പി.ആര്‍.ശിവപ്രസാദ്
അക്ഷരാര്‍ദ്ധത്തില്‍ കേരളസംസ്ഥാനത്തെ ഒരൊറ്റ ആഹ്വാനംകൊണ്ട് തുറുങ്കിലടക്കുന്ന ഹീനവും നിന്ദ്യവും, മനുഷ്യത്വരഹിതവും അപരിഷ്‌കൃതവുമായ ഒരു പ്രതിഷേധസമരാഭാസമായി ‘ഹര്‍ത്താല്‍’ മാറി കഴിഞ്ഞിരിക്കുന്നു. തൊഴിലെടുത്തു ജീവിക്കുന്ന ഒരു സമൂഹത്തിനുമേല്‍ രാഷ്ട്രീയത്തിന്റെയും മതത്തിന്റെ യും പേരില്‍ ഭീഷണിപെടുത്തി അടിച്ചേ ല്‍പ്പിക്കുന്ന ഈ വാപോയ സമരായുധം സംസ്ഥാനത്തിന്റെ ഹൃദയമിടിപ്പ് തന്നെ നിശ്ചലമാക്കുന്നു എന്ന ദുഃഖസത്യം ഇനിയും ഈ ഹര്‍ത്താല്‍ പ്രഖ്യാപനക്കാര്‍ മനസിലാക്കുന്നില്ലാ എന്നു വേണോ ജനങ്ങള്‍ മനസിലാക്കേണ്ടത്. മറിച്ച് യാതൊരു കഷ്ടപ്പാടുംകൂടാതെ കേവലം ഒരു പത്രസമ്മേളനം നടത്തി ഓര്‍ക്കാപുറത്ത്’ഹര്‍ത്താല്‍ പ്രഖ്യാപി ച്ച്’ കൊടിയും നല്‍കി ഗുണ്ടകളെ പാവപ്പെട്ടവന്റെ നെഞ്ചത്തു കയറി നിരങ്ങാന്‍ വിട്ടാല്‍ നിസ്സഹായരും നിരാലംബരുമായ അവര്‍ ഭയന്ന് പ്രതികരിക്കില്ലാ എന്ന ധാര്‍ഷ്ട്യമല്ലേ അടിക്കടി അടിച്ചേല്‍പിക്കുന്ന ഈ ഹര്‍ത്താല്‍.
നമ്മുടെ നാടിന്റെ ഒരു ശാപമായി ഹര്‍ത്താല്‍ മാറിയിരിക്കുന്നു എന്നത് ഇനിയും ഈ രാഷ്ട്രീയ നേതാക്കള്‍ മനസ്സിലാക്കിയില്ലെങ്കില്‍ ജനങ്ങള്‍ പ്രതികരിക്കും എന്നത് നിസ്ത ര്‍ക്കമാണ്. ഹര്‍ത്താലിനെ പ്രതിരോധിക്കാനും അവഗണിക്കാനും കേരളത്തിലെ വ്യാപാരി വ്യവസായികളും ബസ്സ് ഓണേഴ്‌സ് അസ്സോസിയേഷന്‍ നേതാക്കളും തീരുമാനിച്ചു കഴിഞ്ഞു.
കോഴിക്കോട് 36 വ്യവസായ സംഘടനകളെ ഉള്‍പ്പെടുത്തി നടന്ന വ്യാപാരി വ്യവസായി ഏകോപനസമിതി സമ്മേളനവും, വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 28 സംഘടനകള്‍ ചേര്‍ന്നു കൊച്ചിയില്‍ നടത്തിയ ഹര്‍ ത്താല്‍ ബഹിഷ്‌കരണസമ്മേളനവും വ്യവസായ ടൂറിസം മേഖല സഹനത്തിന്റെ നെല്ലിപ്പലക കണ്ടുകഴിഞ്ഞു എന്നുള്ളതിന്റെ തെളിവാണ്. ഇനി പ്രതികരിച്ചില്ലെങ്കില്‍ ഹര്‍ത്താല്‍ മൂലം നശിച്ചുപോയ ഒരുനാട് എന്ന പേരുദോഷം കേരളത്തിന് ഉണ്ടാകും എന്ന ബോധോദയം വ്യവസായികള്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ഉണ്ടായിത്തുടങ്ങി എന്നതിന്റെ സൂചനയാണ്.
