ആയുര്‍വേദത്തിന്റെ ആരോഗ്യവഴികള്‍

308
0


സിദ്ധാര്‍ത്ഥന്റെശക്തിക്ഷയം


ഡോ. എം.എന്‍. ശശിധരന്‍


പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ഗ്രീഷ്മകാലം. മീനച്ചൂടില്‍ ഭൂമിയുമാകാശവും സ്‌നിഗ്ദ്ധത നഷ്ടപ്പെട്ട് വരണ്ട് നില്‍ക്കുന്ന ഒരു മദ്ധ്യാഹ്നത്തിലാണു അയാള്‍ എന്റെ ക്യാബിനിലേയ്ക്ക് കടന്നുവന്നത്. കൃശഗാത്രനായ അയാള്‍ ഒരു നിമിഷം ശങ്കിച്ചു നിന്നപ്പോള്‍ ഞാന്‍ ഇരിക്കാന്‍ ക്ഷണിച്ചു.
അയാള്‍ ആകെ വിയര്‍ത്തിരുന്നു. ഫാനിന്റെ തണുത്ത കാറ്റ് അയാള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ടിരുന്നു. സംസാരം തുടങ്ങാന്‍ വാക്കുകള്‍ കിട്ടാതെ വിഷമിക്കുന്നതായി തോന്നിയപ്പോള്‍ ഞാന്‍ ചോദിച്ചു എന്താണ് പ്രശ്‌നം?
ഒന്നു പുഞ്ചിരിക്കാന്‍ ശ്രമിച്ചുകൊണ്ടയാള്‍ പറഞ്ഞു തുടങ്ങി. എന്റെ പേര് സിദ്ധാര്‍ത്ഥന്‍. ഞാനൊരു ഇന്‍ഷ്വറന്‍സ് ഏജന്റാണ്. എന്റെ ചില വ്യക്തിപരമായ പ്രശ്‌നങ്ങളുമായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. എവിടെ തുടങ്ങണം എങ്ങിനെ പറയണമെന്ന ചിന്തയിലാണ് ഞാന്‍. പറയാന്‍ വൈമനസ്യം ഉണ്ട്. പറയാതെ പറ്റുകയുമില്ല.
എന്റെ വിവാഹം കഴിഞ്ഞിട്ട് ഏഴ് മാസങ്ങള്‍ കഴിഞ്ഞു. എന്റെ ഭാര്യയുടെ പേര് സൗമ്യ. ബി.എ. വിദ്യാഭ്യാസം ഉണ്ട്. കണ്ടിഷ്ടപ്പെട്ട് വീട്ടുകാര്‍ കൂടി തീരുമാനിച്ചുറപ്പിച്ചതായിരുന്നു ഞങ്ങളുടെ വിവാഹം. അയാള്‍ ഒന്നു നിര്‍ത്തി. എനി ക്കു പറയുവാനുള്ളത് ഞങ്ങളുടെ ദാമ്പത്യബന്ധത്തെക്കുറിച്ചാണ്. അതൊരു പരാജമായിത്തീര്‍ന്നേക്കുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.
എന്തുകൊണ്ട്? എന്താണിതിനു കാരണം എന്ന എന്റെ ചോദ്യത്തിന് ഒന്നുരണ്ടു നിമിഷം മൗനമായി ഇരുന്നശേഷമാണ് മറുപടി പറഞ്ഞത്.
വിവാഹശേഷമുള്ള ഏഴ് മാസത്തിനിടയില്‍ തൃപ്തികരമായ ഒരു ലൈംഗികബന്ധം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിട്ടില്ല. അതായത് പൂര്‍ണ്ണമായ ഒരു ബന്ധപ്പെടലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ ഭയങ്കരമായ ഒരു കുറ്റബോധം എന്റെ മനസ്സിനെ നിമിഷംപ്രതി അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഒരു തരം നിരാശയും നിര്‍വികാരതയുമാണ് എനിക്കുള്ളത്. എന്തുചെയ്യണമെന്നു ഒരു രൂപവുമില്ല. അയാള്‍ പറഞ്ഞു നിര്‍ത്തി.
ഞാന്‍ ചോദിച്ചു. ഇക്കാര്യത്തില്‍ താങ്കളുടെ ഭാര്യയുടെ അഭിപ്രായമെങ്ങിനെ?
അവള്‍ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. എങ്കിലും അവളുടെ മാനസികാവസ്ഥയും അത്ര സന്തോഷകരമാണെന്നു തോന്നുന്നില്ല. വീട്ടില്‍ ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായി കഴിയുന്നു എന്നു മാത്രം. കാര്യമായി സംസാരിക്കാറുമില്ല. സിദ്ധാര്‍ത്ഥന്റെ മാനസികാവസ്ഥ മനസ്സിലാക്കുവാന്‍ അയാള്‍ സംസാരിക്കുമ്പോള്‍ വാക്കുകള്‍ക്കുണ്ടാകുന്ന ഇടര്‍ച്ചയും നിസ്സഹായത സ്ഫുരിക്കുന്ന ശബ്ദവിന്യാസവും മാത്രം മതിയായിരുന്നു.
