വൈദ്യുതി ബോര്‍ഡില്‍ അഴിമതിയുടെ കൂമ്പാരംഃ കെ. സുധാകരന്‍ എംപി

114
0

ഇടതുഭരണകാലത്ത് വൈദ്യുതി ബോര്‍ഡില്‍ നടന്ന തീവെട്ടിക്കൊള്ളകളുടെ ഞെട്ടിക്കുന്ന പിന്നാമ്പുറക്കഥകളാണ് ഇപ്പോള്‍ പുറത്തുവന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. അഴിമതിയുടെ മഞ്ഞുമലയുടെ അറ്റംമാത്രമാണ് പുറത്തുവന്നതെന്നും സമഗ്രമായ അന്വേഷണത്തിലൂടെ മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മുന്‍മന്ത്രി, ഉദ്യോഗസ്ഥര്‍, സിപിഎം നേതാക്കള്‍ തുടങ്ങിയ വന്‍നിരയാണ് അഴിമതിക്കും വെട്ടിപ്പിനും ചുക്കാന്‍ പിടിച്ചത്.

ഇടതുസര്‍ക്കാര്‍ നടത്തിയെ വെട്ടിപ്പിനെ തുടര്‍ന്ന് കനത്ത നഷ്ടത്തിലോടുന്ന വൈദ്യുതി ബോര്‍ഡ് വൈദ്യുതി നിരക്ക് കൂട്ടാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. ഇതിനെതിരേ വന്‍ ജനകീയപ്രക്ഷോഭം ഉണ്ടാകുമെന്നു സുധാകരന്‍ പറഞ്ഞു.

മുന്‍ വൈദ്യുതി മന്ത്രി എംഎം മണിയുടെ ബന്ധുക്കള്‍വരെ ഈ തട്ടിപ്പ് സംഘത്തിലുണ്ട്. പൊന്മുടിയില്‍ എംഎം മണിയുടെ മരുമകന്‍ പ്രസിഡന്റായ രാജാക്കാട് സര്‍വീസ് സഹ. ബാങ്കിന് 15 വര്‍ഷത്തേക്ക് 21 ഏക്കര്‍ ഭൂമിയാണ് വൈദ്യുതി ബോര്‍ഡ് തുച്ഛമായ പാട്ടത്തിനു നല്കിയത്. ഇതിലാണ് അമ്യൂസ്‌മെന്റ് പാര്‍ക്ക് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. കല്ലാര്‍കുട്ടി ഹൈഡല്‍ ടൂറിസം സെന്റര്‍, ആനയിറങ്കല്‍ തിയേറ്റര്‍ ആന്‍ഡ് ഹൊറര്‍ ഹൗസ്, കല്ലാര്‍കുട്ടി ഹൈഡല്‍ ടൂറിസം സെന്റര്‍, മൂന്നാര്‍ ഹൈഡല്‍ പാര്‍ക്ക് തുടങ്ങിയവയുടെ സ്ഥലങ്ങള്‍ പാര്‍ട്ടിക്കാരുടെ സൊസൈറ്റികള്‍ക്കു തുച്ഛമായ വിലക്ക് നല്കി വന്‍ അഴിമതിയാണു നടത്തിയിരിക്കുന്നത്.

വൈദ്യുതി ബോര്‍ഡിനെയും റെഗുലേറ്ററി കമ്മീഷനെയും നോക്കുകുത്തിയാക്കിയാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടന്നത്. നിരവധി ആക്ഷേപങ്ങളാണ് കെഎസ്ഇബി ചെയര്‍മാന്‍ പുറത്തുവിട്ടത്. ദുര്‍ഗന്ധം വമിക്കുന്ന അഴിമതിയും ക്രമക്കേടുമാണ് ഇവയിലെല്ലാം ഉള്ളത്.

ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ അഴിമതി ആരോപണം പ്രതിപക്ഷം സഭയില്‍ രേഖാമൂലം ഉന്നിയിച്ചതാണ്. ടെന്‍ഡറില്‍ 80 ശതമാനം വര്‍ധന നടത്തിയെന്ന് അന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കരാറുകാര്‍ക്ക് ടെണ്ടര്‍ രഹസ്യം ചോര്‍ത്തി നല്‍കുന്ന സംവിധാനം വരെ വൈദ്യുതി ഭവനില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് ചെയര്‍മാന്‍ വ്യക്തമാക്കിയത്. രാഷ്ട്രീയപിന്തുണയില്ലാതെ ഇങ്ങനെ ഒരു സംവധാനത്തിന് പ്രവര്‍ത്തിക്കാനാകില്ല.

റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെ സ്വകാര്യ ഉത്പാദകരില്‍ നിന്ന് 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയതു വഴി 15,000 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായതും കണ്ടെത്തിയിട്ടുണ്ട്. 6000 പേരെ റഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ഇല്ലാതെ നിയമിച്ചതിലും ദുരൂഹതയുണ്ടെന്നു സുധാകരന്‍ പറഞ്ഞു.