കാത്തിരിക്കുന്നു ഞാന്‍

187
0

ശ്യാമള അനില്‍കുമാര്‍


ഉത്രാടസന്ധ്യയില്‍ എന്നെ തനിച്ചാക്കി
വേദനയോടെ പടിയിറങ്ങിയ കണ്ണാ
നിന്‍ സ്വരമൊന്നു കേള്‍ക്കാന്‍ കൊതിയോടെ
കാത്തിരിക്കുമൊരമ്മയല്ലേ, ഞാന്‍
വളര്‍ച്ചയുടെ പടവുകളില്‍ താങ്ങായ് തണലായ്
നിന്‍ ചാരെയെന്നുമുണ്ടായിരുന്നു ഞാന്‍
എന്നിട്ടുമെന്‍ മനമറിയാതൊന്നും മിണ്ടാതെ
ദുഃഖസാഗരം വിഴുങ്ങി നീ പോയതെന്തേ…
ചിതയിലെടുത്ത നൂറ്റൊന്നു മക്കളുടെ ചിതാ-
ഭസ്മവുമായി അലയുന്ന ഗാന്ധാരിയും
അരക്കില്ലത്തില്‍ പിടയുന്ന കുന്തിയും
സഹനത്തിന്റെ കൈപ്പുനീര്‍ കുടിച്ച മറിയവും ഞാനല്ലേ
ഏകാന്തതയുടെ തുരുത്തില്‍പ്പെട്ടുഴലുമ്പോള്‍
നിന്നോര്‍മ്മകള്‍ മൃതുസഞ്ജീവനിയായിടുന്നു
രാവില്‍ നിദ്ര എന്നില്‍ നിന്നകലുമ്പോള്‍
ശാപജന്മം പോലെ ശ്വാസം വിലങ്ങുന്നു
നീ എന്നരുകില്‍ എത്തുമെങ്കില്‍ കണ്ണാ
എല്ലാം മറന്നൊന്നുറങ്ങീടാം ഞാന്‍
അറിയാതെ എന്നെ തേടുന്ന മരണത്തിലും
സാന്ത്വനത്തിനായ് വിറകൊള്ളുന്നെന്‍മനം
എന്നന്തരംഗത്തിന്‍ തേങ്ങല്‍ മകനേ
നിന്റെ പഞ്ചേന്ദ്രിയങ്ങളില്‍ ത്രസിക്കുന്നില്ലയോ
കണ്ണുനിറഞ്ഞ് കരളുനിറഞ്ഞ് കണ്ടിടുവാന്‍
പ്രാണന്‍ മേനി വിടുമ്പോഴുമാശിച്ചു പോകുന്നു
അവസാനനിമിഷമലങ്കാരമോടെ
പോകുമ്പോഴെന്നരികിലവകാശിയായ്
അധികാരിയായ് തര്‍പ്പണം ചെയ്യുവാന്‍
പ്രാണന് മോക്ഷമേകുവാന്‍ കണ്ണാ നീ വരില്ലേ?