ചലച്ചിത്രവും സാമൂഹ്യപരിണാമങ്ങളും

1072
0


രശ്മി ജി, അനില്‍കുമാര്‍ കെ എസ്


സമൂഹത്തിലെ ദൈനംദിന ജീവിതവ്യവഹാരങ്ങള്‍ എല്ലാംതന്നെ രാഷ്ട്രീയമായ ഉള്ളടക്കത്തിന്റെ പിന്‍ബലത്തിലാണ് നിര്‍വ്വഹിക്കപ്പെടുന്നത്. രാഷ്ട്രീയമെന്നത് കേവലം ഭരണകൂടമെന്ന സ്ഥാപനത്തിന്റെ രൂപീകരണം, തുടര്‍ പ്രവര്‍ത്തനങ്ങള്‍, ജനസമൂഹവുമായുള്ള ഇടപെടലുകള്‍ എന്നിവയുമായി ചേര്‍ത്തുവെച്ച് നിര്‍വ്വചിക്കുന്നതും വിശകലനം ചെയ്യുന്നതുമായ രീതി കാലഹരണപ്പെട്ട ഒന്നാണ്. മനുഷ്യജീവിതത്തിന്റെ സൂക്ഷ്മതലങ്ങളില്‍ വരെ ഗാഢമായി സ്വാധീനം ചെലുത്തുന്നതും മനുഷ്യജീവിത വ്യവഹാരങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന ‘അധികാരവും’ അതിന്റെ ‘പ്രയോഗങ്ങളും’ ‘വ്യാപനശേഷി’യുമെല്ലാമാണ് രാഷ്ട്രീയമെന്ന സംജ്ഞയില്‍ യഥാര്‍ത്ഥത്തില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നത്. മനുഷ്യന്റെ ജനനം മുതല്‍ മരണംവരെയുള്ള കാലയളവില്‍ വിഭിന്നങ്ങളായ സാമൂഹ്യസാംസ്‌കാരിക സ്ഥാപനങ്ങളില്‍ നിന്നുള്ള അധികാരത്തിന്റെ രാഷ്ട്രീയഇടപെടലുകള്‍ ജീവിതത്തില്‍ നിര്‍വ്വഹിക്കപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള പ്രത്യക്ഷവും പരോക്ഷവുമായ അധികാരഘടനകളെയും സാമൂഹ്യസംവിധാനങ്ങളെയും അതിസമര്‍ത്ഥമായി കീഴടക്കിയും തന്ത്രപരമായി ഉപയോഗപ്പെടുത്തിക്കൊണ്ടുമാണ് കൊളോണിയല്‍ഭരണകൂടം മുതല്‍ വര്‍ത്തമാനകാല ഇന്ത്യന്‍ സമൂഹത്തിലെ ഫാസിസ്റ്റുഭരണകൂടം വരെ വ്യക്തി/സമൂഹത്തെ വരുതിയില്‍ നിറുത്തുന്നതും സാംസ്‌കാരികമായ അടിത്തറകളെ നിര്‍മ്മിച്ചെടുക്കുന്നതും. ഇത്തരമൊരു സന്ദര്‍ഭത്തില്‍ പൊതുജനത്തിനുവേണ്ടി (?) നിര്‍മ്മിക്കപ്പെടുന്ന കലാസാഹിത്യാദി സൃഷ്ടികളിലെല്ലാം രാഷ്ട്രീയമായ നിലപാടുകള്‍ സ്വാഭാവികമായി പ്രകടമായിരിക്കും. അരാഷ്ട്രീയമായ ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടുന്നവയോടൊപ്പം വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ പുലര്‍ത്തുന്നവയും കലാസൃഷ്ടികളില്‍ പതിവാണ്. നിലവിലുള്ള സാമൂഹ്യാധികാര ഘടനകളെ വെല്ലുവിളിച്ചും അട്ടിമറിച്ചുമാണ് ചലച്ചിത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്നുള്ള ‘വാദം’ കാലാകാലങ്ങളിലായി ഉയര്‍ന്നുവരാറുണ്ട്. ‘അധികാരഘടനകളോടു സമരസപ്പെടുന്ന’ ‘പ്രായോഗികവാദത്തില്‍ അടിയുറച്ചു നില്ക്കുന്ന’ രചനകള്‍/സൃഷ്ടികളാണ് ഭൂരിപക്ഷവും എന്നതിനാല്‍ മേല്‍പറഞ്ഞ വാദം ഒരു ‘ടിപ്പിക്കല്‍ ക്ലീഷേ’ മാത്രമായി മാറുന്നു. അധികാരവ്യവസ്ഥിതികളോടു വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്ന സൃഷ്ടികള്‍ ചെറിയൊരു ശതമാനം മാത്രമേയുള്ളൂ. അവ ഏതുപക്ഷം പിടിക്കുന്നുവെന്നതും ഏതുതരം പ്രത്യയശാസ്ത്രത്തെയാണ് വിനിമയം ചെയ്യുന്നതെന്നുമുള്ള അന്വേഷണം നിര്‍വ്വഹിക്കേണ്ടത് രാഷ്ട്രീയജാഗ്രതയുള്ള വ്യക്തികളുടെ കടമയാണ്.
