തെരഞ്ഞെടുപ്പു പ്രചാരണം: മാസ്‌ക് നിർബന്ധം, കോവിഡ് ജാഗ്രത കർശനമാക്കണം : കളക്ടർ

639
0

ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണത്തിൽ എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങളും കർശനമായി പാലിച്ചുവേണം ഇനിയുള്ള ദിവസങ്ങളിൽ പ്രചാരണമെന്നും കളക്ടർ പറഞ്ഞു. കളക്ടറേറ്റിൽ വിളിച്ചു ചേർത്ത രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

പ്രചാരണത്തിൽ ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണം. കഴിയുന്നതും തുറസായ പ്രദേശങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാൻ ശ്രമിക്കണം. ചെറിയ ഓഡിറ്റോറിയങ്ങളിൽ സമ്മേളനങ്ങൾ സംഘടിപ്പിക്കുമ്പോൾ ആൾക്കൂട്ടുമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണിത്. തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിട്ടുള്ള പ്രകാരം സുവിധ ആപ്പ് വഴി അപേക്ഷ നൽകി അനുമതി വാങ്ങിയേ പ്രചാരണത്തിനു പൊതുസ്ഥലങ്ങൾ ഉപയോഗിക്കാവൂ.

കോവിഡിന്റെ സാഹചര്യത്തിൽ, പ്രചാരണത്തിന്റെ അവസാനദിനം നടത്താറുള്ള കൊട്ടിക്കലാശം ഒഴിവാക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും മാസ്‌ക്, സാനിറ്റൈസർ, തെർമൽ സ്‌ക്രീനിങ് തുടങ്ങിയവ സ്ഥാനാർഥികളും രാഷ്ട്രീയ കക്ഷികളും ഉറപ്പാക്കണം. പ്രചാരണത്തിൽ ഹരിത ചട്ടം പാലിക്കുന്നതിലും പ്രത്യേക ശ്രദ്ധവയ്ക്കണമെന്നു കളക്ടർ രാഷ്ട്രീയ കക്ഷികളോട് ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കണമെന്നും കളക്ടർ പറഞ്ഞു.

കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ, ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്കു തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച പൊതു നിരീക്ഷകരായ ചന്ദ്രേഷ് കുമാർ യാദവ്, പർനീത് ഷെർഗിൽ, എച്ച്.കെ. ശർമ, ഡോ. നർനവാരെ മനീഷ് ശങ്കർറാവു, എച്ച്. അരുൺ കുമാർ, ഡോ. ശുശീൽ ശർവൻ, പൊലീസ് നിരീക്ഷകരായ സുബ്രത ഗംഗോപാധ്യായ, ശൈലേന്ദ്രകുമാർ സിൻഹ, ജില്ലാ വികസന കമ്മിഷണർ ഡോ. വിനയ് ഗോയൽ, ജില്ലയിലെ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.