സുല്‍ത്താന്‍ബത്തേരി: കാസര്‍ഗോഡ് നിന്ന് ഏഴു കോടിയോളം രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ സൂക്ഷിച്ച കേസില്‍ ഒളിവില്‍ പോയ രണ്ടുപേരെ ബത്തേരി പൊലീസ് സാഹസികമായി പിടികൂടി. കാസര്‍ഗോഡ് പെരിയ സ്വദേശികളായ സി.എച്ച് ഹൗസ് അബ്ദുള്‍ റസാഖ്(49), പരണ്ടാനം വീട്ടില്‍ സുലൈമാന്‍(52) എന്നിവരെയാണ് ബത്തേരി ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ബത്തേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ അമ്പലത്തറ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണ് ഇവര്‍. ബേളൂര്‍ വില്ലേജില്‍ ഗുരുപുരം എന്ന സ്ഥലത്ത് വാടകക്കെടുത്ത വീട്ടില്‍ സൂക്ഷിച്ചിരുന്ന വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ ഇക്കഴിഞ്ഞ 20-ന് രാത്രിയാണ് പൊലീസ് കണ്ടെടുക്കുന്നത്. ഇവരെ ബത്തേരി പൊലീസ് അമ്പലത്തറ പൊലീസിന് വിട്ടുനല്‍കും. എസ്.ഐ സാബു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം.എസ്. ഷാന്‍, കെ. അജ്മല്‍, പി.എസ്. നിയാദ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.