ഹര്‍ത്താല്‍ ദിനങ്ങളില്‍ ആശുപത്രിസേവനം തടസ്സപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ഇന്‍ഡ്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്റെ (IMA) സംസ്ഥാനഭാരവാഹിയായ ഡോ.എന്‍.സുള്‍ഫി മാധ്യമങ്ങളോടു പറഞ്ഞു. സിനിമാ വിതരണക്കാരും സ്വകാര്യബസ്സുടമകളും അപ്രതീക്ഷിത ജനദ്രോഹ ഹര്‍ത്താല്‍ ബഹിഷ്‌കരിക്കാ ന്‍ തീരുമാനിച്ചു കഴിഞ്ഞു. വ്യവസായികളും തൊഴില്‍ ഉടമകളും വ്യാപാരികളും ചേര്‍ന്ന് ആന്റിഹര്‍ത്താല്‍ ഫ്രണ്ട് രൂപീകരിക്കാന്‍ തീരുമാനിച്ചു. ഹര്‍ത്താല്‍ ദിനങ്ങളില്‍ കടകളും വ്യവസായ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാനും വാഹനങ്ങള്‍ ഓടിക്കാനും അതിനു തടസ്സം നില്‍ക്കുകയോ അക്രമം അഴിച്ചുവിടുകയോ ചെയ്താല്‍ നിലവിലുള്ള നിയമത്തിന്റെ ആനുകൂല്യം ഉപയോഗിച്ച് ഹര്‍ത്താല്‍ നടത്തുന്ന സംഘടനാനേതാക്കള്‍ക്ക് എതിരെ ക്രിമിനല്‍ കേസ് ഉള്‍പ്പെടെ നഷ്ടപരിഹാര നടപടിക്കു കോടതിയെ സമീപിക്കാനും ആണ് ശക്തമായ തീരുമാനം എടുത്തിരിക്കുന്നത്. കേരളത്തിലെ അസംഘടിതരായ സാധാരണ ജനങ്ങള്‍ക്കും ഹര്‍ത്താല്‍ മൂലം പലപ്പോഴും വഴിയാധാരമാകുന്ന പ്രവാസികള്‍ക്കും വിദേശടൂറിസ്റ്റുകള്‍ക്കും ആശ്വാസം പകരുന്ന തീരുമാനമാണ് ഇത്.
വിവാഹങ്ങള്‍ ഉള്‍പ്പടെ തീരുമാനിക്കപ്പെട്ട ചടങ്ങുകള്‍ അപ്രതീക്ഷിതമായി മാറ്റിവയ്‌ക്കേണ്ടിവരുന്നതും, വാഹനങ്ങള്‍ ലഭിക്കാത്തതുമൂലം ആശുപത്രിയിലെത്താതെ മരണപ്പെടുന്ന രോഗികളും മാത്രമല്ല എങ്ങനെയെങ്കിലും ആശുപത്രിയില്‍ രോഗികളെ എത്തിച്ചാല്‍ പോലും ഹര്‍ത്താല്‍ മൂലം ആശുപത്രിയിലെത്താന്‍ കഴിയാത്ത ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും അഭാവംമൂലം ഇവരുടെ സേവനം ലഭിക്കാതെ ആശുപത്രിയില്‍ ചികിത്സയില്‍ കിടക്കുന്ന രോഗികളെ മരണത്തിലേക്ക് തള്ളിവിടേണ്ടി വരുന്ന അവസ്ഥ കേരളത്തിലല്ലാതെ ഇന്‍ഡ്യയിലെ മറ്റൊരു സംസ്ഥാനത്തും കാണാന്‍ കഴിയില്ല.