വാക്കുകള്‍കൊണ്ട് ഞാനയാളെ സമാശ്വസിപ്പിച്ചു. അതിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ അറിയണമെന്ന ആഗ്രഹത്തോടെ അയാളുടെ കുടുംബകാര്യങ്ങളിലേക്ക് കടന്നു.
അയാള്‍ക്കു നാല്പതു വയസു കഴിഞ്ഞിരുന്നു. വിവാഹം കഴിക്കാനുണ്ടായ കാലതാമസം ഓരോരോ കുടുംബപ്രശ്‌നങ്ങളായിരുന്നു. പിതാവിന്റെ ആകസ്മികമായ വേര്‍പാടിനുശേഷം കുടുംബ ചുമതലകള്‍ ഏറ്റെടുക്കേണ്ടിവന്നതും, രണ്ടു സഹോദരിമാരുടെ വിവാഹം നടത്തിയതും രോഗിയായ മാതാവിന്റെ സുദീര്‍ഘമായ ചികിത്സയുടെയും മറ്റും കാര്യങ്ങള്‍ അയാള്‍ ചുരുക്കി പറഞ്ഞു. ഇങ്ങിനെ കുടുംബകാര്യങ്ങളെല്ലാം നോക്കി പല കാര്യങ്ങള്‍ക്കും പരിഹാരമുണ്ടാക്കി കഴിഞ്ഞുവരവേയാണ് ബന്ധുക്കളില്‍ പലരുടെയും പ്രേരണയ്ക്ക് വഴങ്ങി ഞാനും വിവാഹിതനായത്. അപ്പോഴേയ്ക്കും പ്രായവും ഇത്രയുമൊക്കെ ആയിപ്പോയി. അതു പറയുമ്പോള്‍ പ്രായത്തിന്റെ കാര്യത്തില്‍ ഒരു മുന്‍വിധി ആ മനസ്സിലുണ്ടായിരുന്നോ എന്ന് ഞാന്‍ സംശയിച്ചു. എങ്കിലും അയാള്‍ കടന്നുവന്ന ജീവിത പ്രാരാബ്ധങ്ങളുടെ ഒരേകദേശ ചിത്രം എന്റെ മുന്നില്‍ അനാവരണം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു.
ഇനി എനിക്കറിയേണ്ടിയിരുന്നത്. പ്രശ്‌നഹേതുകമായ വിഷയത്തേക്കുറിച്ചായിരുന്നു. എന്റെ ചോദ്യങ്ങള്‍ അതിലേക്കു കടന്നപ്പോള്‍ അയാള്‍ക്ക് വീണ്ടും വാക്കുകള്‍ തടസ്സപ്പെടുന്നത് ഞാന്‍ ശ്രദ്ധിച്ചു. അയാള്‍ സാവകാശം പറഞ്ഞു. മനസ്സില്‍ വികാരമുണ്ടാവുകയും ലൈംഗികബന്ധത്തിനുള്ള ഉല്ക്കടമായ ആഗ്രഹവും ആവേശവും എല്ലാം തോന്നുകയും ചെയ്യും. എങ്കിലും ആ സമയത്തും എന്റെ ലൈംഗിക അവയവം വേണ്ടത്ര ബലമില്ലാതെ അല്പമായി മാത്രം ഉദ്ധരിച്ച അവസ്ഥയിലായിരിക്കും. അതിനപ്പുറം കരുത്താര്‍ജ്ജിക്കാനോ സുരതക്രിയ പൂര്‍ത്തിയാക്കാനോ സാധിക്കാതെ എന്റെ അനിയന്ത്രിതമായ വൈകാരിക ഭാവങ്ങളെയെല്ലാം നിരാശയിലാഴ്ത്തിക്കൊണ്ട് ശുക്ലസ്ഖലനവും നടക്കുന്നു. ഈ സാഹചര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നല്ലാതെ മറ്റൊന്നും ഞങ്ങളുടെ ബന്ധത്തില്‍ സംഭവിക്കാറില്ല. മുഖത്തേക്കു പോലും നോട്ടയമയയ്ക്കാതെ നമ്രശിരസ്‌കനായിട്ടാണ് സിദ്ധാര്‍ത്ഥന്‍ ഇത്രയും പറഞ്ഞു നിര്‍ത്തിയത്. എന്താണിതിന് കാരണമെന്നും തന്റെ കുറവ് എന്താണെന്നും എനി ക്ക് മനസ്സിലാകുന്നില്ല. എന്നയാള്‍ പറയുമ്പോള്‍ ഒരു ശൂന്യത അയാളുടെ മനസ്സിനെ ഗ്രസിച്ചിരിക്കുന്നതുപോലെ എനിക്കു തോന്നി.
വൈവാഹിക ജീവിതം ആരംഭിക്കുന്നതിന് മുമ്പ് ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യം എന്നില്‍ നിന്നുണ്ടായപ്പോള്‍ അത്തരം സാഹചര്യങ്ങള്‍ ഒന്നുംതന്നെ ജീവിതത്തില്‍ ലഭിച്ചിട്ടില്ലെന്നും അതിനെക്കുറിച്ച് ചിന്തിക്കാറില്ലായിരുന്നെന്നും സിദ്ധാര്‍ത്ഥന്‍ സൂചിപ്പിച്ചു.
