ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനൊപ്പം വോട്ടെടുപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദ്വേഷ പ്രസംഗം പാടില്ലെന്ന് രാഷ്ട്രീയക്കാര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മുന്നറിയിപ്പ് നല്‍കി. സ്വകാര്യ ജീവിതത്തെ വിമര്‍ശിച്ചുകൊണ്ട് പ്രസംഗിക്കരുത്, ജാതിയുടെയോ മതത്തിന്‍റെയോ പേരില്‍ വോട്ട് പിടിക്കരുത്, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രചാരണം പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കി. പരസ്യം വാര്‍ത്തയായി നല്‍കരുതെന്നും സമൂഹമാധ്യമങ്ങളിലൂടെ എതിരാളികളെ അവഹേളിക്കരുതെന്നും താരപ്രചാരകര്‍ മര്യാദയുടെ സീമ ലംഘിക്കരുതെന്നും കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും രാജീവ് കുമാര്‍ നിര്‍ദേശിച്ചു. ചട്ടലംഘനം ആവർത്തിക്കുന്നവർക്കുള്ള ശിക്ഷ താക്കീതില്‍ ഒതുങ്ങില്ലെന്ന മുന്നറിയിപ്പും തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കി.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെയും മറ്റ് മീഡിയ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നല്‍കി. വ്യാജവാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളിലും നടപടിയുണ്ടാകുമെന്നാണ് അറിയിപ്പ്. ഇത്തരത്തിലുള്ള വാര്‍ത്തകളിലൂടെയോ പ്രചാരണങ്ങളിലൂടെയോ സമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാകാൻ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കമ്മീഷൻ മുന്നറിയിപ്പ് നല്‍കിയ വിഷയങ്ങളില്‍ വീഴ്ചയുണ്ടായാല്‍ കടുത്ത നടപടി നേരിടേണ്ടി വരും.