പൊതുജനത്തെ വഴിയാധാരമാക്കുന്ന നേതാക്കള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളും പാര്‍ട്ടിസംരക്ഷണങ്ങളും ഉണ്ട്. അതുകൊണ്ട് സാധാരണക്കാരന്റെ ബുദ്ധിമുട്ട് മനസ്സിലാവില്ല. കുടുംബത്തേയും കുഞ്ഞുങ്ങളേയും കാണാന്‍ ദീര്‍ഘനാളുകള്‍ക്കുശേഷം നാട്ടില്‍ വിമാനമിറങ്ങുന്ന പ്രവാസികളുടെയും, ദൈവത്തിന്റെ സ്വന്തംനാട് കാണാന്‍ കേരളത്തില്‍ വന്ന് റെയില്‍വേസ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രാഥമിക കാര്യങ്ങള്‍ പ്പോലും നിര്‍വ്വഹിക്കാനാവാതെ കഷ്ടപ്പെടുന്ന സഞ്ചാരികളും കേരളത്തിന്റെ നിത്യകാഴ്ചകളിലൊന്നായി മാറിയിട്ടുണ്ട്. സുരക്ഷിതസങ്കേതങ്ങളില്‍ ഒളിഞ്ഞിരുന്നുകൊണ്ട് ഈ നേതാക്കള്‍ ചെയ്യുന്നത് തികച്ചും ജനദ്രോഹമാണ്. സാധാരണക്കാരായ ജനത്തെ വലക്കുന്ന ഈ മാരകമായ സമരായുധം അണികള്‍ക്കു പണികൊടുക്കാന്‍ വേണ്ടിമാത്രം തലങ്ങുംവിലങ്ങും എടുത്തുപയോഗിക്കുന്ന കേരളത്തിലെ ചെറുതും വലതുമായ എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും, തങ്ങളുടെ സംഘടിത ശക്തികാട്ടി ഭരിക്കുന്നവരെയും ഭരിക്കാനനുവദിക്കാത്ത പ്രതിപക്ഷത്തേയും ബോധ്യപ്പെടുത്താന്‍ മത,ജാതി ഈര്‍ക്കില്‍ സംഘടനകളും കൊട്ടേഷന്‍ ടീമുകളും ചേര്‍ന്ന് ജനത്തെ ഭയപ്പെടുത്തി നടപ്പിലാക്കുന്ന ഈ സമ്പൃദായത്തെ സമരമെന്നോ പ്രതിഷേധമെന്നോ വിളിക്കാനാവില്ല മറിച്ച് ശുദ്ധ പോക്രിത്തരം എന്നേ പറയാനാവൂ… ഇതിനൊരറുതി വന്നേ തീരൂ. അസംഘടിത ജനത്തെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ വ്യാപാരി വ്യവസായി മേഖലകളിലുള്ള സംഘടനകളോടൊപ്പം പൊതുജനങ്ങള്‍ തയ്യാറാകണം. ഹര്‍ത്താല്‍ എന്നു കേട്ടാലുടന്‍ വീട്ടില്‍ കയറി അടച്ചിരുന്നാഘോഷിക്കുന്ന പതിവ് നിര്‍ത്തണം.
അധികാരവും അധികാരത്തിന്റെ പങ്കും കയ്യിലുണ്ടെന്നതിന്റെ പേരില്‍ മറ്റുള്ളവരുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുവാന്‍ രാഷ്ട്രീയമതസംഘടനകള്‍ നടത്തുന്ന അവകാശ ലംഘനങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കാനായില്ലെങ്കിലും പ്രതിഷേധത്തിലൂടെ തടയിടുകയെങ്കിലും ചെയ്യാതിരിക്കുവാനാകാത്ത സാഹചര്യത്തിലാണ് ഹര്‍ത്താല്‍പോലെയുള്ള പ്രതിഷേധരീതികള്‍ ചിലര്‍ അവലംബിച്ചുപോരുന്നത്, ഇത് ഹര്‍ത്താലിന്റെ മറ്റൊരു വശമാണ്. സമൂഹത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നതല്ല പ്രതിഷേധം എന്നറിയുമ്പോഴും പ്രതിഷേധിക്കാനൊരു ബദല്‍ സംവിധാനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭരണാധികാരികളുടെ ശ്രദ്ധപിടിച്ചുപറ്റുന്നതിനാണെങ്കില്‍ ഭരണസിരാകേന്ദ്രങ്ങളിലാണ് പ്രതിഷേധിക്കേണ്ടത്. ഭരണാധികാരികളുടെ സ്വതന്ത്രയാത്രയാണ് തടയേണ്ടത് അല്ലാതെ മേല്‍പ്പറഞ്ഞ അടിച്ചമര്‍ത്തലിന്റെ ദുരിതം അനുഭവിക്കുന്നവരെ വീണ്ടും ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത്.
ഹര്‍ത്താലിന്റെ കാര്യത്തില്‍ ഭരണപ്രതിപക്ഷഭേദമില്ല. കാരണം ഭരണത്തിലിരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും ഭരണത്തിലേറാന്‍ പരിശ്രമിക്കുന്നവരുമാണ് വീണ്ടും വീണ്ടും ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നത്. കണക്കെടുത്താല്‍ ഇവരുടെ പ്രസ്താവനകളിലെ കപടത വ്യക്തമാകും.
