തിരുവനന്തപുരം കോർപ്പറേഷനിലെ കരാർ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നിയമനത്തിന് പാർട്ടി ബന്ധമുള്ളവരെ ആവശ്യപ്പെട്ട് മേയർ, സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയ വിഷയം ഗുരുതരമാണെന്നും ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് ഹർജിയിലെ ആവശ്യം. തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലർ ജിഎസ് ശ്രീകുമാറാണ് ഹർജി നൽകിയത്.
രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങൾ കോർപ്പറേഷനിൽ നടന്നതായി ഹർജിക്കാരൻ ആരോപിക്കുന്നു. നിയമനത്തിന് ആളെ ആവശ്യപ്പെട്ട് പാർട്ടി ജില്ലാ സെക്രട്ടറിക്ക് മേയർ കത്തയച്ചത് സ്വജനപക്ഷപാതമാണ്. മേയറുടെ ഭാഗത്ത് നിന്നും സത്യപ്രതിജ്ഞാ ലംഘനം നടന്നുവെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.