കേരളത്തെ കാശ്മീരാക്കാന്‍ ശ്രമം: ജാം യാങ് സെറിംഗ് നങ്യാല്‍

703
0

തിരുവനന്തപുരം: തീവ്ര മതമൗലികവാദികളും ഇടതുപക്ഷവും ചേര്‍ന്ന് ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കേരളത്തെ കാശ്മീരാക്കാന്‍ ശ്രമിക്കുന്നതായി ലഡാക് ബിജെപി അധ്യക്ഷന്‍ ജാം യാങ് സെറിംഗ് നങ്യാല്‍ എംപി. എന്‍ഡിഎ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ പുനഃസൃഷ്ടിച്ച് ദൈവത്തിന്റെ നാടാക്കി മാറ്റുക എന്നതാണ് എന്‍ഡിഎ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് കേസില്‍ പെടുന്നത്. സ്പീക്കറും അരഡസന്‍ മന്ത്രിമാരും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തെ കോവിഡ് രോഗികളില്‍ 40 ശതമാനവും കേരളത്തിലാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഒന്നും ചെയ്യാതെ രോഗം ഭേദമാകുന്നവരുടെ കണക്കാണ് സര്‍ക്കാര്‍ നിരത്തുന്നത്.
കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. ക്രമസമാധാനനില പാടേ തകര്‍ന്നു. വാളയാര്‍ കേസ് അട്ടിമറിച്ചു. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 32 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. പിഎസ്‌സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം യഥേഷ്ടം നടക്കുന്നു. പിഎസ്‌സി പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ച അനു എന്ന യുവാവ് ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടായി.
മുന്‍ യുപിഎ സര്‍ക്കാര്‍ നല്‍കാതിരുന്ന നിരവധി ആനുകൂല്യങ്ങളാണ് മോദിസര്‍ക്കാര്‍ കേരളത്തിന് നല്‍കുന്നത്. കേരളത്തിന്റെ ദേശീയപാതകളുടെ വികസനത്തിനായി 65,000 കോടിരൂപയാണ് നല്‍കിയത്. ഇപ്പോഴത്തെ ബജറ്റില്‍ കൊച്ചി മെട്രോക്കായി 1957 കോടിരൂപ നീക്കിവച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി 12,544 കോടിരൂപയും ദുരന്തനിവാരണത്തിന് 1738 കോടിരൂപയും ആരോഗ്യമേഖലയ്ക്ക് 607 കോടിരൂപയും നീതിന്യായ വകുപ്പിന് 405 കോടിരൂപയും ഉന്നതവിദ്യാഭ്യാസരംഗത്തിന് 181 കോടിരൂപയും കൃഷിക്കായി 1856 കോടിരൂപയും സ്ഥിതിവിവര സമാഹരണത്തിന് 20 കോടിരൂപയും പ്രത്യേക സഹായമായി 1,100 കോടിരൂപയും അനുവദിച്ചു. 47 വര്‍ഷം കോള്‍ഡ് സ്‌റ്റോറേജിലിരുന്ന ആലപ്പുഴ ബൈപ്പാസ് യാഥാര്‍ഥ്യമാക്കി. കേന്ദ്രം നല്‍കുന്ന ധനസഹായം പലപ്പോഴും സംസ്ഥാനസര്‍ക്കാര്‍ വിനിയോഗിക്കുന്നില്ല. ധാരാളം കേന്ദ്രപദ്ധതികളെ പേരുമാറ്റി സംസ്ഥാനത്തിന്റേതാക്കി നടപ്പാക്കുന്നു. ഇത് തരംതാണ രാഷ്ട്രീയമാണ്.
ലോകത്താകമാനം തകര്‍ന്ന തത്ത്വശാസ്ത്രമാണ് കമ്മ്യൂണിസം. ഇവിടെയും അതുതന്നെ സംഭവിക്കും.
ആത്മനിര്‍ഭര്‍ ഭാരതിലൂടെ ഭാരതം കുതിക്കുകയാണ്, 42 രാജ്യങ്ങള്‍ക്കായി ഭാരതം കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ ഏറ്റവും അവഗണിക്കപ്പെട്ട പ്രദേശമായിരുന്നു ലഡാക്. മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം എല്ലാ രംഗവും പുരോഗതിയുടെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.