ഹര്‍ത്താലുകള്‍ വേണ്ട എന്നുവയ്ക്കുക എന്നതല്ലാതെ ചിലതൊക്കെ ഒഴിവാക്കണം എന്നു പറയുന്ന രാഷ്ട്രീയക്കാരെ ഒരിക്കലും വിശ്വാസത്തിലെടുക്കാന്‍ പറ്റില്ല. കാരണം പണിമുടക്കെന്ന രീതിയിലവതരിപ്പിക്കുന്ന പ്രതിഷേധം പോലും ഫലത്തില്‍ ഹര്‍ത്താലായി മാറുകയാണ് പതിവ്. ഇവിടെ പേരുകള്‍ മാറുക മാത്രമെ ഉണ്ടാവുന്നുള്ളു. വാഹനങ്ങളോടുന്നതും പണിയെടുക്കുന്നതും മാത്രമെ തടസ്സപ്പെടുത്തുന്നുള്ളു ബാക്കിയൊക്കെ പതിവുരീതിയില്‍ തുടരാമെന്നു പറയുന്നതെങ്ങിനെയാണ് അംഗീകരിക്കുക. എന്താണ് ഈ ബാക്കിയുള്ളവ എന്ന് മനസ്സിലാവുന്നില്ല. വീടുകളില്‍ ഒതുങ്ങിയിരുന്ന് പതിവുപോലെ ഹര്‍ത്താല്‍ ആഘോഷിക്കുന്ന രീതിയാണ് പണിമുടക്കുമൂലവും ഉണ്ടാവുക.
രാഷ്ട്രീയവും മതവും നോക്കാതെ എല്ലാ ഹര്‍ത്താലുകളെയും പൊതുപണിമുടക്കുകളെയും തള്ളിക്കളയുവാന്‍ ജനങ്ങള്‍ ഒത്തൊരുമിച്ചു തീരുമാനിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്നു എന്നത് ആശ്വാസകരമാണ്. എതിര്‍കക്ഷികളെ കൊ ന്നൊടുക്കുന്നതിലും രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിലും മത്സരിക്കുന്നവര്‍ കൊന്നതിന്റെയും ചത്തതിന്റെയും പേരില്‍ ഹര്‍ത്താലുകള്‍ നടത്തിയ ശേഷം ചങ്ങാത്തംകൂടി അധികാരസ്ഥാപനങ്ങള്‍ വീതം വയ്ക്കുന്നതു കാണുമ്പോഴെങ്കിലും മണ്ടന്മാരാക്കപ്പെടുന്ന പൊതുജനങ്ങള്‍ പ്രതികരിക്കാതിരിക്കരുത്.
”ഏതവന്‍ പല്ലക്കില്‍ ഏറിയാലും എന്‍ മകന്‍ ചുമക്കണം” എന്ന പഴമൊഴി പോലെ ആരു ഹര്‍ത്താല്‍ നടത്തിയാലും ദുരിതം അനുഭവിക്കുന്നത് ജനങ്ങളാണ്. ആഹ്വാനം ചെയ്യുന്നവര്‍ക്കും അതു നടപ്പിലാക്കുന്നവര്‍ക്കും മാത്രം ലാഭം കിട്ടുകയും അതിന്റെ പേരില്‍ കഷ്ടപ്പെടേണ്ടി വരുന്ന ഭൂരിപക്ഷം ആളുകള്‍ക്ക് നഷ്ടങ്ങള്‍ മാത്രം സഹിക്കേണ്ടി വരികയും ചെയ്യുന്ന കാലഹരണപ്പെട്ട ഈ സ്തംഭിപ്പിക്കല്‍ സമരംകൊണ്ട് രാജ്യത്തിന് എന്തെങ്കിലും നേട്ടമുണ്ടായിട്ടുള്ളതായി എത്ര സസൂക്ഷ്മം നിരീക്ഷിച്ചിട്ടും മനസ്സിലാകുന്നില്ല. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവര്‍ ആരായാലും സ്വമനസ്സാലെ ഹര്‍ത്താലില്‍ സഹകരിക്കാനോ സഹകരിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം പൊതുജനങ്ങള്‍ക്ക് നല്‍കണം. നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്ന ”ഹര്‍ത്താല്‍” ജനാധിപത്യ രാഷ്ട്രത്തിന് ചേര്‍ന്ന സമരമുറയല്ല എന്ന് ഭൂരിപക്ഷം പൊതുജനങ്ങള്‍ക്കും ബോധ്യമായി എന്നുള്ളതിന്റെ തെളിവാണ് വ്യവസായ മേഖലയിലും തൊഴില്‍ മേഖലയിലും ആരോഗ്യമേഖലയിലും മറ്റുമുള്ള പ്രമുഖസംഘടനകളുടെ ഹര്‍ത്താല്‍വര്‍ജ്ജന തീരുമാനം. കേരളജനതയുടെ പൂര്‍ണ്ണപിന്തുണ ഈ തീരുമാനത്തിനുണ്ടാകും തീര്‍ച്ച.