കാട്ടുമുല്ല

184
0

മിനി സുരേഷ്

തെക്കേ തൊടിയുടെ കോണിൽ
മുളച്ചുപൊന്തി
പടർന്നു പന്തലിച്ച
കാട്ടുമുല്ലയ്ക്കും അവകാശപ്പെടാനുള്ളത്
അനാഥത്വത്തിന്റെ കയ്പുനീർ
ആവോളം മോന്തിത്തീർത്ത
ബാല്യമാണ്….

ഇരുളിലേയ്ക്ക് പറന്നകലുന്ന
കടവാവലിൻ ചിറകടിമേളങ്ങൾക്കിടയിൽ
ആകാശച്ചെരുവിൽ പാതിമെയ്യുമായി
തളർന്നുറങ്ങുന്ന അമ്പിളിക്കലയെ
സാക്ഷിയാക്കി ഇലഞ്ഞിമരമവളെ
മെയ്യിലേയ്ക്കേറ്റു വാങ്ങുമ്പോൾ
ജാതീയവും വംശീയവുമായ
മുദ്രിത സങ്കൽപ്പങ്ങൾ
ചെവിയിലോതി
ഒരു കാറ്റ് കടന്നുപോയിരുന്നു…

മോഹങ്ങളുടെ തളിരുകൾ
വിടരുന്ന നാളിലും
ചേർത്തുനിർത്തുമെന്നാശിച്ച കരവലയമകന്ന്,
മുറ്റത്തിനരികിൽ ഉന്മാദഗന്ധം വിടർത്തും
നാട്ടുമുല്ലയിലേയ്ക്ക് വിരുതുകാട്ടിയടുത്തിരുന്നു.
ഇലഞ്ഞിമരച്ചില്ലകളുടെ മാന്ത്രിക സ്പർശങ്ങളെ
തടുക്കാനാവാതെ നോവിന്റെ നൊമ്പരവുമായി മഴയുടെ നനവിറ്റു
വീഴുന്ന രാത്രിയിൽ ആദ്യത്തെ കൺമണി
പൂവായി വിരിഞ്ഞു.
പിന്നെയാരുമറിയാതെ കൊഴിഞ്ഞുവീണു.

ഒറ്റപ്പെടുത്തുകയും അവഗണിക്കുകയും
പുറന്തള്ളപ്പെടുകയും ചെയ്യുന്നവളുടെ
ഭയപ്പാടുമായി വേർതിരിവിന്റെ
വർഗീയതയുടെ നൈതികതകളിൽ
വെട്ടിപ്പിടിച്ചെടുത്ത സാമ്രാജ്യങ്ങളിൽ
ഭ്രാന്ത് മൂക്കുന്ന യാമിനികളിൽ
കാട്ടു മുല്ലകളെന്നും പൂത്തു നിൽക്കാറുണ്ട്….