കേരളാ കോൺഗ്രസ് ബി ചെയർമാൻ ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു

600
0

കേരളാ കോൺഗ്രസ് ബി ചെയർമാനും മുൻ മന്ത്രിയും ആയ ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. അനാരോഗ്യം കാരണം ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലും ആയിരുന്ന ആര്‍ ബാലകൃഷ്ണപ്പിള്ളയെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവമാണ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. അൽപസമയം മുന്പാണ് വിയോഗ വാർത്ത സ്ഥിരീകരിച്ചത്.

ആരോഗ്യകരമായ പ്രശ്നങ്ങൾ ഏറെ അലട്ടിയിരുന്നെങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അടക്കം ബാലകൃഷ്ണപ്പിള്ള സജീവമായി ഇടപെട്ടിരുന്നു. മകനും പത്തനാപുരം എൽഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെബി ഗണേഷ് കുമാറിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളിൽ വരെ ഇടപെടലുണ്ടായിരുന്നു. കെബി ഗണേഷ് കുമാർ കൊവിഡ് ബാധിതനായി ചികിത്സയിലിരുന്ന സമയമായതിനാൽ പത്തനാപുരത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനും ബാലകൃഷ്ണപ്പിള്ള എത്തി. മുന്നാക്ക വികസന കോര്‍പറേഷൻ ചെയർമാനായിരുന്നു

നയം, വിനയം, അഭിനയം എന്നിവ വശമില്ലാത്ത രാഷ്ട്രീയക്കാരൻ എന്നാണ് ആത്മകഥയുടെ അവതാരികയിൽ ആര്‍ ബാലകൃഷ്ണപ്പിള്ളയെ കുറിച്ചുള്ള പരാമര്‍ശം. വിദ്യാര്‍ത്ഥി രാഷ്ട്രീയകാലം മുതൽ കേരള രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളോളം പല തലങ്ങളിൽ തിളങ്ങിയ വ്യക്തിത്വമായിരുന്നു ബാലകൃഷ്ണപ്പിള്ളയുടേത്.1935 മാർച്ച് 8 ന് കൊല്ലം കൊട്ടാരക്കരയിൽ കീഴൂട്ട് രാമൻ പിള്ള- കാർത്ത്യായനിയമ്മ ദമ്പതികളുടെ മകനായാണ് ജനനം. വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയപ്രവർത്തകനായി മാറിയ ആര്‍ ബാലകൃഷ്ണപ്പിള്ള ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിരുന്നു. 1964ൽ കേരള കോൺഗ്രസിന്‍റെ സ്ഥാപക ജനറൽ സെക്രട്ടറിയായി. ഇപ്പോൾ കേരള കോൺഗ്രസ് (ബി) ചെയർമാനാണ്. ആർ. ഭാര്യ വത്സല നേരത്തെ മരിച്ചു. മുൻ മന്ത്രിയും ചലച്ചിത്രതാരവുമായ ഗണേഷ് കുമാർ മകനാണ്. രണ്ട് പെൺമക്കളുമുണ്ട്.

1964 മുതൽ 87 വരെ ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പിള്ള. 1971-ൽ ലോക്സഭാംഗമായി. 1975 ൽ. സി അച്ചുതമേനോൻ മന്ത്രിസഭയിൽ ഗതാഗത, എക്സൈസ്, ജയിൽ വകുപ്പുകളുടെ ചുമതല ഏറ്റെടുത്താണ് ആദ്യ മന്ത്രിസഭാ പ്രവേശം. 1980-82, 82-85, 86-87 കാലഘട്ടങ്ങളിൽ വൈദ്യുതിവകുപ്പ് മന്ത്രിയായിട്ടുണ്ട്.1991 മുതൽ 95-വരെ കരുണാകരൻ മന്ത്രിസഭയിൽ ഗതാഗത വകുപ്പ്മന്ത്രി. 1995 മാർച്ച് 22 മുതൽ 95 ജൂലൈ 28 വരെ എ.കെ. ആന്‍റണി മന്ത്രിസഭയിലംഗം.2003-04 വർഷങ്ങളിൽ എ.കെ. ആന്‍റണി മന്ത്രിസഭയിൽ ഗതാഗത വകുപ്പ് മന്ത്രി. മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായി അദ്ദേഹത്തെ നിയമിക്കാൻ 2017 മെയിൽ പിണറായി സർക്കാർ തീരുമാനിച്ചു. 1985 ൽ പഞ്ചാബ് മോഡൽ എന്ന പേരിൽ വിവാദമായ പ്രസംഗത്തെ തുടര്‍ന്ന മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്ന ആര്‍ ബാലകൃഷ്ണപ്പിള്ള അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയും കൂടിയാണ്.

ഇടമലയാർ കേസിൽ സുപ്രീം കോടതി ഒരു വർഷത്തേക്കു തടവു ശിക്ഷക്ക് വിധിച്ചതോടെയായിരുന്നു പിള്ളയുടെ ജയിൽവാസം. ശിക്ഷാകാലാവധി പൂർത്തിയാകുന്നതിനു മുൻപ് കേരളപ്പിറവിയോടനുബന്ധിച്ച് മറ്റ് 138 തടവുകാർക്കൊപ്പം ശിക്ഷായിളവ് നൽകി ആര്‍ ബാലകൃഷ്ണപ്പിള്ളയെ വിട്ടയക്കുകയായിരുന്നു. 69 ദിവസത്തെ ജയിൽ വാസത്തിനൊപ്പം 75 ദിവസത്തെ പരോളും 85 ദിവസത്തെ ആസ്പത്രി ചികിത്സാക്കാലവും ശിക്ഷായിളവിനായി അന്ന് പരിഗണിക്കുകയും ചെയ്തു. .കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികനുമാണ് ആണ് ബാലകൃഷ്ണപിളള.

വാരികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു വന്ന ബാലകൃഷ്ണപിള്ളയുടെ ആത്മകഥാക്കുറിപ്പുകൾ ഒരിക്ക് ഡിസി ബുക്സ് പുസ്തകരൂപത്തിൽ പുനഃക്രമീകരിച്ചിരുന്നു. എന്നാൽ പ്രസിദ്ധീകരണത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്ന ഘട്ടത്തിൽ ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ട് അദ്ദേഹത്തിന് പൂജപ്പുര സെൻട്രൽ ജയിലിലെ 5990-ആം തടവുപുള്ളിയാകേണ്ടി വന്നു. അങ്ങനെ ആര്‍ ബാലകൃഷ്ണപ്പിള്ള തന്റെ ആത്മകഥക്ക് പ്രിസണർ 5990 എന്നു പേരിട്ടു. 2011 മാർച്ചിലാണ് ഇതിന്‍റെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്.