ഇത്തരമൊരു പശ്ചാത്തലത്തിലാണ് വെള്ളിത്തിരയുടെ രാഷ്ട്രീയം പ്രസക്തമാകുന്നത്. ജനസമൂഹത്തിന്റെ ദൈനംദിന ജീവിതവ്യവഹാരങ്ങളെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ കര്‍തൃത്വം വെള്ളിത്തിരയ്ക്കുണ്ട്. സാധാരണ ജനങ്ങളുടെ വസ്ത്രധാരണവും പെരുമാറ്റങ്ങളും സംഭാഷണങ്ങളും സ്വപ്നങ്ങളുമെല്ലാം ജനപ്രിയസിനിമയുടെ സ്വാധീനവലയത്തിനുള്ളില്‍ നിന്നുകൊണ്ടാണ് ക്രമീകരിക്കപ്പെടുന്നത്. മനുഷ്യന്റെ ലൈംഗികത ഉള്‍പ്പെടെയുള്ള അടിസ്ഥാനചോദനകളെയും പ്രണയകാമനകളേയും സ്വകാര്യജീവിതത്തിലെ രതിഭാവനകളേയും ഉത്തേജിപ്പിക്കുന്നതിനും സമ്പുഷ്ടമാക്കുന്നതിനുമുള്ള മാധ്യമമായി ചലച്ചിത്രങ്ങള്‍ മാറുന്നുണ്ട്. മലയാളി ‘ആണത്ത’ങ്ങളുടെ പ്രകടനപരതകളെ പൊലിപ്പിച്ചെടുക്കുന്നതും മലയാളി ‘പെണ്ണത്ത’ മാതൃകകളെ ശാലീന സുന്ദരിയായി നിലനിര്‍ത്തുന്നതും ചലച്ചിത്രങ്ങള്‍ പകര്‍ന്നു നല്കിയ ബോധങ്ങളുടെ അടിസ്ഥാനത്തിലാണ്.
ഫ്യൂഡല്‍ വര്‍ഗ്ഗത്തിന്റെ അഭിരുചികളെയും രീതിശാസ്ത്രങ്ങളെയും ലാവണ്യബോധങ്ങളെയും തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങളോടൊപ്പം ജാതീയമായ ധ്രുവീകരണങ്ങളെ നിലനിര്‍ത്തുന്ന കാഴ്ചപ്പാടുകളുമാണ് ആദ്യകാല ചലച്ചിത്ര സൃഷ്ടികളിലുണ്ടായിരുന്നത്. നവോത്ഥാനമൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ചലച്ചിത്ര സൃഷ്ടികളും അക്കാലയളവില്‍ ഉണ്ടായിരുന്നുവെന്നതു വിസ്മരിക്കുന്നില്ല. കേരളീയസമൂഹത്തിലേയും സാഹിത്യത്തിലേയും നവോത്ഥാനത്തിന്റെ തുടര്‍ച്ചകളാണ് ചലച്ചിത്രമേഖലയില്‍ സംജാതമായത്. ചരിത്രപരമായ ഇത്തരം മുന്നേറ്റങ്ങളുടെ ഫലമായിട്ടാണ് നീലക്കുയില്‍ (1954) ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ അരികുവല്ക്കരിക്കപ്പെട്ടവരുടെ ജീവിതം തിരശ്ശീലയിലെത്തിയത്. കേരളീയ സാമൂഹ്യാവസ്ഥകളുടെ പുരോഗമനാഭിമുഖ്യം നീലക്കുയിലില്‍ പ്രകടമാകുന്നുവെങ്കിലും അതിനുള്ളില്‍ ശക്തമായ അടിത്തറയായി ദളിത്‌വിരുദ്ധത നിലനില്ക്കുന്നു. ജാതി/മത/വര്‍ഗ്ഗ/വര്‍ണ്ണ/ലിംഗവിവേചനങ്ങളെ മൂര്‍ത്തമായി നിലനിര്‍ത്തുകയും ഉപരിവര്‍ഗ്ഗവിഭാഗങ്ങളുടെ വംശശുദ്ധിവാദങ്ങളെ സ്ഥാപിച്ചെടുക്കുകയുമായിരുന്നു മലയാള സിനിമ. ഒറ്റപ്പെട്ട ചെറു ബദലുകള്‍, സമാന്തരമായ ചലച്ചിത്രാവിഷ്‌കാരങ്ങള്‍ ഇതിനെതിരായി ഉയര്‍ന്നു വന്നുവെങ്കിലും കമ്പോളത്തിന്റെ ആധിപത്യസ്വഭാവങ്ങളെ നിരാകരിച്ചുകൊണ്ട് സജീവമായി ഇടപെടലുകള്‍ നിര്‍വ്വഹിക്കുവാന്‍ അവയ്ക്കു കഴിഞ്ഞില്ല. വര്‍ത്തമാനകാലത്തേക്കു എത്തുമ്പോഴും മലയാളസിനിമ അതിന്റെ യാഥാസ്ഥിതിക ബോധങ്ങളില്‍നിന്നും സമ്പൂര്‍ണ്ണമായ വിടുതല്‍ പ്രാപിച്ചിട്ടില്ല എന്നതാണ് വ്യക്തമാകുന്നത്.
