KSRTC ബസുകൾ യാർഡുകളിൽ ഒതുക്കിയിട്ട് നശിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുക്കണം: വി.എസ്.ശിവകുമാർ

125
0

KSRTCയുടെ വോൾവോ ഉൾപ്പെടെയുള്ള ഗതാഗത യോഗ്യമായ ആയിരക്കണക്കിന് ബസ്സുകൾ കേരളത്തിലെ വിവിധ യാർഡുകളിൽ ബോധപൂർവ്വം ഒതുക്കിയിട്ട് നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ചും ജനങ്ങളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണണമെന്നും ജീവനക്കാരുടെ ശംബള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിൽ ഈഞ്ചയ്ക്കൽ KSRTC യാർഡിൽ പ്രതിഷേധ ധർണ്ണ നടത്തി. മുൻ ഗതാഗത മന്ത്രിയും റ്റിഡിഎഫ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശ്രീ.വിഎസ്.ശിവകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. KSRTCയുടെ ഗതാഗത യോഗ്യമായ ആയിരക്കണക്കിന് ബസ്സുകൾ ഡിപ്പോകളിലെ യാർഡുകളിൽ ഒതുക്കിയിട്ട് സർക്കാർ ജനത്തിനെ പെരുവഴിയിൽ ആക്കിയെന്നും കോടികണക്കിന് രൂപയുടെ നികുതിപ്പണം മുടക്കി വാങ്ങിയ ബസുകൾ മഴയും വെയിലും കൊണ്ട് തുരുമ്പിക്കുന്നതിന് ഉത്തരവാദി ആയവരെ പൊതുമുതൽ നശിപ്പിച്ച കുറ്റം ചുമത്തി കേസെടുക്കണമെന്നും വി.എസ്.ശിവകുമാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നൽകിയ ശംബള പരിഷ്കരണവും ഡിഎയും കൊണ്ടാണ് KSRTCയിലെ ജീവനക്കാർ ഇന്നും ജീവിക്കുന്നതെന്നും സേവന മേഖലയായ പൊതു ഗതാഗതത്തിൽ ലാഭ നഷ്ട കണക്കുകൾ പറഞ്ഞു ജീവനക്കാരുടെ ന്യായമായ ആനുകൂല്യങ്ങൾ തടയുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശ്രീ.വിനോദ് കോട്ടുകാൽ മുഖ്യ പ്രഭാഷണം നടത്തി, പൊതുജനങ്ങളുടെ യാത്രാ ക്ലേശം ഉടൻ പരിഹരിക്കണമെന്നും ഒതുക്കിയിട്ട് നശിപ്പിക്കുന്ന ബസുകൾ നിരത്തിലിറക്കി സർവീസ് നടത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സമരം ആരംഭിക്കുമെന്നും വിനോദ് പറഞ്ഞു. റ്റി.ഡി.എഫ് സംസ്ഥാന നേതാക്കളായ ആർ.എൽ.രാജീവ്, റ്റി.നൗഷാദ്, ജയകുമാരി, മുരുകൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്ത് KSRTCയുടെ ബസുകൾ ഒരുക്കിയിട്ടിരിക്കുന്ന എല്ലാ ജില്ലകളിലേയും യാർഡുകളിലേക്ക് ഇന്ന് TDF നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചിരുന്നൂ.