നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം
വാഹനങ്ങളിലെ അനധികൃത മാറ്റങ്ങൾ, പൊതുനിരത്തിലെ അഭ്യാസപ്രകടനങ്ങൾ എന്നിവ റോഡ് സുരക്ഷക്ക് ഭീഷണി ഉയർത്തുന്നതായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മൾ കാണുന്നുണ്ട്. ഇത്തരം നിയമ ലംഘനങ്ങൾ ചെയ്യുന്നവരെ മാത്രമല്ല, ആ നിരത്തിലെ മറ്റു റോഡുപയോക്താക്കളെയും ദോഷകരമായി ബാധിക്കുന്നുണ്ട്. കാറുകളിലും ഇരുചക്ര വാഹനങ്ങളിലും സൈലൻസറുകൾ ഉൾപ്പെടെ അനധികൃത മാറ്റങ്ങൾ വരുത്തി ഇത്തരക്കാർ റോഡിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നു. ഇത് റോഡുപയോക്താക്കളെ മാത്രമല്ല, വീടിനുള്ളിൽ കഴിയുന്ന കൈക്കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓപ്പറേഷൻ സൈലൻസ് എന്ന പേരിൽ ഒരു പ്രത്യേക പരിശോധന മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചത്. പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ 3552 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ സൈലൻസ് പ്രകാരം പൊതുജനങ്ങൾക്കും നിരത്തുകളിലെ നിയമലംഘനങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കാം. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ രൂപമാറ്റങ്ങൾ വരുത്തുക, നിലവിലെ സൈലൻസറുകൾ മാറ്റി അതി തീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം/മൽസരയോട്ടം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങി പൊതുജനങ്ങളുടെ സുരക്ഷയ്ക്കും സൈ്വര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ/ഡ്രൈവർമാരെ പറ്റിയുള്ള വിവരങ്ങൾ ഫോട്ടോകൾ/ചെറിയ വീഡിയോകൾ സഹിതം അതത് ജില്ലകളിലെ എൻഫോഴ്സ്മെന്റ് ആർടിഒ മാരെ അറിയിക്കാവുന്നതാണ്. തിരുവനന്തപുരം – 9188961001, കൊല്ലം – 9188961002, പത്തനംതിട്ട് – 9188961003, ആലപ്പുഴ – 9188961004, കോട്ടയം – 9188961005, ഇടുക്കി – 9188961006, എറണാകുളം – 9188961007, തൃശ്ശൂർ – 9188961008, പാലക്കാട് – 9188961009, മലപ്പുറം – 9188961010, കോഴിക്കോട് – 9188961011, വയനാട് – 9188961012, കണ്ണൂർ – 9188961013, കാസറഗോഡ് – 9188961014. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ വകുപ്പ് രഹസ്യമായി സൂക്ഷിക്കും.
വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിന് 2092 കേസുകളും, പൊതുനിരത്തിലെ അപകടകരമാംവിധമുളള അഭ്യാസപ്രകടങ്ങൾക്ക് 1460 കേസുകളുമാണ് മോട്ടോർ വാഹന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത്തരം നിയമലംഘകർ റോഡ് സുരക്ഷക്ക് വലിയ രീതിയിലുള്ള ഭീഷണിയാണ് ഉയർത്തുന്നത്. കൂടാതെ വാഹനങ്ങളിലെ തീവ്ര ശബ്ദങ്ങൾ ശിശുക്കൾ മുതൽ വയോധികർ വരെയുള്ള ഹൃദ്രോഗികൾ ഉൾപ്പെടെയുള്ള പൊതു സമൂഹത്തിന് കനത്ത ആരോഗ്യ ഭീഷണി ഉയർത്തുന്നുണ്ട്. പൊതുജനങ്ങളുടെ സുരക്ഷിതയാത്രകൾക്കും സൈ്വര ജീവിതത്തിനും വിഘാതമാകുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ സൈലൻസ് ഏറെ ഗുണപ്രദമാണെന്നതിൽ സംശയമില്ല.