കത്ത് വിവാദത്തിൽ ആരോപണവിധേയയായ മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോർപറേഷൻ ഓഫീസിനു മുമ്പിൽ നടക്കുന്ന സമരത്തെ പോലീസിനെക്കൊണ്ട് അടിച്ചമർത്താമെന്ന വ്യാമോഹം സി.പി.എം ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം നടന്ന യൂത്ത് കോൺഗ്രസ്സ് മാർച്ചിന് നേരെയും പോലീസ് ബലപ്രയോഗം നടത്തുകയും കണ്ണീർ വാതകഷെൽ പൊട്ടിക്കുകയും ചെയ്തു. ഇന്ന് മഹിളാകോൺഗ്രസ് സമരത്തിന് നേരെയും സമാനമായ നടപടിയാണ് പോലീസിൽ നിന്നുണ്ടായത്.
മേയർക്കും കോർപറേഷനും എതിരെ ജനവികാരം ആളിക്കത്തുകയാണ്. ഹൈക്കോടതി മേയർക്ക് നോട്ടീസ് അയച്ച സാഹചര്യം ഉണ്ടായിട്ടും അവർക്കെതിരെയോ അവരുടെ മൊഴിയുടെ അടിസ്ഥാനത്തിലോ കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറാകാത്ത പോലീസ് ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും ജനകീയ സമരത്തെ പരാജചയപെടുത്താൻ ശ്രമിച്ചാൽ ശക്തമായ ചെറുത്തുനിൽപ്പുണ്ടാകുമെന്ന് പാലോട് രവി മുന്നറിയിപ്പ് നൽകി. മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തുന്ന സമരം ശക്തമായി തന്നെ മുന്നോട്ടു പോകും.
നാളെ നഗരസഭക്ക് മുമ്പിൽ കോവളം നിയോജകമണ്ഡലത്തിലെ പ്രവർത്തകർ നടത്തുന്ന സത്യഗ്രഹം സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി ജോൺ നേതൃത്വം നൽകും. ഇന്ന് മണ്ഡലങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തി. 12 ആം തീയതി 100 വാർഡുകളിലും സായാഹ്ന ധർണ്ണ നടത്തും. നവം. 14 ന് തിരുവനന്തപുരം നിയോജകമണ്ഡലങ്ങളിലെ യു.ഡി.എഫ് പ്രവർത്തകർ സത്യഗ്രഹം നടത്തും.
മേയർക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ പാർട്ടി ഗുണ്ടകൾ ക്രൂരമായി മർദിച്ചത് നോക്കി നിന്ന മേയർ കൂടുതൽ പ്രതിഷേധങ്ങൾക്ക് സാക്ഷിയാകേണ്ടിവരുമെന്നും ഡിസിസി പ്രസിഡന്റ് പാലോട് രവി മുന്നറിയിപ്പ് നൽകി.