ഇത്രയുമായപ്പോഴേയ്ക്കും അന്വേഷണം എനിക്ക് വീണ്ടും ഭൂതകാലത്തിലേക്ക് തിരിച്ചുവിടേണ്ടി വന്നു. അപ്പോള്‍ അറിയാന്‍ കഴിഞ്ഞ ഒരു കാര്യം കൗമാരത്തിന്റെ അന്ത്യത്തിലും യൗവനകാലത്തും മുഷ്ടി മൈഥുന തല്പരത കലശലായി ഉണ്ടായിരുന്നു എന്നതായിരുന്നു. അതാകട്ടെ ശരീരവും മനസ്സും തളരും വരെ നീളുന്ന തരത്തിലായിരുന്നെന്നും സങ്കോചത്തോടെയെങ്കിലും അയാള്‍ തുറന്നു പറഞ്ഞു.
പിന്നെ എന്തുകൊണ്ടാണ് വിവാഹശേഷം ഭാര്യസാമീപ്യത്തില്‍ ലിംഗോദ്ധാരണത്തിന് പൂര്‍ണ്ണതയില്ലാത്തത് എന്നു ഞാന്‍ ചോദിച്ച ചോദ്യത്തിനും മൗനമായിരുന്നു മറുപടി.
വീണ്ടും ഞാന്‍ സിദ്ധാര്‍ത്ഥന്റെ ജീവിതശൈലികളിലേക്ക് മടങ്ങി വന്നു. ഭക്ഷണം, ഉറക്കം, ജോലി, വിനോദം, സൗഹൃദങ്ങള്‍ തുടങ്ങി അയാളുടെ ദൈ നംദിന ജീവിതക്രമങ്ങളില്‍ എന്തെങ്കിലും താളപ്പിഴകള്‍ ഉണ്ടായിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായിരുന്നു അത്. ഭക്ഷണകാര്യത്തില്‍ അയാള്‍ക്ക് യാതൊരു ചിട്ടയും ക്രമവും ഉണ്ടായിരുന്നില്ല. സമയത്തിന് കൃത്യമായി ഭക്ഷണം കഴിക്കണമെന്ന താ ല്പര്യം ഒട്ടുമേ ഇല്ല. അതൊന്നുമത്ര ഗൗരവാവഹമായ കാര്യമായി സിദ്ധാര്‍ത്ഥന് തോന്നിയിട്ടുമില്ല. ജലപാനം വളരെ കുറവ്. ജീവിതമെന്നാല്‍ അതലയാനുള്ളതാണെന്ന ചിന്തയാണയാളെ ഭരിച്ചിരുന്നത്. അലച്ചിലിനും കഷ്ടപ്പാടുകള്‍ക്കും യാതൊരു മടുപ്പും ഉണ്ടായിരുന്നില്ല. ഉദരവൈഷമ്യങ്ങള്‍ മലശോധനക്കുറവ്, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, തുടങ്ങിയവയെല്ലാം സഹചാരികളായിരുന്നു. അടിക്കടിയുണ്ടാകാറുള്ള വയറുവേദനയ്ക്ക് ചില അന്റാസിഡ് ഗുളികകള്‍ നിത്യേനയെന്നോണം ഉപയോഗത്തിലുണ്ടായിരുന്നു. അതില്‍ പലതും സുഹൃത്തുക്കളുടെ സൗഹൃദചികിത്സാപ്രയോഗങ്ങളില്‍ ഉള്‍പ്പെടും.
സുരാപാനം, ധൂമപാനം, താംബൂലചര്‍വണം തുടങ്ങിയവ ഒന്നുംതന്നെ സിദ്ധാര്‍ത്ഥന് ആസ്വാദ്യകരമോ ശീലമോ ആയിരുന്നില്ല. അതിനെക്കുറിച്ചൊന്നും ചിന്തിക്കാനോ ആരുമായെങ്കിലും സഹകരിക്കാനോ ഉള്ള സമയവും താല്പര്യവും ഉണ്ടായിരുന്നില്ല. ഇ ങ്ങനെ സിദ്ധാര്‍ത്ഥന്റെ ജീവിതഗന്ധിയായ മേഖലകളിലെല്ലാം താന്‍ സഞ്ചരിച്ചെങ്കിലും ഈ കേസ് ഏറ്റെടുത്ത് ചികിത്സിക്കണോ വേണ്ടയോ എന്ന അന്തിമതീരുമാനം കൈക്കൊള്ളുന്നതിന് മുന്‍പ് അയാളുടെ സഹധര്‍മ്മിണിയേ കൂടെ ഒന്നുകണ്ട് ചില കാര്യങ്ങള്‍ കൂടി അറിയണമെന്നെനിക്ക് തോന്നി. അക്കാര്യം സിദ്ധാര്‍ത്ഥനോട് പറഞ്ഞു. അടുത്ത ദിവസം കാലത്ത് 10 മണിക്ക് രണ്ടുപേരും വരണമെന്ന് നിര്‍ദ്ദേശിച്ചയച്ചു.
