അംഗീകൃത സംഘടനകൾ സ്വത്വം നിലനിർത്തിക്കൊണ്ട് സ്ഥാപനത്തേയും തൊഴിലാളികളേയും സംരക്ഷിക്കുന്ന രീതിയിലേക്ക് അതിന്റെ പ്രവർത്തന ശൈലികളിൽ മാറ്റം വരുത്താൻ തയ്യാറാകണമെന്നും കെ എസ് ആർ ടി സിയിൽ കെ എസ് ടി എംപ്ലോയീസ് സംഘ് അതിന് നേതൃത്വം വഹിക്കണമെന്നും ബി എം എസ് നാഷണൽ ഓർഗനൈസിംഗ് സെക്രട്ടറി ബി.സുരേന്ദ്ര ആവശ്യപ്പെട്ടു. കെ എസ് ടി എംപ്ലോയീസ് സംഘിന്റെ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് കരമന ബിഎംഎസ് കാര്യാലയത്തിൽ നടന്ന സംസ്ഥാന പ്രവർത്തകസമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനത്തിന് മെച്ചപ്പെട്ട സർവ്വീസ് നൽകിയും ഇന്ധനക്ഷമത കൂട്ടിയും യാത്രക്കാരെ കൂടുതലായി ആകർഷിച്ചും കെ എസ് ആർ ടി സിയെ ജനോപകാരപ്രദമാക്കുന്ന പ്രവർത്തനത്തിന് ജീവനക്കാരെ സന്നദ്ധമാക്കുന്നതോടൊപ്പം അവരുടെ അവകാശ സംരക്ഷണ പോരാട്ടങ്ങളിൽ നേതൃസ്ഥാനം വഹിക്കാനും എംപ്ലോയീസ് സംഘിന് കഴിയണം. സ്വകാര്യ മേഖലയിലേക്ക് ജനങ്ങളെ ആകർഷിക്കുന്ന കൃത്യമായ സമയക്രമം, ആകർഷകമായ പെരുമാറ്റം, മെച്ചപ്പെട്ട സൗകര്യങ്ങൾ എന്നിവ കെ എസ് ആർ ടി സിയിൽ കാര്യക്ഷമമാക്കുന്നതിനു വേണ്ടി ജീവനക്കാർക്ക് ശരിയായ പരിശീലനം നൽകുന്ന വർക്ക് ഷോപ്പുകൾക്കും സെമിനാറുകൾക്കും കെ എസ് ആർ ടി സിയിൽ തുടക്കം കുറിക്കണം. കെ എസ് ആർ ടി സിയിൽ പുതിയതായി ആരംഭിച്ച സ്വിഫ്റ്റ് സംവിധാനത്തിന്റെ പോരായ്മകൾ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തണം. രാജ്യത്തെ തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമായി 12 മണിക്കൂർ ജോലി സമയം അടിച്ചേൽപ്പിച്ച് ജനങ്ങളുടെ യാത്രാസൗകര്യം നിഷേധിക്കുകയും ജീവനക്കാരന്റെ ആരോഗ്യവും സമ്പത്തും നശിപ്പിക്കുകയും ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾ എംപ്ലോയീസ് സംഘ് ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡൻറ് ജി.കെ.അജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി എം എസ് ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ് സമാരോപ് പ്രഭാഷണം നടത്തി.പ്രശ്‌നങ്ങളിൽ പരിഹാരം കാണാൻ ബി എം എസ് ശ്രമിക്കുന്നത് രാഷ്ട്രീയം നോക്കിയല്ല. സമരത്തിന് വേണ്ടി സമരമെന്നതല്ല ബി എം എസ് നിലപാട് .സംവാദം ,സംഘർഷം എന്ന നിലപാടാണ് ബി എം എസ് തൊഴിൽ വിഷയങ്ങളിൽ സ്വീകരിക്കുന്നത്. എന്നും അദ്ദേഹം പറഞ്ഞു.ഉദാഹരണത്തിന് 2015 ൽ എല്ലാ സംഘടനകളും കേന്ദ്ര സർക്കാരിന് 12 വിഷയങ്ങളടങ്ങിയ നോട്ടീസ് നൽകി സർക്കാർ ഉപസമിതി രൂപീകരിച്ച് ടേഡു യൂണിയനുകളുമായി ചർച്ച നടത്തി 12 ൽ 8 ഡിമാൻ്റും സർക്കാർ അംഗീകരിച്ചു. നാല് ഡിമാൻ്റുകൾ ആശയപരമായതുകൊണ്ട് ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന് ഗവൺമെൻ്റ അറിയിച്ചു .ഈ സാഹചര്യത്തിൽ സെപ്റ്റംബർ 2 ന് തീരുമാനിച്ചിരുന്ന സമരത്തിൽ നിന്നും ബി എം എസ് പിന്മാറി ഇതര സംഘടനകൾ തികഞ്ഞ രാഷ്ട്രീയ താത്പര്യത്തോടെ സമരത്തിന് പോയി എങ്കിലും തൊഴിലാളികൾ സമരം തള്ളിക്കളഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള സർക്കാരായതുകൊണ്ട് മാത്രമല്ല ബി എം എസ് ഈ നിലപാടെടുത്തത് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനോടും കെ എസ് ആർ ടി സി വിഷയത്തിൽ അതേ സമീപനമാണ് സ്വീകരിച്ചത് .12മണിക്കൂർ ഡ്യൂട്ടി സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ മറ്റുള്ളവരെപ്പോലെ എടുത്ത് ചാടി സമരത്തിനല്ല, മറിച്ച് പ്രക്ഷോഭങ്ങളിലൂടെയും ചർച്ചയിലൂടെയും പരിഹരിക്കാനുള്ള ക്രിയാത്മക നിലപാടെടുത്ത് പ്രശ്ന പരിഹാരത്തിനാണ് ബി എം എസ് തീരുമാനിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥനജനറൽ സെക്രട്ടറി കെ.എൽ. രാജേഷ്, വർക്കിംഗ് പ്രസിഡൻറ് എസ്. അജയകുമാർ ട്രഷറർ എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു.സംസ്ഥാന സെക്രട്ടറിമാരായ കെ.എൽ. യമുനാദേവി സ്വാഗതവും ആർ.എൽ.ബിജുകുമാർ നന്ദിയും പറഞ്ഞു.