കാര്‍ത്തിക എസ്
ചുടുകാറ്റിന്‍ ഗന്ധമെങ്ങോ മറഞ്ഞു
ചോന്നമണ്‍കട്ടകളുടഞ്ഞു
മാനം കറുത്തുവിതുമ്പിത്തുളുമ്പി
കൈക്കുമ്പിളിലൊരിത്തിരിത്തണുപ്പേറ്റു
നീരിന്നുയിരറിഞ്ഞു
പിന്നെ
പതുക്കെപ്പതുക്കെ
അശ്രുകണം പോലൊലിച്ചു തുള്ളികള്‍
കരിഞ്ഞ മേഘപടലമലറിയലറിക്കരഞ്ഞു
നിര്‍ദ്ദയലോകത്തെയൂഴിയിലാഴ്ത്താന്‍
കലങ്ങിക്കുലുങ്ങി നുരഞ്ഞും പതഞ്ഞും
ഇതെങ്ങോട്ടിത്ര തിടുക്കത്തില്‍
കുതിക്കുന്നരശ്വരഥം കണക്കെ
പാലമൊലിച്ചും,പാത പറിച്ചും
ഇത്ര തിടുക്കത്തിലെങ്ങോട്ടേക്കു നീ
പൊളിഞ്ഞൊരീയോലക്കുടിലില്‍
പുകയൊന്നു പൊങ്ങിയില്ല.
പതുങ്ങിയ വാര്‍ദ്ധക്യം പാതിമയക്കമായി
കൊക്കു വിടര്‍ത്തി തേങ്ങി മന്ത്രിച്ചു.
മരക്കൊമ്പിലെ കിളിക്കൂട്ടവും
എന്തൊരു ലോകം!
ഹാ പ്രകൃതീശ്വരിയുടെ നാദമോ
കൊക്കുരുമ്മി കൂട്ടിനിരുളിലിരിക്കാം
ഇത്തിരി വെട്ടമീയിരുളില്‍പ്പതിക്കില്‍
പക്ഷവും നനവാറ്റിദൂരെക്കുതിക്കാം.
പിന്നെയും പിന്നെയും
കലിതുള്ളി നില്ക്കുന്ന
കാലവര്‍ഷത്തിന്റെ ഗര്‍ജ്ജനങ്ങള്‍
പേമാരി തന്നുടെ പേക്കൂത്തു കാണുമ്പോള്‍
ഒരുനേരമിന്നു ഞാനോര്‍ത്തു
കലപിലക്കൂട്ടുന്ന കുയിലിന്റെ തേങ്ങല്‍
മഴയിലൊലിച്ചൊരീ കാട്ടാനകുട്ടിയും
പാറകണക്കൊരു കാഴ്ചയായി
വയലിന്റെ വിരിമാറില്‍ ചരല്‍പോലെ വീഴുന്ന
ജലകണമൊരു ലീലയായി മാറി
ഇരുളുന്ന രാത്രിതന്‍
ചോരും തണുപ്പില്‍
പുകപോലെ ഞാനുമിരുന്നുപോയി
വെറുമൊരു പുകപോലെ
ഞാനിന്നിരുന്നുപോയി.