മനു എം.ജി
ചെരുപ്പ്
മുന്നേറ്റത്തിന്റെ അടയാളം
കല്ലും മുള്ളും കണ്ടില്ലെന്ന് നടിച്ച്
ചരിത്രം തിരുത്തിയെന്നും ധരിച്ച്
അഹങ്കരിച്ചു നടക്കാം.
ചെരുപ്പിടാതെ
മണ്ണിലും മരത്തിലും
കഴിഞ്ഞുകൂടുന്നവര്‍,
ചരിത്രമൊന്നും തിരുത്തിയില്ലെങ്കിലും
കാറ്റും മഴയും വെയിലും നോക്കിയും
മണ്ണിന് മനസ്സറിഞ്ഞും
പെട്ടു പോകാതെ നടക്കുന്നു.
ഒരു പുഴ നോട്ടത്തില്‍
ഒലിച്ചുപോയ പുരോഗമന വീഥികള്‍
വഴി മുട്ടി മാറി വന്ന പുഴയില്‍
ഒഴുകി നടക്കും വിമാനങ്ങള്‍
ചുരന്നുനിന്ന ഭൂമിയെ
നിരന്നുനിന്നു തുരന്നവര്‍,
കരള്‍പൊട്ടി വന്ന പാച്ചിലില്‍
മണ്ണ് തിന്നുമരിച്ചു.
പെയിത്തുവെള്ളം
തെപ്പിത്തെറിപ്പിച്ച്
പള്ളിക്കൂടത്തില്‍ പോയകാലം
വഴിവക്കിലെ കറണ്ടുകമ്പിയില്‍
നിരന്നിരുന്ന കുരുവികള്‍
എന്നോ നാടുവിട്ടവ
പ്രളയശേഷം
മടിച്ചുവന്ന സൂര്യനോടൊപ്പം
മുറ്റത്തെ തെച്ചിയില്‍ വന്നിരുന്നു.
പെട്ടെന്ന് മനസ്സൊന്നു തുടിച്ചുതൂവി
തെറ്റുകളില്‍ തപിച്ച്
കണ്ണടച്ചൊന്നു തിരിഞ്ഞു നിന്നു
അല്പ്പനേരത്തേക്കുമാത്രം.
ഒലിച്ചുപോയ ചെരുപ്പ് വിട്ട്
പകരം വാങ്ങിയ പുതിയതിട്ട്
ഒന്നും ഓര്‍മ്മയില്ലാത്തപോലെ
പതിവുപോലെ പിന്നെയും.