ചലച്ചിത്രപ്രദര്‍ശനങ്ങള്‍ താല്ക്കാലിക കൂടാരങ്ങളില്‍നിന്നും സ്ഥിരം പ്രദര്‍ശനശാലകളിലേക്ക് ചേക്കേറുന്ന കാലയളവിലാണ് മലയാളസിനിമ വ്യാവസായികമായി കൂടുതല്‍ ഉണര്‍വ്വ് പ്രാപിക്കുന്നത്. ‘കൊട്ടകകള്‍’ ഓരോ പ്രാദേശിക ജനസമൂഹത്തിന്റെയും സാംസ്‌കാരികബോധത്തില്‍ അത്രമേല്‍ ഇഴുകിച്ചേര്‍ന്നിരുന്നു. ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ക്കൊപ്പം വിവാഹങ്ങള്‍, സമ്മേളനങ്ങള്‍, മറ്റു ജനകീയകൂട്ടായ്മകള്‍ എന്നിവയ്ക്കുള്ള പൊതുവേദിയായി പരിണമിച്ചിരുന്ന പ്രദര്‍ശനശാലകള്‍ സാംസ്‌കാരികമായ ഇടപെടലുകളാണ് നിര്‍വ്വഹിച്ചിരുന്നത്. ‘കൊട്ടക’യുടെ സുവര്‍ണ്ണകാലത്തുനിന്നും മള്‍ട്ടിപ്ലക്‌സുകളുടെ ആഘോഷ കാലത്തേക്ക് എത്തുമ്പോള്‍ കേരളീയപൊതുമണ്ഡലത്തില്‍ സാംസ്‌കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒട്ടനവധി പരിണാമ സന്ദര്‍ഭങ്ങളെ കണ്ടെടുക്കുവാന്‍ കഴിയും. ഭൂപരിഷ്‌കരണത്തെ തുടര്‍ന്ന് സൃഷ്ടിക്കപ്പെട്ട മധ്യവര്‍ഗ്ഗത്തിന്റെ ഇടപെടലുകള്‍ കേരളീയ പൊതുമണ്ഡലത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഫ്യൂഡല്‍ മൂല്യങ്ങളുടെ തുടര്‍ച്ചയെയാണ് മധ്യവര്‍ഗ്ഗം ആഘോഷിച്ചതും കലാസാഹിത്യാദി മാധ്യമങ്ങളിലൂടെ പുനഃസൃഷ്ടിച്ചതും ആധികാരിക രേഖകളാക്കി മാറ്റിയതും. വരേണ്യ വര്‍ഗ്ഗ സാംസ്‌കാരിക പശ്ചാത്തലങ്ങളെ അവതരിപ്പിച്ച സാഹിത്യകൃതികള്‍ സ്വീകരിക്കപ്പെടുമ്പോള്‍തന്നെ മറുഭാഗത്ത് ദളിത്/ആദിവാസി/സ്ത്രീ/ലൈംഗിക/ജന്റര്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ കൃതികളും എഴുതപ്പെടുകയും സ്വീകരിക്കപ്പെടുന്നുമുണ്ടായിരുന്നു. ടെലിവിഷന്റെ കടന്നുവരവും പൊതുസ്വീകാര്യതയും കേരളീയജനതയുടെ ദൃശ്യാഭിരുചികളില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങളാണ് സൃഷ്ടിച്ചത്. വീട്ടകത്തുതന്നെ ‘കളര്‍ഫുള്‍ കാഴ്ചകള്‍’ ലഭിക്കുമെന്നായതോടെ തിയറ്ററുകളിലെത്തിയിരുന്ന പ്രേക്ഷകരില്‍ വലിയൊരു വിഭാഗം ആളുകള്‍, സ്ത്രീ പ്രേക്ഷകര്‍ വീട്ടിനുള്ളിലേക്കു