മണ്‍തട്ടുകള്‍ക്കും മീതെ

211
0

ദേവപ്രിയ സജീവ്‌

എന്നിലെ പെണ്‍ജന്മത്തിന്
അതിരു കാക്കുന്നവരെ
വെട്ടിച്ചു ഞാന്‍ ഇറങ്ങി…..
അവരോടൊന്നും പറയാതെ…..
ഏകയായ് ഞാന്‍ സഞ്ചരിക്കുന്നു….
പ്രകൃതിയുടെ അതിഥിയായി…
മണ്‍തട്ടുകള്‍ക്കും മീതെ….
അലസമായി കിടക്കുന്ന ഇലകള്‍ക്കും മീതെ
ഞാന്‍ നടന്നു….
ആകാശത്താഴ്‌വരയില്‍
ഏകയായ എന്‍ മുന്നില്‍
നടക്കുന്നത് പ്രകൃതിയുടെ
വിസ്മയവിളയാട്ടങ്ങള്‍…
മരങ്ങള്‍ പരസ്പരം
കൂടുകൂട്ടുകയാണെന്നുള്ള
തെറ്റിദ്ധാരണ പരത്തിയ
ദൂരവീക്ഷണം….
മാറിയത് മുത്തശ്ശിമരത്തോട്
ചേര്‍ന്നു നിന്നപ്പോള്‍…..
ഞാനറിഞ്ഞു….
അവരും ഒറ്റയ്ക്കാണെന്ന്….
സ്വയം കാണുന്ന കാഴ്ചകള്‍പോലും
തെറ്റിദ്ധരിക്കപ്പെടുമെന്ന വസ്തുത
അപ്പോഴും എന്നില്‍ വെളിവായി….

ശക്തമായ വേരുകളാല്‍
പടര്‍ന്നു പന്തലിച്ച
കൊട്ടാരങ്ങള്‍ പോലെ….
അമ്മമരത്തിന്റെ വേരുകളാകുന്ന
തണലില്‍ തലചായ്ച്ച്
ഉറങ്ങിയുണര്‍ന്നപ്പോള്‍ കണ്ടത്…
പ്രകൃതി ഇലകളാല്‍ പണിതവൃക്ഷകുട…
പരിധികള്‍ക്കപ്പുറമുള്ള
ലോകത്തേക്കുള്ള യാത്രയില്‍…
ഒരു പതിനെട്ടുകാരിയുടെ
പക്വതപോലും എന്നില്‍ നിന്നും
തട്ടിയെടുത്ത മട്ടില്‍ എന്റെ
പരിധികള്‍ക്കപ്പുറമുള്ള
സഞ്ചാരം തുടരുന്നു.