ഭാര്യാസമേതനായി അടുത്തദിവസം കാലത്ത് സിദ്ധാര്‍ത്ഥന്‍ എത്തി. അവരെ പരിചയപ്പെട്ടശേഷം സിദ്ധാര്‍ത്ഥനോട് അല്പസമയം പുറത്തി രിക്കാന്‍ പറഞ്ഞു. അല്പം അസ്വസ്ഥതയോടെ അയാള്‍ പുറത്തിരുന്നു. സൗമ്യയോട് ചില കാര്യങ്ങള്‍ തനിച്ച് ചോദിച്ചറിയണമായിരുന്നു. ഒരു പക്ഷേ ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ചിലത് അവര്‍ക്ക് പറയാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ചിന്തയായിരുന്നു എനിക്ക്. അവരുടെ വിവാഹ ജീവിതത്തിലെ താളപ്പിഴകളെക്കുറിച്ച് ചോദിച്ചതി ല്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു ചിത്രമാ യിരുന്നു സൗമ്യയില്‍ നിന്നും എനിക്ക് ലഭിച്ചത്.
ഒരു സ്ത്രീയെന്ന നിലയിലുള്ള എന്റെ ശാരീരികവും മാനസികവുമായുള്ള താല്പര്യങ്ങളോ, തന്നെത്തന്നെയോ മനസ്സിലാക്കാത്ത തരത്തിലുള്ള സമീപന രീതിയാണ് സിദ്ധാര്‍ത്ഥന്റേത് എന്നു സൗമ്യ പറയുമ്പോള്‍ ആ മുഖത്ത് ഗൗരവഭാവമായിരുന്നു. സിദ്ധാര്‍ത്ഥന്‍ തന്നെ സമീപിക്കുന്നതുതന്നെ വൈകാരികമായും ലൈംഗികമായും അദ്ദേഹത്തിനുണ്ടാകുന്ന ആവേശത്തിന്റെ പാരമ്യഘട്ടത്തിലാണ്. സത്യത്തില്‍ ആ സമയം അദ്ദേഹത്തിനൊപ്പം രതിയിലേര്‍പ്പെടാനുള്ള മാനസികവും ശാരീരികവുമായ അവസ്ഥയിലേക്ക് തനിക്കെത്താന്‍ കഴിയാറില്ല എന്നതാണ് സത്യം. ഇതു മനസ്സിലാക്കാതെയുള്ള സമീപനവും ബന്ധപ്പെടാനുള്ള ശ്രമവും ആണ് അദ്ദേഹത്തിന്റെ പരാജയ കാരണമെന്നു സൗമ്യ പറഞ്ഞു നിര്‍ത്തി.
നിങ്ങള്‍ തമ്മില്‍ ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? എന്ന എന്റെ ആ ചോദ്യത്തിന് അതിനവസരം കഴിഞ്ഞ് ഏഴ് മാസത്തിനുള്ളില്‍ ആദ്യമായി ലഭിക്കുന്നത് കഴിഞ്ഞ ആഴ്ചയിലായിരുന്നു എന്നവര്‍ പറഞ്ഞു. ഒരു പക്ഷേ അതിന്റെ ഫലമായിരിക്കാം ഡോക്ടറെ സമീപിക്കാനുണ്ടായ തീരുമാനം.
ഞാന്‍ സിദ്ധാര്‍ത്ഥനെ അകത്തേക്ക് വിളിച്ചു. രണ്ടുപേരോടുമായി കുറെയേറെ കാര്യങ്ങള്‍ എനിക്ക് പറയണമെന്നുണ്ടായിരുന്നു. എങ്കിലും അത് പിന്നീടൊരവസരത്തിലാകാമെന്ന് തീരുമാനിച്ചു. സിദ്ധാര്‍ത്ഥന്റെ പ്രശ്‌നങ്ങള്‍ കൂടുതലും ശാരീരികമായുള്ള അനാരോഗ്യ പ്രശ്‌നങ്ങളാണെന്നും അതില്‍നിന്നുണ്ടാകുന്ന മാനസിക വൈഷമ്യങ്ങളാണ് നിങ്ങളുടെ ദാമ്പത്യബന്ധത്തില്‍ ഇപ്പോള്‍ വിഘാതമായിരിക്കുന്നതെന്നും ഞാന്‍ ലഘുവായി പറഞ്ഞു. ശ്രദ്ധാപൂര്‍വമായ ചികിത്സയിലൂടെ എല്ലാ പ്രശ്‌നങ്ങളും മാറ്റിയെടുക്കാന്‍ കഴിയുമെന്ന് ഞാന്‍ സൂചിപ്പിച്ചു.

