എഴുപത്തൊന്നുകാരി കൃത്രിമ ഗർഭധാരണത്തിലൂടെ പ്രസവിച്ച പെൺകുഞ്ഞ് 45 ദിവസത്തെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങി വിധിക്കു കീഴടങ്ങി.

596
0

രാമപുരം എഴുകുളങ്ങര വീട്ടിൽ റിട്ട.അധ്യാപിക സുധർമ മാർച്ച് 18ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജന്മം നൽകിയ പെൺകുഞ്ഞാണു മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് പാൽ തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി മരിച്ചു. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിനു തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാൽ 40 ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പട്ടതോടെ കഴിഞ്ഞ 28നു രാമപുരത്തെ വീട്ടിൽ കൊണ്ടുവന്നു. സുധർമയും ഭർത്താവ് റിട്ട. പൊലീസ് ടെലി കമ്യൂണിക്കേഷൻ ഓഫിസർ സുരേന്ദ്രനും കുഞ്ഞിനെ അതീവ ശ്രദ്ധയോടെ പരിചരിച്ചു. തൂക്കം 1100 ൽ നിന്നും 1400ലേക്ക് ഉയർന്നതിന്റെ സന്തോഷത്തിനിടയിലാണു മരണത്തിനു കീഴടങ്ങിയത്.
ഒന്നര വർഷം മുൻപ് 35 വയസ്സുള്ള ഇവരുടെ മകൻ സുജിത് സൗദിയിൽ‌ മരിച്ചതോടെയാണ് ഒരു കുഞ്ഞു കൂടി വേണമെന്നു സുധർമയും സുരേന്ദ്രനും ആഗ്രഹിച്ചത്.