പാമ്പുകള്‍ക്ക് വളരെ വലിയ ഇരകളെയും വിഴുങ്ങാന്‍ സാധിക്കുന്നതെന്തുകൊണ്ട്?

336
0

ഇര വിഴുങ്ങാനുള്ള കഴിവ് പാമ്പുകളുടെ ഒരു സവിശേഷതയാണ്. പാമ്പുകള്‍ക്ക് അവയുടെ അനേകം ഇരട്ടി വലിപ്പമുള്ള ഇരകളെ വിഴുങ്ങാന്‍ സാധിക്കും.
ഒരിക്കല്‍ ഇര വിഴുങ്ങിക്കഴിഞ്ഞാല്‍ മാസങ്ങളോളം ആഹാരമില്ലാതെ കഴിയാനും പാമ്പിന് കഴിയും സ്വന്തം ശരീരത്തിന്റെ പകുതിയോളം ഭാരമുള്ള ഇരകളെവരെ പാമ്പിന് വിഴുങ്ങാന്‍ സാധിക്കും.
പാമ്പിന്റെ ശാരീരിക പ്രത്യേകതകളാണ് ഇങ്ങനെ ഇരവിഴുങ്ങാന്‍ സഹായിക്കുന്നത്. ത്വക്കിന്റെയും മാംസപേശികളുടേയും ഇലാസ്തികത വളരെ ചലന സ്വാതന്ത്ര്യം ലഭിക്കത്തക്ക വണ്ണം ഘടിപ്പിച്ചിട്ടുള്ള താടിയെല്ലുകള്‍ എന്നിവ പാമ്പിന് കിട്ടിയിട്ടുള്ള അനുഗ്രഹങ്ങളാണ്.
വലിപ്പമുള്ള ഇരയെ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം വികസിക്കാനുള്ള കഴിവ് പാമ്പിന്റെ ആമാശയത്തിനുണ്ട്. അകത്തേക്ക് വളഞ്ഞുകിടക്കുന്ന കൂര്‍ത്ത പല്ലുകള്‍ വായ്ക്കുള്ളിലകപ്പെട്ട ഇര പുറത്തേക്ക് രക്ഷപ്പെടാതെ നോക്കുന്നു. ഇര രക്ഷപ്പെടാനുള്ള വെപ്രാളംകാണിക്കുന്തോറും പല്ലുകള്‍ കൂടുതല്‍ താ ഴ്ന്നിറങ്ങുന്നു. പിന്നീട് താടിയെല്ലുകള്‍ മുന്നോട്ടു ചലിപ്പിച്ച് ഇരയുടെ മേലുള്ള പിടി ഒന്നുകൂടി മുറുക്കും.
പാമ്പിന്റെ കീഴ്ത്താടിയിലും മേല്‍ത്താടിയിലും രണ്ട് പല്ലുകള്‍ വീതം ഉണ്ട്. ഇവ ഓരോന്നിനെയും സ്വതന്ത്ര്യമായി ചലിപ്പിക്കാന്‍ പറ്റും. അക്ഷരാര്‍ത്ഥത്തില്‍ വായ്ക്കുള്ളിലായ ഇരയുടെ ദേഹത്തിലൂടെ സ്വന്തം ശരീരത്തെ മുന്നോട്ടു തള്ളുകയാണ് പാമ്പ് ചെയ്യുന്നത്. തലയണയുറ തലയണക്കുപുറമെ കൂടി വലിച്ചിറക്കുന്നതുപോലെ. ഇരവിഴുങ്ങല്‍ സമയത്ത് ധാരാളമായി ഉത്പാദിപ്പിക്കുന്ന ഉമിനീര്‍ ഈ പ്രക്രിയ എളുപ്പമുള്ളതാക്കിത്തീര്‍ക്കുന്നു.
ഇര വളരെ വലുതാണെങ്കില്‍ കീഴ്ത്താടിയിലെ രണ്ടെല്ലുകളും മുന്നില്‍ വേര്‍പെടുത്തി പാമ്പ് വായുടെ വിസ്താരം കൂട്ടുന്നു. ഇതുപോലെ തലയിലെ മറ്റ് എല്ലുകളുമായി ബലമായി ഘടിപ്പിച്ചിട്ടില്ലാത്ത കീഴ്ത്താടിയെല്ലുകള്‍ സ്വതന്ത്ര്യമായി ഏറെ മുന്നോട്ടു ചലിപ്പിക്കാന്‍ പറ്റും. തൊണ്ടയിലെ ശക്തിയേറിയ മാംസപേശികളുടെ ചലനം ഇരയെ അകത്തേക്ക് തള്ളാന്‍ സഹായിക്കുന്നു.
ഏറെ വലിപ്പമുള്ള ഇരകളെ വിഴുങ്ങിക്കഴിഞ്ഞാല്‍ ഭാരക്കൂടുതല്‍ കാരണം പാമ്പിന് ഇഴയാന്‍ പറ്റാതെ വരും. അപ്പോള്‍ ഇര ദഹിച്ചുകിട്ടുന്നതുവരെ ദിവസങ്ങളോളം ഒരിടത്ത് അനങ്ങാതെ കിടക്കാന്‍ അത് നിര്‍ബന്ധിതമാകുന്നു. പാമ്പുകളെ സംബന്ധിച്ചിടത്തോളം വളരെയേറെ അപകടസാധ്യതയുള്ള സമയമാണിത്. ഉപദ്രവം പ്രധാനമായും മനുഷ്യനില്‍ നിന്നുതന്നെയാണ്.
ഇരവിഴുങ്ങി ഇഴയാന്‍ വയ്യാതെ നിസ്സഹായരായി കിടക്കുന്ന പെരുമ്പാമ്പുകളെ ഉപദ്രവിച്ചാല്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കു ശേഷമായാല്‍ പോലും അവ ഇരയെ ഛര്‍ദ്ദിച്ചു കളഞ്ഞേക്കാം. ഉത്തര്‍പ്രദേശിലെ കോര്‍ബറ്റ് ദേശീയോദ്യാനത്തില്‍ ഒരു പെരുമ്പാമ്പ് രണ്ടു ദിവസങ്ങള്‍ക്കുമുമ്പ് താന്‍ വിഴുങ്ങിയ ഒരു പുള്ളിമാനിനെ ഇങ്ങനെ ഛര്‍ദ്ദിച്ചു കളയുകയുണ്ടായി.