വിമൂക വീഥികൾ

145
0

വിനീത് വിശ്വദേവ്

വിജനമാം വീഥിയിലൂടെ
ഞാൻ നടന്നു
വിളികൾ കേൾക്കാതെ
പിൻവിളികൾ കേൾക്കാതെ .

വിദൂരമീ യാത്രയെന്നറിഞ്ഞിട്ടും
വിമൂകതയിലാണ്ടൊരു
യാത്രയിലേക്കു ഞാൻ നടന്നു .

കാലമാം വഹ്നിയിൽ
കാലിടറാതെ നടന്നവരുണ്ടോ ?
കാതങ്ങൾ താണ്ടി
കയങ്ങൾ കരയേറിക്കടന്നവരുണ്ടോ ?

കാനന വീഥികൾ
കുത്തിനോവിക്കുന്ന
കൂർത്തമുള്ളിനാലെൻ
പാദതലങ്ങളെ .

രാത്രിയുടെ ലാളനയ്ക്കായി
തുണതേടിയെത്തിയ
പകൽ മാന്യമാർജ്ജാരവൃന്ദവും .

പ്രണയഭാവം നടിക്കുന്നുവൻ
മാംസദാഹത്തിനായി
നിശീഥിനി തൻ മറയിൽ
ജനിക്കുന്നു കാമകേളികളാടുവാൻ.
പിച്ചയേകുന്നു നാണ്യങ്ങൾ
പാപത്തിൻ ഭാണ്ഡം ചുമന്നവൾക്കായി
പകലുകൾ ചൊല്ലി തെളിഞ്ഞു
പതിതയെന്നോതിയവൾക്കായി .

വിമൂകമാം വീഥിയിൽ
വിപത്തുകൾ പാകി കടന്നു പോയി
വികൃതിയാം കാലത്തിൻ
കരാളഹസ്തങ്ങൾ.