നിലാവ് പെയ്യുമ്പോൾ

116
0

                മോഹൻകുമാർ S. കുഴിത്തുറ

എന്നുൾപ്പൂവിൻ മോഹങ്ങൾ കുളിർ കോരും

നിലാവേ, നീയെൻ കിനാവിൻ പ്രേമഭാവവും

നിശാഗന്ധികൾ പൂക്കും നിലാ ചാരുതാ

നിശകളിലെൻ മനം മെല്ലെ സ്പന്ദിക്കും

നിശിതയാമങ്ങൾ നീങ്ങുന്നു താന്തമായ്

നിലാവിനെ നോക്കി കണ്ണു

ചിമ്മുന്നു ഞാൻ

ആകാശത്തേരിലേറി വെൺ പ്രഭാവെട്ടം

അഴകായെത്താൻ നിലാവിൻ കൈതാങ്ങലിൽ

കണ്ടുറങ്ങാം സ്വപ്നം പ്രിയമാനസത്തെ

കൺപീലികളിൽ നിലാവു പെയ്യുമപ്പോൾ

നനഞ്ഞ പ്രഭാതം, നിറയും മനവും

നിലവായ്‌ നീയങ്ങനെ നിറഞ്ഞു നിൽക്കും

ഹിമകണം പൊഴിയുമീ രാവിൻ യാമങ്ങളിൽ

ഹേമാംഗിപോൽ നീ തിളങ്ങും നിലാവതിൽ 

അനുരാഗ പുഷ്പങ്ങൾ വാടാതെ കാത്തു ഞാൻ

അലിഞ്ഞലിഞ്ഞങ്ങനെ നീ മാത്രമാകട്ടെ

ഇഴചേരും ശ്വാസനിശ്വാസ ചൂടേറ്റ്

ഇരുളിൽ വെളിച്ചമായ് മറുകര താണ്ടിടാം

മാനത്തു തെളിയും രാഗേന്ദു പൊള്ളിക്കും

മായാത്ത ഓർമ്മകൾ ബാഷ്പമിറ്റിടവേ

വിസ്മൃതി പുൽകിയ തീരങ്ങളിലപ്പോൾ

വീണ്ടും കരയെ പുണരാൻ തിരകളും

വ്യർത്ഥമോഹങ്ങളായ് നിറമേറും നിഴലുകൾ

പിൻവിളിക്കായ്‌ കാതോർത്തു കാലം അനുസ്യൂതം