ഏറ്റവും ശ്രദ്ധാപൂര്‍വ്വം ശരീരം സംരക്ഷിക്കേണ്ട കാലത്ത് അതവഗണിച്ചതിന്റെ ഫലമായി സിദ്ധാര്‍ത്ഥന് സംഭവിച്ചത് കഠിനമായ ശാരീരിക ക്ഷീണവും ധാതുക്ഷയവുമായിരുന്നു. നടക്കുമ്പോള്‍ കിതയ്ക്കുകയും ഇരുന്ന് എഴുന്നേല്‍ക്കുമ്പോള്‍ ക ണ്ണില്‍ ഇരുള്‍ പടരുകയും ഇടയ്ക്ക് തല ചുറ്റലനുഭവപ്പെടുകയും ഭക്ഷണത്തില്‍ താല്പര്യമില്ലാതിരിക്കുകയും ഉറക്കം കുറയുകയും മലബന്ധവും മുഖ്യപ്രശ്‌നങ്ങളായിരുന്നു.
ശരീരശുദ്ധീകരണ പ്രക്രിയയിലൂടെ ആരംഭിച്ച് ക്രമേണ ആരോഗ്യം വീണ്ടെടുക്കുവാനുള്ള ഒരു ചികിത്സാ പദ്ധതിയായിരുന്നു ഞാന്‍ മനസ്സില്‍ രൂപപ്പെടുത്തിയിരുന്നത്. അതിന്റെ ആദ്യപടിയായി ‘കടുക്കാത്തോട്, കറിവേപ്പില, ചിന്നാമുക്കി, മുന്തിരിങ്ങാപ്പഴം’ കഷായം 60 മില്ലി വീതം 1 സ്പൂണ്‍ ശര്‍ക്കര ചേര്‍ത്തു തുടര്‍ച്ചയായി 5 ദിവസം രാത്രി കിടക്കാന്‍ നേരം സേവിപ്പിച്ചു. കാലത്തു സുഖശോധന ലഭിച്ചുതുടങ്ങി. തുടര്‍ന്നു 11 ദിവസം ഉദ്വര്‍ത്തനം, അതിനായി തലയ്ക്ക് അഷ്ടപത്രാദി കേരവും, ദേഹത്തേയ്ക്ക് ധ ന്വന്തരം കുഴമ്പും തുല്യമായി ബലാതൈലവും (‘ബലാശതംഛിന്നരുഹാപാദം – രാസ്‌നാഷ്ടഭാഗികം’ എന്ന യോഗം) യോജിപ്പിച്ചതുമായിരുന്നു. നിശ്ചയിച്ചിരുന്നത്. നല്ല ശരീരജ്ഞാനമുള്ള ഒരു കളരിഗുരുക്കളെയായിരുന്നു അതിനായി നിയോഗിച്ചിരുന്നത്. അദ്ദേഹം തന്റെ ജോലി തൃപ്തികരമാം വിധം പൂര്‍ത്തിയാക്കി, 12-ാം ദിവസം വീ ണ്ടും കോഷ്ഠശുദ്ധിവരുത്തി. തുടര്‍ന്നു 22 ദിവസം അഭ്യംഗം. മേല്‍പ്പറഞ്ഞ 33 ദിവസക്കാലം ഗന്ധര്‍വ്വഹസ്താദികഷായം രണ്ടുനേരം ഭക്ഷണത്തിന് മുന്‍പ് സേവിക്കാന്‍ നിശ്ചയിച്ചിരുന്നു.
കാലത്തും വൈകിട്ടും ലഘുഭക്ഷണങ്ങളും മദ്ധ്യാഹ്നഭക്ഷണം ചോറും കറികളും അതില്‍ ആട്ടിന്‍മാംസ രസം ഒന്നിടവിട്ട ദിവസങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ചികിത്സയുടെ പ്രാരംഭമായി ഇത്രയും ചെയ്തു കഴിഞ്ഞപ്പോള്‍തന്നെ സിദ്ധാര്‍ത്ഥനിലുണ്ടായ മാറ്റം തികച്ചും ആരോഗ്യകരമായിരുന്നു. ഉണര്‍വ്വിന്റെയും ഉന്മേഷത്തിന്റെയും പ്രതിഫലനം അയാളില്‍ ദൃശ്യമായിരുന്നു. ഭക്ഷണത്തിനുള്ള താല്പര്യം വര്‍ദ്ധിക്കുകയും ശാന്തവും സുഖകരവുമായ നിദ്ര ലഭിക്കുകയും ചെയ്തു.
പിന്നീട് സിദ്ധാര്‍ത്ഥനുവേണ്ടി തയ്യാറാക്കിയത് ജീവനീയ ഗണം കഷായമായിരുന്നു.
ജീവന്തീ കാകോള്യൗ/മേദേദ്വേ മുദ്ഗമാഷപര്‍ണ്ണ്യൗച/ഋഷഭക ജീവകമധുകം’
എന്നീ ഔഷധങ്ങളും അതിന്റെ അര്‍ദ്ധ ഭാഗം അശ്വഗന്ധവും ചേര്‍ത്തായിരുന്നു കഷായം തയാറാക്കിയത്.
