തിരുവനന്തപുരം: എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല ഓംബുഡ്സ്മാനെ നിയമിച്ചത് ചട്ടപ്രകാരമല്ലെന്ന പരാതി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് സാങ്കേതിക സർവകലാശാല പത്രക്കുറിപ്പിൽ പറഞ്ഞു.
സർവ്വകലാശാല ഓമ്പുഡ്സ്മാൻ നിയമനം പൂർണമായും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു ജി സി) റെഗുലേഷൻ പ്രകാരമാണ് നടന്നിട്ടുള്ളത്. 2023 ഏപ്രിൽ 11 ന് UGC പുറപ്പെടുവിച്ചിട്ടുള്ള റെഗുലേഷനിൽ സർവകലാശാല നിയമിക്കുന്ന ഒമ്പുഡ്സ്മാൻ എഴുപത് വയസു തികയാത്ത ഒരു മുൻ വൈസ് ചാൻസിലറോ അല്ലെങ്കിൽ 10 വർഷം സർവീസ് ഉള്ള റിട്ടയർ ചെയ്ത പ്രൊഫസറോ മുൻ ജില്ലാ ജഡ്ജിയോ ആകണം എന്നാണ് വ്യവസ്ഥ. മൂന്ന് വർഷ കാലയളവിലേക്കാണ് ഓംബുഡ്സ്മാൻ നിയമിക്കപ്പെടുന്നത്.
ഓംബുഡ്സ്മാൻറെ നിയമനാധികാരം സർവ്വകലാശാലയ്ക്കാണെന്നും ഈ റെഗുലേഷനിൽ വ്യവസ്ഥ ചെയ്യുന്നു. നിയമിക്കപ്പെടുന്ന വ്യക്തിക്കോ കുടുംബാംഗങ്ങൾക്കോ സർവ്വകലാശാലയുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കരുതെന്നും റെഗുലേഷനിൽ നിഷ്കര്ഷിച്ചിട്ടുണ്ട്.
വിദ്യാർത്ഥി പരിഹാരസമിതിയുടെ തീരുമാനങ്ങളിലുള്ള അപ്പീൽ അതോറിറ്റി ആയ ഒമ്പുഡ്സ്മാൻ മുഴുവൻ സമയ ഉദ്യോഗസ്ഥനല്ല എന്നും റെഗുലേഷൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സാങ്കേതിക സർവകലാശാലയിൽ ഈ നിയമനം അടിയന്തിരമായി നടത്തുവാൻ ലോകയുക്ത ഉത്തരവും നൽകിയിട്ടുള്ളതാണ്.
വസ്തുത ഇതായിരിക്കെ കാലഹരണപ്പെട്ട യു ജി സി റെഗുലേഷൻ ഉദ്ധരിച്ചു കൊണ്ട് അക്കാദമിക സമൂഹത്തെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുവാനുള്ള ചിലരുടെ ശ്രമം അപലപനീയമാണെന്നും സർവകലാശാല പത്രക്കുറിപ്പിൽ പറഞ്ഞു.