എം. വിന്‍സന്റിന്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി

44
0

ബഹു. കുട്ടനാട് എം.എല്‍.എ. തോമസ് കെ തോമസിന്റെ ഡ്രൈവറായി ജോലി ചെയ്തുവന്ന വ്യക്തിയെ സ്വാധീനിച്ച് റജി ചെറിയാന്‍ എന്നയാള്‍ എം.എല്‍.എ.യെ അപായപ്പെടുത്തുവാനും കള്ളക്കേസില്‍ കുടുക്കുവാനും പദ്ധതിയിട്ടിരുന്നതായി പറയുന്ന പരാതി 07.08.2023 ന് സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചിട്ടുണ്ട്. അത് അന്വേഷത്തിനായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മുഖാന്തിരം ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് അയച്ചു. അതിന്മേല്‍ അമ്പലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.

മുന്‍പ് എം.എല്‍.എ നല്‍കിയ പരാതിയെ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിയതില്‍ പോലീസിന്റെ ഭാഗത്ത് തുടര്‍നടപടി ആവശ്യമില്ലായെന്ന തീരുമാനത്തിലെത്തിച്ചേര്‍ന്നു എന്നതാണ് ലഭ്യമായിട്ടുള്ള വിവരം.

കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും കേരളാ പോലീസ് രാജ്യത്തിനു മാതൃകയാണ്. കൃത്യമായ ക്രമസമാധാനപാലന ശേഷി, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുളള മികവ്, ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും കണ്ടെത്തി തടയുന്നതിലുള്ള ആര്‍ജ്ജവം എന്നിവയെല്ലാം ഇന്നത്തെ കേരളാ പോലീസിന്റെ പ്രത്യേകതകളാണ്.

തെളിയിക്കപ്പെടില്ലെന്ന് കരുതിയ പല കേസുകളും തെളിയിക്കാനും പോലീസിനു ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. കുറ്റകൃത്യം ചെയ്യുന്നവര്‍ രക്ഷപ്പെടില്ല എന്ന് ഉറപ്പാവുന്ന അവസ്ഥയുണ്ടാക്കാന്‍ കഴിഞ്ഞു.

ബഹു. എം.എല്‍.എ. നല്‍കിയ പരാതി പരിശോധിച്ച് അന്വേഷണം നടത്തി ആവശ്യമായ നിയമനടപടി കൈക്കൊള്ളുന്നതിനും, എം.എല്‍.എയ്ക്ക് വേണ്ട സുരക്ഷയൊരുക്കുന്നതിനും പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.