30 മില്ലി കഷായം വീതം കാലത്തും വൈകിട്ടും ഭക്ഷണത്തിന് മുന്‍പ് 30 മില്ലി ആട്ടിന്‍പാലും ചേര്‍ത്ത് സേവിക്കാനായിരുന്നു നിര്‍ദ്ദേശം. കൂടാതെ രാത്രി കിടക്കാന്‍ നേരം ‘കരവീരാദി ചൂര്‍ണ്ണം’ 10 ഗ്രാം വീതം കാച്ചിയ പശുവിന്‍പാലില്‍ 1 സ്പൂണ്‍ നെയ്യും 5 ഗ്രാം കല്‍ക്കണ്ടവും ചേര്‍ത്തു യോജിപ്പിച്ച് സേവിക്കാനും പറഞ്ഞിരുന്നു.

കരവീരാദി ചൂര്‍ണ്ണം
‘കരവീരശാല്മലിജടാ സ്തഥാ വാനരികം സമം/സുഷ്മചൂര്‍ണ്ണകൃതംസര്‍വ്വം ശോണമാത്രം പിമ്പേന്നിശി/ ആലോഢ്യഘൃതദുഗ്‌ദ്ധേന മാനിനീമാനഭേദനം’ (വാജീകരണ ചന്ദ്രിക)
മേല്‍പ്പറഞ്ഞ കഷായവും ചൂര്‍ണ്ണവും 60 ദിവസം തുടര്‍ച്ചയായി സേവിക്കുവാ നും ആഴ്ചയില്‍ രണ്ടുദിവസം ബലാശ്വഗന്ധാദി കുഴമ്പ് ദേഹത്ത് തേച്ച് കുളിക്കുവാനുമായിരുന്നു പറഞ്ഞിരുന്നത്. ചികിത്സാ കാലത്ത് എരുവ്, പുളി, അതിയായി തണുത്തജലം, തണുത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ മത്സ്യം തുടങ്ങിയവ ഉപയോഗിക്കരുതെന്ന് പറഞ്ഞിരുന്നു. ശരീരപഥ്യം കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
ശാരീരികമായ അനാരോഗ്യം മാറ്റിയെടുക്കുന്നതോടൊപ്പം സിദ്ധാര്‍ത്ഥന്റെയും സൗമ്യയുടെയും ദാമ്പത്യബന്ധത്തിലെ മാനസികമായ പൊരുത്തക്കേടുകള്‍ കൂടി മാറ്റിയെടുത്തെങ്കില്‍ മാത്രമേ ഞാ നേറ്റെടുത്ത ദൗത്യം വിജയിക്കുകയുള്ളൂ. അതിനായി രണ്ടാഴ്ചയിലൊരിക്കല്‍ അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സന്തുഷ്ടമായ ഭാര്യാഭര്‍ത്തൃബന്ധത്തിന് ആരോഗ്യമുള്ള ശരീരം മാത്രം പോരാ. വൈകാരിക നിയന്ത്രണങ്ങള്‍ സ്വായത്തമാക്കിയ ഒരു മനസ്സും ആവശ്യമാണെന്നു അവരെ ബോധ്യപ്പെടുത്തുവാനായിരുന്നു എന്റെ ശ്രമം.വിവാഹശേഷം ഭാര്യാഭര്‍ത്തൃശാരീരികബന്ധത്തെക്കുറിച്ച് പല തരത്തിലുള്ള തെറ്റായ ധാരണകളും മനസ്സില്‍ കൊണ്ടു നടക്കുകയും, അതു ജീ വി തപങ്കാളിയുമായി ഏകപക്ഷീയമായി പങ്കുവയ്ക്കുവാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തുകള്‍ പലപ്പോഴും അപരിഹാര്യമായ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് ആമുഖമായി അവരോട് പറഞ്ഞു.
”മിക്കപ്പോഴും മുന്‍വിധികളോടെയുള്ള സമീപന രീതിയാണ് ഭാര്യാ ഭര്‍ത്തൃലൈംഗിക ബന്ധത്തിലുണ്ടാകുന്ന താളപ്പിഴകള്‍ക്ക് കാരണമായി ഭവിക്കുന്നത്. ബഹുഭൂരിപക്ഷം പുരുഷന്മാരും ലൈംഗികതയുടെ കാര്യത്തില്‍ ബലഹീനരാണ്. അതിവേഗം അവര്‍ രതിമൂര്‍ച്ഛയുടെ അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെ യ്യും. അതിന് കാരണം രതിമൂര്‍ച്ഛ പുരുഷന് അവന്റെ ജനനേന്ദ്രിയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു എന്നതിനാലാവാം. എന്നാല്‍ സ്ത്രീശരീരം പൂര്‍ണ്ണമായും ലൈംഗികമാണു എന്ന വസ്തുത പുരുഷന് മനസ്സിലാകാതെ പോകുന്നു എന്നതാണ് മറ്റൊരു കാരണം. ഇക്കാരണം കൊണ്ടു തന്നെ പുരുഷന്മാരുടേതിനേക്കാള്‍ അനേകം മടങ്ങ് അഗാധവും തീവ്രവും സമ്പന്നവുമായ ഒരു രതിമൂര്‍ച്ഛയായിരിക്കും സ്ത്രീകള്‍ പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും.
