എംവി ഗോവിന്ദന് ഒട്ടകപക്ഷിയുടെ സമീപനം :വി.മുരളീധരൻ

60
0

മുഖ്യമന്ത്രിയുമായുള്ള വിഷയങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കാതെയുള്ള ഒളിച്ചുകളിക്ക് അവസാനമുണ്ടാകണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥർക്ക് പിണരായി വിജയൻ പ്രതിക്കൂട്ടിലാകുന്ന അവസരങ്ങളിൽ അന്വേഷണത്തിന് ഭയമാണ്. ജനങ്ങളെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി തയാറാകണമെന്നും എന്തിനാണ് ഭയപ്പാടെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ചോദിച്ചു. മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന എംവി ഗോവിന്ദൻ ഒട്ടകപക്ഷിയുടെ സമീപനമാണ് സ്വീകരിക്കുന്നത്. തല മണ്ണിനകത്ത് പൂഴ്ത്തി എല്ലാവർക്കും ഇരുട്ടല്ലേ എന്ന് ചോദിക്കരുത്. കണ്ണ് തുറന്ന് വസ്തുതകളെ പഠിച്ച് പ്രതികരണമുണ്ടാകണം. സ്വർണക്കടത്ത് എന്തായി എന്ന് ചോദിക്കുന്നവർ എം ശിവശങ്കർ ഇപ്പോഴും അകത്താണെന്ന് മനസിലാക്കാണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഏകസിവിൽകോഡിൽ സിപിഎം അടക്കമുള്ളവരുടെ കുപ്രചാരണങ്ങളിൽ മുസ്ലീം സമുദായം വീണുപോകരുത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല നടപടികളെന്നും ഭരണഘടനയാണ് മാനദണ്ഡമെന്നും വി.മുരളീധരൻ പറഞ്ഞു. ഭരണഘടനാ ശിൽപ്പികൾ തെരഞ്ഞെടുപ്പ് കണ്ടാണോ ഇതെല്ലാം എഴുതിയുണ്ടാക്കിയതെന്നും മന്ത്രി ചോദിച്ചു. സിവിൽകോഡിൽ ചർച്ചകളേ വേണ്ടെന്ന നിലപാട് അംഗീകരിക്കാനാകില്ല. വിഷയം പൊതുജനത്തിന് മുന്നിലാണ് ബിജെപി വക്കുന്നത്. ചർച്ചകളെ ഭയപ്പെടാതെ സ്വാഗതം ചെയ്യണമെന്നും മന്ത്രി പ്രതികരിച്ചു