തലസ്ഥാനമാറ്റ വിവാദം തള്ളി യു ഡി ഫ് നേതാക്കൾ

45
0

തലസ്ഥാനമാറ്റ വിവാദം തള്ളി യു ഡി ഫ് നേതാക്കൾ : പാർട്ടിയിലും മുന്നണിയിലും, പൊതു സമൂഹത്തിലും പിന്തുണ കിട്ടാതെ ഹൈബി ഒറ്റപ്പെട്ടു

കൊച്ചി: കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍ എംപിയുടെ ആവശ്യത്തിനെതിരെ യുഡിഎഫ് നേതാക്കള്‍ രംഗത്ത്. ഹൈബിയുടെ സ്വകാര്യ ബില്ലിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ശബരിനാഥന്‍, മുൻ എം.എൽ.എ മോഹൻ കുമാർ ആര്‍എസ്പി നേതാവും എംപിയുമായ എന്‍കെ പ്രേമചന്ദ്രന്‍, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ എന്നിവര്‍ രംഗത്തെത്തി. ഒരു ചെറുപ്പക്കാരന്റെ തോന്നല്‍ മാത്രമാണെന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം. തലസ്ഥാനത്തെ സംബന്ധിക്കുന്ന ചര്‍ച്ച ഇപ്പോള്‍ അനാവശ്യമാണ്. തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമായതിനു പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. ഗൗരവമുള്ള മറ്റു ഒട്ടേറെ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ മാത്രമേ ഈ ചര്‍ച്ച ഉപകരിക്കൂവെന്നാണ് കെഎസ് ശബരീനാഥന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
ഒരു ചെറുപ്പക്കാരന്റെ തോന്നല്‍ മാത്രമാണെന്നാണ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ പ്രതികരണം. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്യുന്നതാണ് മര്യാദയെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഇത്തരം ചര്‍ച്ച തന്നെ ഗുണകരമല്ലെന്നാണ് എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ പ്രതികരണം. ഹൈബിയുടെ നിര്‍ദേശത്തെ സര്‍ക്കാര്‍ എതിര്‍ത്തെന്ന റിപ്പോര്‍ട്ടുകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. നിര്‍ദേശം അപ്രായോഗികമാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സംസ്ഥാന രൂപീകരണം മുതല്‍ തിരുവനന്തപുരമാണ് തലസ്ഥാനം, ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഒരു കാരണവുമില്ലാതെ തലസ്ഥാന നഗരം മാറ്റുമ്പോള്‍ സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.