അതിന് പുരുഷന്‍ അവളെ ശാരീരികമായി ഉണര്‍ത്തേണ്ടതുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷം പുരുഷന്മാര്‍ക്കും അതില്‍ താല്പര്യമില്ല എന്നതാണ് വസ്തുത. തന്റെ ലൈംഗിക ആവശ്യം പൂര്‍ണ്ണമായാല്‍ അല്ലെങ്കില്‍ ശമിച്ചാല്‍ അവന്റെ ലൈംഗിക താല്പര്യങ്ങള്‍ക്ക് തിരശ്ശീല വീഴുന്നു. വേഴ്ച അ വനെ സംബന്ധിച്ചിടത്തോളം പിരിമുറുക്കങ്ങളെല്ലാമയഞ്ഞ് സുഖകരമായ നിദ്രയിലേക്കുള്ള മാര്‍ഗ്ഗം മാത്രമായി തീരുന്നു. ഏതൊരു സ്ത്രീയേയും ദുഃഖിപ്പിക്കുന്ന അവസ്ഥയാണിത്.
രതിമൂര്‍ച്ഛയില്‍ സ്ത്രീയേകൂടി പങ്കാളിയാക്കാന്‍ പുരുഷന്‍ ശീലിച്ചെങ്കില്‍ മാത്രമേ ദാമ്പത്യം സുഖകരമാവുകയുള്ളൂ. അതിന് ശ്രദ്ധിക്കേണ്ടത് ബാഹ്യകേളികളിലാണ്. തിടുക്കം കൂട്ടാതിരിക്കാന്‍, സംയമനം പാലിക്കാന്‍സര്‍വ്വോപരി മൈഥുനം ഒരു കലയാക്കി മാറ്റിയെടുക്കാന്‍ പുരുഷന്‍ ശീലിച്ചേ മതിയാകൂ. അതിനായി വേഴ്ചയെ പവിത്രമായ ഒരു കര്‍മ്മമായി കരുതുകയും കിടപ്പറയെ പ്രണയത്തിന്റെ ശ്രീകോവിലാക്കി മാറ്റുകയും ചെയ്യുന്നതോടൊപ്പം, രതിയെ വിഷമയമാക്കുന്ന എല്ലാ കലഹങ്ങളും മാനസികവ്യാപാരങ്ങളും അവസാനിപ്പിച്ച ശേഷം മാത്രമായിരിക്കണം വേഴ്ച. സ്ത്രീയെ അവളുടെ നിരവധി രതിമൂര്‍ച്ഛകള്‍ അറിയാനും ആസ്വദിക്കാനുമനുവദിച്ചുകൊണ്ട് അതിന്റെ പാരമ്യത്തിലായിരിക്കണം പുരുഷന്‍ രതിമൂര്‍ഛ ആര്‍ജ്ജിക്കേണ്ടത്. ഈ സാഹചര്യങ്ങള്‍ എല്ലാം തന്നെ പരസ്പര ധാരണയില്‍ നിക്ഷിപ്തമാണെന്ന കാര്യം പ്രത്യേകം ഓര്‍മിക്കേണ്ടതുമുണ്ട്. ഇങ്ങനെയുള്ള അനേകം അറിവുകള്‍ കൈമാറുന്നതിലൂടെ സന്തോഷകരമായ ഒരു പുതിയ കുടുംബജീവിതത്തിലേക്ക് ഇത്തരക്കാരെ നയിക്കുവാന്‍ ഒരു ചികിത്സകന് കഴിയണം. ഇക്കാര്യത്തില്‍ മാനസികമായ സങ്കോചം പാടില്ലാത്തതാണ്. ഇന്നലെവരെ മനസ്സില്‍ കൊണ്ടുനടന്ന തെറ്റായ സങ്കല്പങ്ങള്‍ ചീട്ടുകൊട്ടാരം പോലെ അവരുടെ മനസ്സില്‍ ശിഥിലമാകുന്നത് നമുക്കറിയാന്‍ കഴിയണം.
അറുപതു ദിവസത്തെ ഔഷധസേവ കഴിഞ്ഞപ്പോള്‍ സിദ്ധാര്‍ത്ഥന് വളരെയേറെ ആരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും, ഭാര്യയുമായുള്ള ശാരീരികബന്ധത്തിന് വേണ്ടത്ര തീവ്രത ഉണ്ടാകുന്നില്ല എന്ന് സിദ്ധാര്‍ത്ഥന്‍ സൂചിപ്പിച്ചു. അതിന് കാരണമായി അയാള്‍ പറഞ്ഞത് ലിംഗത്തിന് വേണ്ടത്ര ബലം വേണ്ടപ്പോള്‍ ലഭിക്കുന്നില്ല എന്നതായിരുന്നു.
