യഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഉള്ള വീതം വയ്പാണല്ലോ ഇവിടെ നടക്കുന്നത്. പിന്നെ എന്തിനാണ് കോടികള്‍ മുടക്കിയുള്ള തെരഞ്ഞെടുപ്പ് നാടകം. അഥവാ തെരഞ്ഞെടുക്കുകയാണെങ്കില്‍ ഗ്രൂപ്പും വഴക്കും ജാതിയും രാഷ്ട്രീയവും പരിഹരിക്കാന്‍ നറുക്കിട്ട് എടുത്താല്‍പോരെ. തെരഞ്ഞെടുക്കപ്പെടുന്ന 140 പേര്‍ അതില്‍ നിന്നും മുഖ്യമന്ത്രിയെയും മറ്റുമന്ത്രിമാരെയും തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നയാള്‍ കാലം ചെയ്താല്‍ ഉടനെ തെരഞ്ഞെടുപ്പ് നടത്തി ഖജനാവ് കാലിയാക്കാതെ തൊട്ടടുത്ത വോട്ടുകിട്ടി തോറ്റയാളെ ജയിച്ചതായി പ്രഖ്യാപിക്കുക. അങ്ങനെ വേണമെങ്കില്‍ ഇനി എത്ര ചിലവുകുറഞ്ഞ നല്ല ജനാധിപത്യ സംരക്ഷണവഴികളാണ് മുന്നിലുള്ളത്.
ആത്മാര്‍ത്ഥതയും സത്യസന്ധതയും സേവനതല്‍പരതയും കൈമുതലായുള്ള നേതാക്കന്മാര്‍ പുറംതള്ളപ്പെടുകയും അഴിമതിയും സ്വജനപക്ഷപാതവും ഗുണ്ടായിസവും നടത്തി അവിഹിതമായി അവര്‍ സമ്പാദിക്കുന്ന പണം ഉപയോഗിച്ച് പാര്‍ട്ടികളുടെ നേതൃസ്ഥാനങ്ങളും ഭരണവും പിടിച്ചടക്കുന്നു. ഇങ്ങ നെ സ്വന്തം പാര്‍ ട്ടിയെയും ജനങ്ങളെയും നാടിനെയും നശിപ്പിക്കാന്‍ വഴിയൊരുക്കുന്ന ഈ മുന്നണിഭരണ സംവിധാനം അവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഫോ: 9388602223