ഇന്ന് ലോകപത്രസ്വാതന്ത്ര്യദിനം. ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശപ്രകാരം 1993 മുതല്‍ എല്ലാവര്‍ഷവും ഈ ദിനം ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ആഫ്രിക്കന്‍ പത്രപ്രവര്‍ത്തകര്‍ 1991 ല്‍ നമീബിയയുടെ തലസ്ഥാനമാ വിന്‍ഡ്ഹോക്കില്‍ പത്രസ്വാതന്ത്ര്യ തത്വങ്ങള്‍ അടങ്ങുന്ന ഒരു പ്രഖ്യാപനം നടത്തിയതിന്റെ വാര്‍ഷികമെന്ന നിലയിലാണ് ഈ ദിവസം അതിനായി തെരഞ്ഞെടുത്തത്. ദൈനംദിന വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയുള്ള സാഹസിക യത്നത്തില്‍ കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകര്‍ക്കും ജയില്‍വാസം അനുഭവിക്കുന്നവര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതിനായാണ് ഇങ്ങനെയൊരു ദിനാചരണം നടത്തുന്നത്. പത്രസ്വാതന്ത്ര്യത്തിന്റെ നിലനില്‍പ്പിനുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാനുള്ള യുനെസ്കോയുടെ ഗില്ലര്‍മോ കാനോ പുരസ്കാരം സമ്മാനിക്കുന്നതും ഈ ദിനത്തിലാണ്.