ഒതുങ്ങിക്കൂടി. വീഡിയോ പാര്‍ലറുകളും വീഡിയോ കാസറ്റുകളും വീട്ടകത്തെ കാണികളെ അതിവേഗം ആകര്‍ഷിച്ചെടുത്തു. ഇതേകാലയളവില്‍ തന്നെയാണ് പൊതുമണ്ഡലത്തില്‍ ജാതി – മത വര്‍ഗ്ഗീയധ്രുവീകരണങ്ങള്‍ അതിശക്തമാകുന്നതും ഹിന്ദുത്വ ആശയപ്രചരണങ്ങള്‍ക്കു മേല്‍ക്കോയ്മ ശക്തമാകുന്നതും. അത്തരമൊരു പന്ഥാവിലൂടെ നീങ്ങിയ മലയാളസിനിമയ്‌ക്കൊപ്പം പുണ്യ പുരാണ മെഗാപരമ്പരകളിലൂടെ (ദൂരദര്‍ശന്‍) ടെലിവിഷനും പ്രേക്ഷക സമൂഹത്തെ ഫ്യൂഡല്‍ ഹൈന്ദവ മധ്യവര്‍ഗ്ഗ താല്പര്യങ്ങളിലും അഭിരുചികളിലും അഭിരമിക്കാന്‍ പ്രേരിപ്പിച്ചു. ടെലിവിഷന്റെ പിന്നാലെയെത്തിയ ഇന്റര്‍നെറ്റും മൊ ബൈല്‍ഫോണും വാട്ട്‌സ് ആപ്പും ഫെയ്‌സ്ബുക്കും ട്വിറ്ററുമെല്ലാം മനുഷ്യന് അതിരുകളില്ലാത്ത ലോകമാണ് സമ്മാനിച്ചത്. നവമാധ്യമങ്ങളുടെ വ്യാപനത്തോടൊപ്പം പൊതുസമൂഹത്തിലുണ്ടായ സാമ്പത്തിക പരിണാമങ്ങളോടുംകൂടി കൊട്ടകകള്‍ നാമാവശേഷമാകുകയും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ അത്തരം സ്ഥലങ്ങളെ കീഴടക്കിയെടുക്കുകയുമുണ്ടായി. നവ സാങ്കേതികവിദ്യയുടെ കാലഘട്ടത്തില്‍ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലുമെല്ലാം വിപ്ലവകരമായ പരിണാമങ്ങളാണുണ്ടായത്. നവ മധ്യവര്‍ഗ്ഗത്തിന്റെ രൂപപ്പെടലും വളര്‍ച്ചയുമാണ് പൊതുവില്‍ ദൃശ്യമാകുന്നത്. ചിക്കിങ്ങും (ഇവശസശിഴ) കെ എഫ് സിയും കോഫി കഫേ ഡേയും ഡോമിനോസും ട്രെന്‍ഡ്‌സും ബിഗ് ബസാറും ഷോപ്പിംഗ് മാളുകളും മള്‍ട്ടിപ്ലക്‌സുകളുമെല്ലാം ഇത്തരമൊരു വര്‍ഗ്ഗത്തിന്റെ ജീവിത സംസ്‌കാരത്തിന്റെ അനിവാര്യ ഘടകങ്ങള്‍ ആകുന്നു. മള്‍ട്ടിപ്ലക്‌സ് ചലച്ചിത്രങ്ങള്‍ ഈ നവമധ്യവര്‍ഗ്ഗത്തിന്റെ ജീവിത പശ്ചാത്തലങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നവമാധ്യമങ്ങളുടെ ആഗോള സ്വീകാര്യത ജനജീവിതത്തില്‍ പുതിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. ഓണ്‍ലൈന്‍ ചലച്ചിത്രങ്ങള്‍ വരെ, മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി.