സ്വാഭാവികമായും കഷായസേവയും, ഉദ്വര്‍ത്തനവും, അഭൃംഗവും, ചൂര്‍ണ്ണസേവയും എല്ലാം കഴിയുമ്പോള്‍ ‘ധ്വജബലം’ വര്‍ദ്ധിക്കേണ്ടതായിരുന്നു. പക്ഷേ പിന്നെയും ബലക്കുറവ് എന്ന പരാതി കേട്ടപ്പോള്‍ കൗമാരാന്ത്യത്തിലും യൗവ്വനത്തിലും ”കലശലായി സിദ്ധാര്‍ത്ഥന് ഉണ്ടായിരുന്ന മുഷ്ടിമൈഥുന താല്പര്യം” എന്റെ മനസ്സിലേക്ക് കടന്നുവന്നു. വളരെ നിരുപദ്രവകരമെന്നും അപകടരഹിതമെന്നുമൊക്കെ പലരും വിശേഷിപ്പിക്കുന്ന ഹസ്തമൈഥുനം പില്‍ക്കാലത്തു ലിംഗ ശൈഥില്യത്തെ ഉണ്ടാക്കുന്നതിന് തെളിവാണ് സിദ്ധാ ര്‍ത്ഥന്റെ അവസ്ഥ. ലിംഗചര്‍മ്മത്തിനും കോശങ്ങള്‍ക്കും അതില്‍ വിന്യസിച്ചിരിക്കുന്ന നാഡി ഞരമ്പുകള്‍ക്കും ഉണ്ടാകുന്ന ശിഥിലതയാണ് പലപ്പോഴും യൗവനകാലത്തിന്റെ അന്ത്യത്തിലും മദ്ധ്യപ്രായത്തിലും ലിംഗത്തിനുണ്ടാകുന്ന ബലക്കുറവിന് കാരണായിത്തീരുന്നത്.
ആ പ്രശ്‌നംകൂടി പരിഹരിച്ചാല്‍ മാത്രമേ സിദ്ധാര്‍ത്ഥന്റെ ചികിത്സ അതിന്റെ പൂര്‍ണ്ണതയില്‍ എത്തുകയുള്ളൂ. അതിനായി ‘ച്യവനപ്രാശത്തിന്റെ’ ഔഷധങ്ങള്‍ കഷായമാക്കിയതു ദിവസം രണ്ടു നേരം ഒരു സ്പൂണ്‍ വീതം അശ്വഗന്ധാദിഘൃതം ചേര്‍ത്തു ഭക്ഷണത്തിനുമുന്‍പ് സേവിക്കുവാനും ‘വിമര്‍ദ്ദനലേപം’ പുറമേ പതിവായി രണ്ടുമണിക്കൂര്‍ ലേപനം ചെയ്യുവാനും നിര്‍ദ്ദേശിച്ചു.
വിമര്‍ദ്ദനലേപം
”ഗോഘൃതഞ്ചാര്‍ക്ക ദുഗ്ദ്ധഞ്ച മാക്ഷികം സമഭാഗതഃ/കാംസ്യപാത്രേ മര്‍ദ്ദയിത്വ ശിശ്‌നേ നിത്യം വിമര്‍ദ്ദയേല്‍/ മാസൈകമര്‍ദ്ദനേനൈവ ശൈഥില്യഞ്ചവിനാശയേല്‍/ ഹസ്തമൈഥുനജം ദുഃഖം പ്രാണശ്യതി ന സംശയഃ (വാജീകരണചന്ദ്രിക)
(പശുവിന്‍ നെയ്യ്, എരുക്കിന്‍ പാല്‍, തേന്‍ ഇവ തുല്യമായി എടുത്ത് ഓട്ട് കിണ്ണത്തില്‍ വച്ച് യോജിപ്പിച്ച് കൈകൊണ്ട് മര്‍ദ്ദിച്ച് ലിംഗത്തില്‍ ലേപനം ചെയ്യുക)
കൂടാതെ തലയ്ക്ക് ‘ബലാശ്വഗന്ധാദി’ എണ്ണയും ദേഹത്ത് ‘ബലാതൈലവും തേച്ച് പതിവായി അഭൃംഗം ചെയ്യുവാനും പറഞ്ഞിരുന്നു.’
60 ദിവസത്തെ ഔഷധപ്രയോഗം കഴിഞ്ഞ് മരുന്നുകള്‍ എല്ലാം നിര്‍ത്തുവാനും തേച്ചുകുളി തുടരുവാനും ആയിരുന്നു നിര്‍ദ്ദേശിച്ചത്.
മൂന്നുമാസങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥനും സൗമ്യയും വീണ്ടും എന്നെ കാണുവാന്‍ വന്നിരുന്നു. അവരുടെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹൃതമായിരുന്നു. ദാമ്പത്യബന്ധത്തില്‍ ഉണ്ടായിരുന്ന എല്ലാ താളപ്പിഴകളും അവസാനിച്ചതായി അവന്‍ സന്തോഷത്തോടെ പറഞ്ഞു. സല്‍സന്താനങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞ് ഞാന്‍ അവരെ യാത്രയാക്കി.

  • മരുന്നുകളുടെ ഉപയോഗം ഡോക്ടറുമായി ബന്ധപ്പെട്ടതിനുശേഷം മാത്രം. സ്വയം ചികിത്സ പാടില്ല.
    ഫോ: 9447661209