ഓണ്‍ലൈന്‍ കൂട്ടായ്മകളിലൂടെ ട്രോളുകള്‍ നിര്‍മ്മിക്കപ്പെടുന്നതും ആഗോളീയമായി അവ സ്വീകാര്യത നേടുന്നതും, പരമ്പരാഗത മതബോധങ്ങളെ നിരാകരിച്ച ‘ഡിങ്കമത’വും രൂപപ്പെടുന്നത് ഇതേ കാലയളവില്‍ തന്നെയാണ്. നവമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചുള്ള കാമ്പയിനും നവമാധ്യമ കൂട്ടായ്മകളിലൂടെയുള്ള ജനകീയ സമരങ്ങളും നിര്‍വ്വഹിക്കപ്പെടുന്നതും ഇതേ സന്ദര്‍ഭത്തിലാണ്. സ്ത്രീ/പുരുഷന്‍ എന്ന ദ്വന്ദ്വ ഭാവനകള്‍ക്കപ്പുറത്ത് സ്ത്രീ/പുരുഷന്‍/ട്രാന്‍സ്ജന്റേഴ്‌സ് (ട്രാന്‍സ്ജന്റര്‍, ട്രാന്‍സ്മാന്‍, ട്രാന്‍സ്‌വുമണ്‍, ബൈസെക്ഷ്വല്‍, ഇന്റര്‍സെക്‌സ്) എന്ന പൊതു ഭാവനയിലേക്ക് മലയാളിസമൂഹം സഞ്ചരിച്ചു. സദാചാരഗുണ്ടായിസത്തിനെതിരെയുള്ള പ്രതിഷേധമായി ചുംബന സമരവും സംഘടിത – അസംഘടിത തൊഴില്‍ മേഖലകളിലെ സ്ത്രീ സമൂഹത്തിന്റെ വ്യത്യസ്തങ്ങളായ സമരങ്ങളും ഇതേ കാലഘട്ടത്തില്‍ തന്നെയാണ് ഉയര്‍ന്നുവന്നത്. ഇവിടെ ശ്രദ്ധേയമാകുന്ന ഒരു കാര്യം സാമൂഹ്യമായി ഇടതുപക്ഷത്തിനു ലഭിച്ച പൊതുസ്വീകാര്യത ആറു പതിറ്റാണ്ടു പിന്നിടുമ്പോഴും ഉലച്ചിലുകള്‍ തട്ടാതെ നിലനില്ക്കുന്നുവെന്നതാണ്. അതേ സന്ദര്‍ഭത്തില്‍ തന്നെ കേരളീയ സമൂഹത്തിന്റെ പൊതുബോധം സവര്‍ണ്ണ മധ്യവര്‍ഗ്ഗത്തിന്റെ സൗന്ദര്യശാസ്ത്ര സങ്കല്പനങ്ങളിലും മൂല്യ സമ്പ്രദായങ്ങളിലും അധിഷ്ഠിതമായി നിലകൊള്ളുന്നു. ആയതിനാല്‍ തന്നെ ജാതി/മത/വര്‍ണ്ണ/വര്‍ഗ്ഗ/ലിംഗ പദവികളില്‍ വിവേചനങ്ങള്‍ നേരിടുന്നവരും താഴേക്കിടയിലായി പോയവരും പൊതുമണ്ഡലത്തിലും കലാസാഹിത്യാദി മേഖലകളിലും അപരവല്ക്കരണത്തിനു വിധേയമാകുന്നു.
ഇത്തരം പശ്ചാത്തലങ്ങളുടെ അടിസ്ഥാനത്തില്‍ ഫ്യൂഡല്‍ പുരുഷാധികാര മൂല്യങ്ങളെയും ജാതി/മത/വര്‍ണ്ണ/വര്‍ഗ്ഗ/ലിംഗ വിവേചനങ്ങളെ നിരന്തരമായി ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയ ചലച്ചിത്രങ്ങളുടെ രീതിശാസ്ത്രങ്ങള്‍ പൊളിച്ചെഴുതപ്പെടേണ്ടതുണ്ട്. പ്രേക്ഷകന്റെ ബൗദ്ധിക നിലവാരത്തെ ഉദ്ദീപിപ്പിക്കുന്ന ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ ചലച്ചിത്രങ്ങളെ കേന്ദ്രീകരിച്ചു നില്ക്കുന്ന പൊതുബോധങ്ങള്‍ അട്ടിമറിക്കപ്പെടും. ജനാധിപത്യ വിരുദ്ധതകളല്ല ചലച്ചിത്രങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളേണ്ടത്. വിപണിയുടെ അരാഷ്ട്രീയ താല്പര്യങ്ങളെ നിരാകരിച്ചുകൊണ്ട് പ്രേക്ഷകനെ രാഷ്ട്രീയ ജാഗ്രതയുള്ളവനാക്കുന്ന ദൃശ്യ സംസ്‌കാരം സൃഷ്ടിക്കപ്പെടേണ്ടുന്ന കാലമാണിത്.